2014, ഒക്‌ടോബർ 9, വ്യാഴാഴ്‌ച

അമ്മയോടൊപ്പം......


സണ്‍ബീം ബാറിലെ അരണ്ട വെളിച്ചം ...കാലിയായ ബിയര്‍ ബോട്ടിലിലെ കുമിളകള്‍ പോട്ടിയടരുന്നതു  നോക്കിയിരിക്കുവാന്‍ ഒരു രസമുന്ടെന്നു തോന്നി.എങ്കിലും മനസ് അസ്വസ്ഥമായിരുന്നു . അമ്മക്ക് കൊടുത്ത വാക്ക് വീണ്ടും തെറ്റി ..ബിയര്‍ ആണെങ്കിലും കുടിക്കില്ല എന്ന വാക്ക് .പാവം വിഷമിക്കും അറിഞ്ഞാല്‍  അറിയില്ല എന്ന ഉറപ്പാണല്ലോ ഒറ്റക്കാണെന്കില്‍ കൂടി ഈ ബാറിലെ അരണ്ട വെളിച്ചത്തിലേയ്ക്കു നയിച്ചത് .സമയം ഒന്‍പതു ആകുന്നു... അര മണിക്കൂര്‍ കൂടിയുണ്ട് ബസ്‌ പുറപ്പെടാന്‍ .ആദ്യമായല്ല ഈ  ബാന്ഗ്ലൂര്‍  യാത്ര.എന്നിട്ടും ആദ്യമായി പോകും പോലെ..അങ്കലാപ്പ് മൂടിപ്പിടിചിരിക്കുന്നു .പോകേണ്ട സ്ഥലം, കാണണ്ട ആള്‍ക്കാര്‍ .വല്ലാത്ത ഒരു ഭയം.പന്ത്രണ്ടു  വര്‍ഷങ്ങള്‍ക്കു മുന്‍പ് അമ്മയോടൊപ്പം അവിടെ നിന്ന് തിരിച്ചു പോരുമ്പോള്‍ മനസ് പറഞ്ഞ അതെ ഭയം. ആ ഗ്ലാസ്‌ കാലിയാക്കുംപോള്‍ അറിയാതെ അമ്മയോട് മാപ്പു പറഞ്ഞു .കൊടുത്ത ടിപ്പിന്റെ സന്തോഷം ആ   ബെയറര്‍ കാണിച്ചത്  നിറഞ്ഞ നന്ദിയുള്ള ഒരു ചിരിയിലൂടെ .എന്തോ തിരിച്ചൊന്നു ചിരിക്കാമായിരുന്നു എന്ന് പിന്നീട് തോന്നി .ട്രാവല്‍ ഏജന്‍സിയില്‍ നിന്നും കൈപ്പറ്റിയ ടിക്കറ്റുമായി ബസിലേക്ക് നടക്കുമ്പോള്‍ ആദ്യമായി ഒറ്റയ്ക്ക്  യാത്ര പോകുന്ന കുട്ടിയുടെ മനസായിരുന്നുവോ.അറിയില്ല.അല്ലെങ്കിലും ആദ്യമായി ഒരു ദൂരയാത്ര .

ബസിന്റെ സ്ടാര്‍റ്റിംഗ് പോയന്റ് ആണ് തിരുവനന്തപുരം .ആകെ ഉണ്ടായിരുന്നത്  നാലോ അഞ്ചോ  പേര്‍ .ടിക്കറ്റില്‍ ഉണ്ടായിരുന്ന സീറ്റിലെക്കമരുമ്പോള്‍ മനസ് തുടി കൊട്ടുവാന്‍ തുടങ്ങിയിരുന്നു .അടുത്ത ദിവസം ഏകദേശം  ഇതേ സമയം ബാന്ഗ്ലൂരില്‍ .അഡ്രെസ്സ് പഴയത് തന്നെയോ അറിയില്ല .അതാവണം പിന്നെ കൂട്ടിനുള്ളത് ഒരു ഫോണ്‍ നമ്പര്‍ .സദാനന്ദപ്പണിക്കരുടെ നമ്പര്‍ .അവിടെ ചെന്നിട്ട് വിളിക്കാം എന്നുറച്ചു .ആരാവും എടുക്കുക.അയാളായിരിക്കുമോ.ആണെന്കില്‍ എന്ത് പറയും ആരാണെന്ന് പറയും.അച്ഛന്‍ എന്ന് വിളിക്കാന്‍ മനസ് പറയുന്നതേയില്ല.അച്ഛന്‍ എന്ന് വിളിച്ചാല്‍ ചിലപ്പോള്‍ അപ്പോളെ ഫോണ്‍ കട്ട്‌ ചെയ്താലോ .ചിന്തകള്‍ മനസ്സില്‍ കാട് കയറുമ്പോള്‍ ഹോണ്‍ മുഴക്കി ബസ്‌ യാത്ര തുടങ്ങിയിരുന്നു .നാഷണല്‍ ഹൈവേയുടെ നെഞ്ചിലൂടെ സ്പീഡ്‌ കൂടും തോറും മനസ് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു ..സംസാരിക്കുവാന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ചിന്തകളില്‍ നിന്നും ഒളിച്ചോടാന്‍ കഴിഞ്ഞേനെ .അച്ഛന്‍ എന്ന വാക്കിനെ വെറുക്കുവാന്‍ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല .അതാണല്ലോ തന്റെ ദൌര്‍ബല്യം .അമ്മയോട് അറിയാതെ ദേഷ്യം തോന്നി.അമ്മാ..അമ്മയാണ് ഇതിനു കാരണം.ജീവനേക്കാള്‍ കൂടുതല്‍ അച്ഛനെ വെറുത്തു അമ്മ ..എന്നിട്ടും ഞാന്‍ അയാളെ ഒന്ന്  കുറ്റപ്പെടുത്താന്‍ പോലും സമ്മതിച്ചിട്ടില്ല .                    '

''ജന്മം തന്നവനെ വെറുക്കുവാന്‍ അയാള്‍ നിന്നെ തള്ളിപ്പറഞ്ഞിട്ടില്ല .ഒറ്റക്കാവാണ്ടിരിക്കാന്‍ നിന്നെ അയാളില്‍ നിന്നും ഞാന്‍ പറിചെടുതതാണ്.നിനക്ക് വേണ്ടി അയാള്‍ അയച്ചിരുന്ന പണം വേണ്ടെന്നു വെച്ചത് എന്റെ ദുരഭിമാനം .അന്ന് അത് കൈപ്പറ്റിയിരുന്നെന്കില്‍ എന്റെ മോനെ നന്നായി പഠിപ്പിക്കുവാന്‍ അമ്മക്ക് കഴിയുമാരുന്നു .നിന്റെ വഴികള്‍ തെറ്റിപ്പോകുന്നത് നോക്കി നില്‍ക്കാന്‍ മാത്രമാണ് ഇന്ന് എന്റെ വിധി .അമ്മയെ മോന്‍  വെറുത്തോളൂ .നല്ലൊരു ജീവിതം നിഷേധിച്ചതിന് .എങ്കിലും അച്ഛനെ... അത് വേണ്ട മക്കളെ .''

അമ്മയുടെ വാക്കുകള്‍ ഇപ്പോളും മനസ്സില്‍ മുഴങ്ങുന്നു .അന്ന് അമ്മയോട് എന്തൊക്കെയാണ് പറഞ്ഞത് ..കുറെക്കരഞ്ഞിരുന്നു പാവം..മദ്യത്തിന്റെ ലഹരിയില്‍ പുതിയ കൂട്ടുകെട്ടുകളില്‍ മയങ്ങിയ നാളുകള്‍ .അമ്മയുടെ സങ്കടം അറിഞ്ഞില്ല ..അയല്‍വീടുകളിലെ ജോലി കഴിഞ്ഞു വിയര്തോട്ടിയ ശരീരവുമായി ബാക്കി വരുന്ന ചോറുമെടുത്തു അരവയറുമായി വരുന്ന അമ്മയെ ഓര്‍ത്തില്ല ..എന്തൊക്കെയോ പുലംപിയിട്ടു കട്ടിലിലേക്ക് മറിയുമ്പോള്‍ വാതിലില്‍ നിന്ന് അമ്മ പൊട്ടിക്കരയുന്നത് അവ്യക്തമായി കേട്ടു.
   അടുത്ത പ്രഭാതത്തില്‍ മുറിച്ച ഞരമ്പുകള്‍ കെട്ടി വെച്ച് അമ്മയെയും എടുത്തു കൊണ്ട് ആശുപത്രിയിലേക്ക് ഓടുമ്പോള്‍ ജീവിതത്തില്‍ ആദ്യമായി ദൈവങ്ങളെ ശരണം പ്രാപിച്ചു ..

      ഏതോ ഒരു സ്റ്റോപ്പില്‍ ബസ്‌ നിന്നു.ആള്‍ക്കാരൊക്കെ ചായ കുടിക്കുവാന്‍ പോയിരിക്കുന്നു .ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒന്നുകില്‍ അച്ഛന്റെ ഓര്‍മ്മകള്‍ അല്ലെങ്കില്‍ അമ്മയുടെ .അതാകെ തളര്‍ത്തുന്ന പോലെ തോന്നി.അച്ഛനോട് ഇപ്പോളും എന്താണ് തന്റെ മനസ്സില്‍ എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടിയില്ല.വെറുപ്പോ വൈരാഗ്യമോ ഭയം കലര്‍ന്ന ബഹുമാനമോ..എന്തോ അറിയില്ല .വര്‍ഷങ്ങള്‍ പുറകിലേക്ക് സഞ്ചരിച്ചാല്‍ അച്ഛനെ ആ കാലത്ത് കണ്ടിരുന്നെങ്കില്‍ ചിലപ്പോള്‍ താന്‍ കൊന്നേനെ എന്ന് പോലും  ഓര്‍ത്തു.
കടന്നു വന്ന വഴികളൊക്കെ എന്നോ സുപരിചിതമായത് പോലെ തോന്നി.അതെ .....വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ വഴികളിലൂടെ തിരിച്ചു സഞ്ചരിച്ചിട്ടുണ്ട് .കരഞ്ഞു തളര്‍ന്നിരുന്ന അമ്മയോട് ചേര്‍ന്ന് ഒരു പതിനഞ്ചു  വയസുകാരന്‍ .ഒന്നും അറിയില്ലായിരുന്നു അന്ന് എന്നാല്‍ എല്ലാം അറിയാം താനും.സ്നേഹം മാത്രം നിറഞ്ഞു നിന്നിരുന്ന വീട്ടില്‍ ആലോരസങ്ങള്‍ തുടങ്ങിയ നാളുകള്‍ .അച്ചനെയുംനോക്കി വഴിക്കണ്ണുമായി അമ്മ വാതിലില്‍ ഇരുന്നു നേരം വെളുപ്പിച്ച കാലങ്ങള്‍ .അച്ഛന്‍ കുടിച്ചിട്ട് വീട്ടില്‍ വരാന്‍ തുടങ്ങിയ കാലങ്ങള്‍ .അടി കൊണ്ട് അമ്മ ശബ്ദമുണ്ടാക്കാതെ കരയുന്നത് കേട്ടു റൂമില്‍ കിടന്നു താനും കരഞ്ഞിട്ടുണ്ട് .എവിടെയൊക്കെയോ കേട്ടു അച്ഛന്റെ ഓഫീസിലെ പുതിയ സെക്രട്ടറി അവരോടൊപ്പം ഉള്ള അച്ഛന്റെ പുതിയ ബന്ധം.ഗ്രേസി എന്നോ മറ്റോ ഒരു പേരാണെന്ന് തോന്നുന്നു..വ്യക്തമായി ഇന്നും തനിക്കറിയില്ല .ഒടുവില്‍ എന്നോ ശക്തമായ അമ്മയുടെ പ്രതികരണം ..സഹിച്ചു ജീവിക്കാമെങ്കില്‍ മതിയെന്നും അല്ലെങ്കില്‍ പിരിയാമെന്നുമുള്ള അച്ഛന്റെ വാക്കുകള്‍ .
അമ്മയുടെ കൈ പിടിച്ചു അവിടെ നിന്നിറങ്ങുമ്പോള്‍ താന്‍ തിരിഞ്ഞു നോക്കിയിരുന്നില്ല്ല ..അപ്പോളേക്കും എല്ലാം ഉള്‍ക്കൊണ്ടിരുന്നു .അച്ഛന്‍ എന്ന രൂപം എന്നേക്കുമായി മനസ്സില്‍ നിന്നും മറഞ്ഞു പോയിരുന്നു.അന്ന് മനസ്സില്‍ നിറച്ച വെറുപ്പ്‌ ഇപ്പോളും മനസിലുന്ടെന്നയാള്‍ ഓര്‍ത്തു.എന്നിട്ടും അച്ഛനെ പോയിക്കാണാം എന്ന് അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാന്‍ വേണ്ടി മാത്രം ഒരു യാത്ര.

          അന്ന് ഐ സി യു വിനു മുന്നില്‍ വീണ്ടും അമ്മയെ കേട്ടിപ്പിടിച്ചുറങ്ങാന്‍ മാത്രം കൊതിക്കുന്ന ആ കൊച്ചു കുട്ടി ആകുകയായിരുന്നു .മുറിഞ്ഞ ഞരമ്പുകള്‍ കെട്ടി വെച്ച ശോഷിച്ച കൈകളില്‍ തലയമര്‍ത്തി മാപ്പ് ചൊല്ലിക്കരയുംപോള്‍ അമ്മയും കരയുന്നുണ്ടായിരുന്നു. പിന്നെയുള്ള ജീവിതം അമ്മയെ സന്കടപ്പെടുത്താത്തെ ഇരിക്കുവാനുള്ള വ്രതവും ..അച്ഛനെയോ അച്ഛനോടുള്ള വെറുപ്പോ പൂര്‍ണമായി ഉപേക്ഷിച്ചു പഠനം മാത്രം..പിന്നീട് ജോലി കിട്ടിയ സന്തോഷം അറിയിക്കാന്‍ അമ്മയുടെ അടുത്തേക്കുള്ള ഓട്ടം .അന്ന് അമ്പല നടയില്‍ മണ്ണില്‍ പുതഞ്ഞുരുളുന്ന അമ്മയെ ഓടിച്ചെന്നു പിടിചെഴുനെല്‍പ്പികുമ്പോള്‍ ആ കണ്ണുകളില്‍ നിന്നോഴുകിയ സ്നേഹം .അന്ന് അറിയാതെ തോന്നി .അച്ഛനില്ലാതെ ഏതു മക്കള്‍ക്കും വളരാം ..പക്ഷെ അമ്മയില്ലാതെ ..അന്ന് അമ്മക്കിളിയുടെ നെറുകയില്‍ നിറഞ്ഞ കണ്ണോടെ ഒരു ചുംബനം നല്കിയിട്ടു പറഞ്ഞു ..

''അമ്മാ കൊച്ചുമോന് ജോലി കിട്ടി ..ഇനി എന്റെ അമ്മ ചിരിക്കുന്നത് മാത്രം കണ്ടാല്‍ മതി.അച്ഛന്‍ ,  അച്ഛനേക്കാളും വലിയ ഉയരത്തില്‍ എന്റെ അമ്മയെ ഞാന്‍ നോക്കും ..അമ്മ നോക്കിക്കോ ..''

മറുപടി ഉണ്ടായിരുന്നില്ല ഒന്നിനും ..എന്നും അങ്ങനെ ആയിരുന്നല്ലോ..കണ്ണീരിലൂടെ മാത്രം മറുപടി പറയുന്ന എന്റെ അമ്മക്കിളി .
ആ  മാസം അമ്മ ചിരിക്കുന്നത് കാണാന്‍ കഴിഞ്ഞു..കൊച്ചുനു ആദ്യ ശമ്പളം കിട്ടിയാല്‍ പിന്നെ വീട്ടുപണിക്ക് പോകില്ല എന്ന ഉറപും തന്നു ..എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം അമ്മക്ക് സന്തോഷത്തിന്റെ നാളുകള്‍ .വൈകുന്നേരം ജോലി കഴിഞ്ഞു വരുമ്പോള്‍ നാല് മണിക്ക് പീയൂണ്‍ ചായക്കൊപ്പം കൊണ്ട് വരുന്ന പരിപ്പുവടക്കായി എന്നും കാത്തിരിക്കുമായിരുന്നു.അത് കൊണ്ട് തന്നെ അത് ബാഗിലിട്ടു വീട്ടിലെത്തിച്ചു അമ്മയുമായി പങ്കിട്ടു കഴിക്കുക അതായിരുന്നു ഏറ്റവും സന്തോഷവും.ആദ്യ ശമ്പളം കൈ നീട്ടി വാങ്ങുമ്പോള്‍ ശരീരം വിറക്കുന്നുണ്ടായിരുന്നു.മനസിലെ സന്തോഷം എത്രത്തോളം എന്ന് തന്നെ അറിയില്ല. ആദ്യ സമ്മാനവും ആദ്യ ശമ്പളവും വാങ്ങി വീടിലേക്ക് ഓടുകയായിരുന്നു ..അമ്മക്കിളിയുടെ ചിരി കാണുവാന്‍ .വാതിലില്‍ കാത്തിരിപ്പിന്റെ വഴിക്കണ്ണുമായി ഉണ്ടായിരുന്നു അമ്മ.ഓടിച്ചെന്നു കേട്ടിപ്പിടിച്ചപ്പോള്‍ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി .നാളെ മുതല്‍ എന്റെ അമ്മ കൂലിപ്പണിക്ക് പോകണ്ട ..അമ്മേ എന്ന് വിളിച്ചപ്പോള്‍ തണുത്ത കൈകളും തളര്‍ന്ന ശരീരവും തുറന്ന കണ്ണുകളുമായി അമ്മ .നെഞ്ചില്‍ നിന്നും താഴേക്ക്‌ ഊര്‍ന്നു വീണ ആ നിമിഷം..
പിന്നെ എല്ലാം തിരിച്ചറിഞ്ഞ ആ ഒരു നിമിഷം.പൊട്ടിക്കരഞ്ഞു കൊണ്ട് അമ്മയുടെ കണ്ണുകള്‍ ചേര്‍ത്തടച്ചതും..ആദ്യമായി അമ്മക്ക് വാങ്ങിയ സാരി  ചിതയിലെക്കെറിയുംപോള്‍ കരഞ്ഞിരുന്നില്ല.എല്ലാം ഉള്‍ക്കൊണ്ടിരുന്നു..അനാഥത്വം ഒരു ശിക്ഷയാണെന്ന സത്യം.

                    ബസിലെ ചലനങ്ങള്‍ ഒരു നിമിഷം നിലച്ചു..വാവിട്ടു കരയുന്ന അയാളുടെ തോളില്‍ കൈ വെച്ച് ആരോ ചോദിച്ചു ..എന്ത് പറ്റി എന്ന്..ഒന്നുമില്ല എന്നൊരു മറുപടിയില്‍ എല്ലാ സങ്കടങ്ങളും ഒതുക്കി ബാഗ് നെഞ്ചോടു ചേര്‍ത്ത് പിടിച്ചു സീറ്റിലേക്ക് മറിയുമ്പോള്‍ കൂടെ അമ്മയുണ്ടായിരുന്നു.വിയര്തോട്ടിയ ശരീരത്തിന്റെ നേര്‍ത്ത ഗന്ധവും കൂടെയുള്ള പോലെ തോന്നി .മനസ്സില്‍ അമ്മക്ക് വാക്ക് കൊടുത്തു അച്ഛനെ വേദനിപ്പിക്കില്ല എന്ന് .അപ്പോള്‍  വലതു സൈഡിലെ ബോര്‍ഡിനു മുന്നിലൂടെ ബസ്‌ ക്രോസ് ചെയ്തു കടന്നു പോയി

ബാന്ഗ്ലൂര്‍
0 KM

ബനശങ്കരിയിലെ അഗതി മന്ദിരത്തിന്റെ മതിലുകള്‍ പഴകിയിരുന്നു .. ഓര്‍മയുണ്ട് കുഞ്ഞിലെ അച്ഛനും അമ്മയ്ക്കും ഒപ്പം ഇവിടെയുള്ള കുട്ടികള്‍ക്ക് മിട്ടായി കൊടുക്കാന്‍ വന്നത്... വരാന്തയിലെ പഴകിയ കസേരയില്‍ ഇരിക്കുമ്പോള്‍ അത് ഒടിഞ്ഞു താഴേക്ക്‌ വീഴുമോ എന്ന് സംശയിച്ചു .. അവളില്‍ നിന്നും കണ്ണുകള്‍ എടുക്കുവാന്‍ തോന്നിയില്ല ...കഴുത്തില്‍ ഇട്ടിരുന്ന നീളമുള്ള കുരിശുമാല ഒരു ബലമായി കൈകളില്‍ മുറുകിപ്പിടിച്ചു നില്‍ക്കുകയായിരുന്നു .. അവള്‍ ഭയന്ന പോലെ തോന്നി ... അവള്‍ തന്റെ മുഖത്തേക്ക് ഒന്ന് നോക്കിയിരുന്നെങ്കില്‍ എന്ന് അയാള്‍ അറിയാതെ ആഗ്രഹിച്ചു പോയി ..

നെഞ്ഞിടിപ്പിന്റെ താളം  കൂടുന്നത് അറിയുന്നുണ്ടായിരുന്നു ... തെരുവിലൂടെ നടന്നു നീങ്ങുമ്പോള്‍ ഓര്‍മകളില്‍ ആ പതിനഞ്ചുകാരന്റെ  കൈകളില്‍ പിടിച്ചു എങ്ങോട്ട് പോകണം എന്നറിയാതെ ഈ തെരുവില്‍ എവിടെയോ ഇടറിനിന്ന അമ്മയുടെ  മുഖമായിരുന്നു ..

ഇടര്ച്ചയോടെയാണ്‌ ചോദിച്ചത് ..

കുട്ടിക്ക് വിശക്കുന്നുണ്ടോ ?

അവള്‍ ആദ്യമൊന്നും സംസാരിച്ചില്ല .. പക്ഷെ കണ്ണുകളിലേക്കു തുറിച്ചു നോക്കുന്നുണ്ടായിരുന്നു .. ആ കണ്ണുകളില്‍ അപ്പോള്‍ ഭയമാണോ ദയനീയതയാണോ എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല ..

ഒന്നും വേണ്ടന്നവള്‍ തലയാട്ടി ...

മെല്ലിച്ച ആ ശരീരത്തിലേക്കും ഒട്ടിയ വയറിലേക്കും നോക്കി നിന്നിട്ട് പതിയെ അവളുടെ കവിളുകളില്‍ കൈകള്‍ വെച്ച് വാത്സല്യത്തോടെ പറഞ്ഞു ... ഏട്ടന്‍ .. അങ്ങനെയേ വിളിക്കാവൂ .. എട്ടന് വിശക്കുന്നു .. മോളും കഴിക്കണം ..

വലിച്ചു വാരിയുള്ള അവളുടെ കഴിപ്പ്‌ കണ്ടു കൊണ്ട് നിന്നപ്പോള്‍ അറിയാതെ കണ്ണില്‍ നിന്നൊരു തുള്ളി കണ്ണീര്‍ പൊടിഞ്ഞിരുന്നു .. പകരം അവള്‍ സമ്മാനിച്ചത്‌ ഒരു ചിരിയാണ് . ആദ്യമായി അവന്റെ ഉള്ളില്‍ താനൊരു രക്ഷകര്‍ത്താവാണ് എന്നാ ബോധം ഉളവാക്കിയ നിഷ്കളങ്ങമായ ചിരി ..

ബസ്സില്‍ അവളെ നെഞ്ചോടു ചേര്‍ത്തിരിക്കുമ്പോള്‍ അയാളുടെ മനസ്സില്‍ ഒരേയൊരു ചിന്തയെ ഓടിയുള്ളൂ ... അനിയത്തി ... അമ്മ ഉപേക്ഷിച്ചു പോയ അച്ഛന്‍ മരിച്ച ഒരു അനാഥക്കുട്ടി എന്നതിനപ്പുറം . തന്റെ ചോര .. എന്നാ ചിന്ത ....

ഇടക്കെപ്പോഴോ മയക്കത്തില്‍ അമ്മ വന്നിരുന്നു . അയാളുടെ തലമുടിയില്‍ സ്നേഹത്തോടെ തലോടി അമ്മ രണ്ടാളെയും നോക്കി സ്നേഹത്തോടെ ചിരിക്കുന്നുണ്ടായിരുന്നു .. ഞെട്ടിയുണര്‍ന്നു അമ്മ ഒരു സ്വപ്നമായിരുന്നു എന്ന് തിരിച്ചറിയുമ്പോള്‍ ആ ബസ് ജന്മ നാടിന്റെ പച്ചപ്പിലേക്ക് പാഞ്ഞിറങ്ങുകയായിരുന്നു .. പുതിയൊരു ലക്‌ഷ്യം തേടി ...

 
സസ്നേഹം ,

നിരഞ്ജന്‍ തംബുരു