2016, മാർച്ച് 3, വ്യാഴാഴ്‌ച

സ്വപ്‌നങ്ങൾക്കുള്ളിലെ സ്വപ്‌നങ്ങൾ

സ്വപ്‌നങ്ങൾക്കുള്ളിലെ സ്വപ്‌നങ്ങൾ
*****************************************
ഇരുളായിരുന്നുവെന്നു ...
ഉള്ളിൽ   നിറഞ്ഞ ഇരുള് ...
തപ്പിത്തടഞ്ഞു ഞാനങ്ങനെ ഒരു പാട് ദൂരം നടന്നു ..
പരിചിതമായ മുഖങ്ങൾ ഒരു പാട് മുന്നിലൂടെ കടന്നു .പോയി ..
ഒരു ട്രെയിനിന്റെ സ്പീടുണ്ടായിരുന്നു എന്റെ യാത്രക്ക് ..
മുഖങ്ങളൊന്നും എന്നെ ശ്രദ്ധിക്കുന്നേയില്ല ..
ഒരു പക്ഷെ അവരെന്നെ കാണുന്നുണ്ടാവില്ല എന്ന് സംശയിച്ചു ഞാൻ ..
എങ്കിലും എനിക്കെന്തുകൊണ്ടാണ് ഈ യാത്രയുടെ സ്പീഡ് ഒന്ന് കുറച്ചു
അവരെ നോക്കി ഒന്ന് പുഞ്ചിരിക്കുവാൻ പോലും സാധിക്കാത്തതു ..
പെട്ടന്നൊരു നിമിഷം ഒരു ട്രെയിനിന്റെ ബോഗിക്കുള്ളിലാണ് ഞാനെന്നൊരു തോന്നൽ ..
ഇരുട്ടിൽ നിന്നും ഞാൻ തപ്പിയെടുത്ത നേർത്ത വെളിച്ചത്തെ വീണ്ടും ഇരുട്ടിലേക്ക് വലിച്ചെറിഞ്ഞിട്ട്‌ ട്രെയിൻ ഒരു തുരങ്കത്തിലേക്ക് ഊളിയിട്ടിറങ്ങി .
ശക്തമായ ഒരു ചൂളം വിളി ... കണ്ണ് തുറക്കുമ്പോൾ എന്റെ തൊട്ടടുത്തു നീല വെളിച്ചമായി ബെൽ മുഴക്കി ഫോൺ എന്നെ വിളിച്ചുണർത്താൻ ശ്രമിക്കുകയായിരുന്നു .
ഫോൺ എടുക്കും മുൻപേ സമയമൊന്നു നോക്കി .. രാവിലെ  5.30
ഫോൺ എടുത്തു ചേര്ത്തു ..
അപ്പുറത്തെ തലക്കൽ വിറയാർന്ന ശബ്ദം ... റോബിൻ .... എവിടെയാ നീ
അതിശയത്തോടെ അവൻ ചോദിച്ചു ... എട്ടനെന്നാ ഈ നേരത്ത് ... ????
"ഒന്നുമില്ല ...  സ്വപ്‌നങ്ങൾ , എന്തൊക്കെയോ ചീത്ത സ്വപ്നങ്ങൾ ... "
പിന്നീടൊന്നും കേട്ടില്ല .. അപ്പുറത്ത് ഫോൺ  കട്ട് ആയി ..
കൂടുതൽ ആലോചിക്കാന്‍ സമയമനുവദിക്കാത്തത് കൊണ്ടാവും റോബിന്‍ ബാത്ത്റൂമിലേക്കോടി .
ഫ്ലാറ്റിന്റെ സ്റെപ്പുകള്‍ ഇറങ്ങി വണ്ടി വരുന്ന സ്ഥലത്തേക്ക് നടക്കുമ്പോള്‍ അവന്‍ ആലോചിച്ചത് എട്ടനെക്കുറിച്ചായിരുന്നു ..അതൊരു പതിവായിരിക്കുന്നു ... ഇടയ്ക്കിടെ ഉള്ള കോളുകള്‍ ..
പേടിയുണ്ടാവും ... കാലം അതല്ലേ ... ചിരിച്ചു കൊണ്ടിരിക്കുമ്പോള്‍ പ്രിയപ്പെട്ടവരേ മരണം തട്ടിയെടുക്കുന്ന കാലം ..പ്രത്യേകിച്ച് ഈ നാട്ടില്‍ .. ആര്‍ക്കും ഒന്നും പറയാന്‍ കഴിയുന്നില്ലല്ലോ ....
ജീവിതം ഊഹിച്ചെടുത്തു പൂരിപ്പിച്ച് അത് മാറ്റമില്ലാതെ മുന്നോട്ടു പോകുകയാണെങ്കില്‍ നമ്മളെ ദൈവമെന്നു വിളിക്കാമായിരുന്നു .
ഉള്ളില്‍ ഉരുണ്ടു കൂടിയ ചിന്തകള്‍ ഒരു ദീര്‍ഖനിശ്വാസമായി പുറത്തേക്ക് വന്നപ്പോള്‍ ആണ് പിന്നില്‍ ഒരു കാല്‍പ്പെരുമാറ്റം കേട്ടതും ..
തിരിഞ്ഞു നോക്കുമ്പോള്‍ ഇരുട്ടില്‍ ഒരു നീണ്ട രൂപം ..
സൂക്ഷിച്ചു നോക്കിയാ റോബിന്റെ ഉള്ളില്‍ അറിയാതെ ഒരു ആന്തലുണ്ടായി ..
നല്ല നീളമുള്ള വൃദ്ധനായ ഒരു മനുഷ്യന്‍ ..എന്നാല്‍ ശരീരത്തിന് നല്ല ആരോഗ്യമുള്ളതു പോലെ ... അവന്‍ നില്‍ക്കുന്നതിനും പിന്നിലായി .ശക്തമായ കാല്‍വെപ്പുകളോടെ നടന്നു നീങ്ങുകയാണയാള്‍ ..
ഇടത്തേക്ക് തിരിഞ്ഞു അയാളെ തന്നെ നോക്കി അവനങ്ങനെ നിന്നു. അടുത്തെത്തിയപ്പോള്‍ രൂക്ഷമായ ഒരു നോട്ടം .. അയാളുടെ കണ്ണിലെ അഗ്നി തന്റെ കണ്ണുകളെ ചുട്ടു ചാമ്പലാക്കും പോലെ തോന്നി അവനു .. സൂക്ഷിച്ചു അവനെ നോക്കിക്കൊണ്ട്‌ തന്നെ അയാള്‍ മുന്നോട്ടു നടന്നു നീങ്ങി ...
ഒരിക്കല്‍ കൂടി മാത്രമേ തല തിരിച്ചു റോബിന്‍ അയാളെ നോക്കിയുള്ളൂ ... അയാളുടെ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു .. തല നിറയെ നരച്ചു തിളക്കമുള്ള മുടിയാല്‍ മൂടപ്പെട്ടിരുന്നു ... കാഴ്ച മറയുന്ന പോലെ ... അയാളുടെ കാലടിയുടെ ശബ്ദം അവന്റെ ചെവിയിലേക്ക് മുഴക്കമായി നിലകൊണ്ടു ..
ആദ്യമായി ഒരു പ്രാര്‍ത്ഥന .. ഓഫീസ് വണ്ടി  എത്രയും വേഗം വന്നിരുന്നെങ്കില്‍ എന്ന് അറിയാതെ അവന്‍ പ്രാര്‍ഥിച്ചു പോയി .. അതിനൊപ്പം നിന്നിരുന്ന സ്ഥലത്ത് നിന്ന് താഴേക്കിറങ്ങി റോഡിലേക്ക് പതിയെ നടന്നു അവന്‍ ... ഇടക്കൊന്നു തിരിഞ്ഞു നോക്കുമ്പോള്‍ അയാള്‍ അവിടെ തന്നെ ഉണ്ടായിരുന്നു ... ഉള്ളില്‍ നിന്നാരോ വിളിച്ചു പറഞ്ഞു ... അവനിത് വരെ കേള്‍ക്കാത്ത അയാളുടെ ശബ്ദത്തില്‍ ....
"റോബിന്‍ നിന്നെ കൊണ്ടുപോകുവാന്‍ വന്നതാണ് ഞാനെന്നു .. "
റോഡില്‍ വണ്ടി കാത്തുള്ള നില്‍പ്പിനു നീളം കൂടുന്ന പോലെ ... ദൂരെ നിന്നൊരു കോസ്ടര്‍ ബസ് പാഞ്ഞു വരുന്നത് മാത്രമേ അവനു ഓർമയുണ്ടായിരുന്നുള്ളൂ ... തന്നെ എടുക്കുവാന്‍ വന്ന കമ്പനി വണ്ടി ആണത് എന്നാ ആശ്വാസം അവന്റെ മുഖത്ത് നിഴലിച്ചു. പിന്നിലോരാള്‍ തന്നെ മാത്രം നോക്കി എന്തിനോ നില്‍ക്കുന്നു എന്നാ ബോധം മറന്നു വണ്ടിക്കുള്ളിലേക്ക് എത്തിപ്പെടാൻ  അവന്റെ ശരീരം അവനെ ക്ഷണിച്ചുകൊണ്ടേയിരുന്നു...
ഒരിക്കലും പ്രതീക്ഷിക്കാത്ത സ്പീഡിൽ
പാഞ്ഞു വന്ന വണ്ടി റോബിന്റെ തൊട്ടടുത്തെത്തുംപോൾ ഭ്രാന്തു പിടിച്ചത് പോലെ വീണ്ടും സ്പീഡ് കൂടുകയാണ്ണ്ണ്ടായത്. തന്റെ മരണമാണാ വരുന്നതെന്ന തിരിച്ചറിവിൽ ജീവ
രക്ഷാർഥം വെട്ടിത്തിരിഞ്ഞവൻ ഇടത്തേക്ക് തിരിഞ്ഞു ചാടി ദൂരേക്ക്‌ തെറിച്ചു വീണു . സ്ട്രീറ്റ് ലൈറ്റിന്റെ പോസ്റ്റിൽ ഇടിച്ചു മറിഞ്ഞ വണ്ടിയിൽ നിന്നുള്ള അലർച്ചകൾ . കിടന്ന കിടപ്പിൽ
റോബിൻ നോക്കിയത് വണ്ടിയിലേക്കായിരുന്നില്ല.പകരം അയാൾ അവിടെ ഉണ്ടോ എന്നായിരുന്നു . വലിയൊരു സ്ഫോടനശബ്ദത്തോടെ വണ്ടി പൊട്ടിത്തെറിച്ച തീയുടെ കനലുകൾ അയാളുടെ കണ്ണിൽ ആളുന്നത്തു കണ്ടു റോബിൻ പേടിയോടെ കണ്ണുകൾ അടച്ചു .
മനസിലേക്ക് പ്രിയപ്പെട്ടവരുടെ മുഖം കൂട്ടുകാരുടെ മുഖം . വിതുമ്പലമർത്തി റോബിൻ എഴുന്നേറ്റു നില്ക്കുവാൻ ശ്രമിച്ചു .അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി .
"റോഡിൽ നിന്ന് സ്വപ്നം കണ്ടു കരയാതെ വണ്ടിയിൽ കേറടാ "
സ്ലോമൊയുടെ ശബ്ദം.
പതിയെ റോബിൻ കണ്ണുകൾ തുറന്നു .കണ്മുന്നിൽ ഓഫിസിലെ വണ്ടി. ചിരിയോടെ സ്ലോമോ. പിന്നിൽ തന്നെ നോക്കുന്ന കൂട്ടുകാർ . ആശ്വാസം നിറഞ്ഞ മുഖവുമായി റോബിൻ എല്ലാവരെയും നോക്കി. പതിയെ വണ്ടിയിലേക്ക് . എല്ലാവരും അവനെ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു..
വണ്ടിക്കുള്ളിൽ ഇരുന്നശേഷം വിറയ്ക്കുന്ന ചുണ്ടുകളുമായി
വിതുമ്പലടക്കി അവൻ പതിയെ നോക്കി
അവിടെ അല്പ്പം അകലെയായി അയാൾ . തന്നെ തന്നെ നോക്കിക്കൊണ്ട്‌ . തന്റെ
കണ്ണുകളെ കീഴ്പ്പെടുത്തിക്കൊണ്ട് ...
സിഗ്നൽ കടന്നു മറയുമ്പോൾ റോബിൻ ആദ്യമായി പ്രാർഥിക്കുകയായിരുന്നു . അപകടങ്ങൾ ഒഴിയുവാനുള്ള പ്രാർത്ഥന .
ഇടയിലെപ്പോഴോ പാതിമയക്കത്തിൽ
മറ്റൊരു പുതിയ സ്വപ്നത്തിലേക്ക് അവൻ വഴുതിവീണു


നിരഞ്ജൻ

ജീവിതം ഉരുള്‍പൊട്ടുമ്പോള്‍

ജീവിതം ഉരുള്‍പൊട്ടുമ്പോള്‍
***************************************
ഇരുട്ടില്‍ കമ്പികള്‍ക്കിടയിലൂടെ
ആകാശം നോക്കി കിടന്നാല്‍
ഉറങ്ങിപ്പോകുമത്രേ
ഈനാശുവിന്റെ ഐഡിയ ആണത്.
ഒറ്റപ്പെടുമ്പോള്‍ നിഴല്
മാത്രമാണ് ഇവിടെ കൂട്ട്..
വെറുതെ പ്രതീക്ഷിക്കാം
ഈനാശു തിരിചെത്തുമെന്നു ..
ഇപ്പോള്‍ നിലാവിന്റെ വെട്ടത്തില്‍
എവിടെയോ ഓടിളക്കുന്നുണ്ടാകും
ആ നന്മയുള്ള കള്ളന്‍ ...
വാതിലിലൂടെ ലാത്തി കുത്തി റോന്തു ചുറ്റുന്ന
ഗാര്‍ഡിന്റെ കാലുകള്‍ക്ക് ഇടര്ച്ചയുടെ താളം
ആരോടോ പിടിച്ചു വാങ്ങി മോന്തിയ റമ്മിന്റെ രൂക്ഷ ഗന്ധം
രണ്ട് നക്ഷത്രങ്ങള്‍ എന്നെത്തന്നെ നോക്കി ചിരിക്കുന്നു
ആദ്യം വെറുപ്പ്‌ തോന്നിയത് മുത്തശിയോട്..
നക്ഷത്രങ്ങള്‍ അച്ഛനമ്മമാരാണെന്നു പറഞ്ഞു തന്നെ മുത്തശികഥകളോടും
പിന്നെ വെറുപ്പ്‌ തോന്നിയത് അമ്മയോടും...
ചോര ഉണങ്ങാത്ത കത്തി ഇപ്പോളും കയ്യിലുണ്ടേങ്കില്‍ ..
അതിലൊന്നിനെ ലക്ഷ്യം വെച്ചു എറിയാമായിരുന്നു
ഭക്ഷണപാത്രത്തില്‍ താളമടിച്ചു ആരോ സന്യാസിനി മൂളുന്നു...
അത് ശ്രദ്ധിക്കാതെ നക്ഷത്രങ്ങളോട് വിളിച്ചു പറഞ്ഞു
അമ്മെ ഞാന്‍ നിങ്ങളെയും വെറുക്കുന്നു
സെല്ലിലെ കമ്പികളില്‍ ലാത്തി കൊണ്ടുള്ള ശക്തമായ പ്രഹരം
മദ്യത്തിന്റെ മണമുള്ള ആക്രോശം
പുതപ്പിനടിയിലേക്കു ചുരുണ്ട് കയറുമ്പോള്‍
കരഞ്ഞില്ല
എന്തോ വല്ലാത്തൊരു ഉന്മാദം
നായിന്റെ മോന്‍ ..
മദ്യ ലഹരിയിലും സത്യം പറഞ്ഞ പോലീസേമ്മാന്‍
അനിയത്തിക്കുട്ടിയുടെ അടഞ്ഞ കണ്ണുകളില്‍ നിന്നും
ഒലിച്ചിറങ്ങിയ കണ്ണീരിനു ചോരയുടെ ചുവപ്പ്
ജന്മം തന്നവന്റെ കാമപ്രാന്തിന്റെ കറയാണത്
തിരിച്ചറിയാന്‍ വൈകിപ്പോയി
കെട്ടഴിച്ചു താഴെക്കിറക്കുംപോള്‍
അമ്മയുടെ ശരീരം പഞ്ഞിക്കെട്ടു പോലെയിരുന്നു
മൂടി വെക്കാന്‍ ശ്രമിച്ച രഹസ്യങ്ങളും പേറി
ദേഹം ഉപേക്ഷിച്ചു ദേഹി പോയപ്പോള്‍
അറിഞ്ഞിരുന്നുവോ ഈ മകന്‍ അച്ഛനെയും അവിടെക്കയക്കുമെന്നു
കൂട്ടിനുള്ളില്‍ ചോദ്യങ്ങള്‍ക്ക് ഒരേ ഒരുത്തരം ..
കൊന്നു ..ജനിപ്പിച്ചവനെ തന്നെ ..ഒന്നല്ല 18 കുത്ത്
18 കൊല്ലം മകനായതിന്റെ പാപം തീരാന്‍ 18 കുത്ത്
നെഞ്ചിനുള്ളില്‍ അനിയത്തി പൊട്ടിച്ചിരിച്ചു ..
ആരോ ഉള്ളിലിരുന്നു പറഞ്ഞു
ആകാശത്തിലെ പറവകള്‍ വിതക്കുന്നില്ല കൊയ്യുന്നില്ല
അവര്‍ ഗോവിന്ദച്ചാമിമാര്‍ക്ക് വക്കാലത്ത് പറയുന്നു
എനിക്കൊരു മുഴം കയറു തരൂ ...
ഒരു ദിവസത്തേക്ക് തുറന്നു വിടൂ
എനിക്കൊരു ആരാച്ചാരാകണം
ഉറക്കത്തിലെപ്പോഴോ അമ്മ വന്നു
ചെവിയിലോതി
നക്ഷത്രങ്ങളില്‍ ഒന്നു അനിയത്തിയാണെന്നു
സ്വപ്നത്തില്‍ ഞാന്‍ ഒരു ആരാച്ചാരുടെ വേഷമണിഞ്ഞു
ചുട്ടി കുത്തി പുറത്തേക്കിറങ്ങുമ്പോള്‍
പുറത്തു കുട്ടിക്കൂറയുടെ മണവുമായി
കുളിച്ചൊരുങ്ങി ആ ഒറ്റക്കയ്യന്‍
മുഖത്തേക്ക് കറുത്ത വസ്ത്രം ഇട്ടു മൂടുമ്പോള്‍
അയാളോ ഞാനോ ആരോ ഒരാള്‍ ചിരിച്ചിരുന്നു ..
മരണം ഉറപ്പായവന്റെ നിസഹായതയുടെ ചിരി
ആ ഇരുണ്ട മുറിയില്‍ നിന്നും
ആ ശരീരാവയവം മുറിച്ചെടുത്തു
ദൂരെക്കെരിയുംപോള്‍ ആരോടെന്നില്ലാതെ പറഞ്ഞു
അവിടെ സന്മനസുള്ള സ്ത്രീജനങ്ങള്‍ക്ക് സമാധാനം.

പൊട്ടിച്ചിരിച്ചു കൊണ്ട് തിരികെ
സെല്ലിലേക്ക് കയറുമ്പോള്‍..
റമ്മിന്റെ മണമുള്ള പ്രിയപ്പെട്ട
പോലീസുകാരന്‍ കൂര്‍ക്കം വലിക്കുന്നു..
എന്റെ മനസ്സില്‍ നടന്ന ഉരുള്‍ പൊട്ടല്‍ അറിയാതെ
ഞാന്‍ വീണ്ടും ഒരു കൊലപാതകം
ചെയ്തത് അറിയാതെ
ആകാശത്തിലെ പറവകള്‍
എവിടെയോ ഹാലെലൂയ പാടുന്നു ..
കൂട്ടിനു അടുത്ത സെല്ലിലെ പാത്രത്തിന്റെ താളവും


ബൈ
നിരഞ്ജന്‍ 

A Typical But Untold Story


എത്രത്തോളം ചാപല്യങ്ങൾ ഉള്ളിൽ നിറഞ്ഞാലും പെണ്ണെന്നും 
അവൾക്കു അവകാശപ്പെട്ടവന് മാത്രമെന്ന് 
തിരിച്ചറിയിക്കുവാൻ മാത്രമുള്ള ഒരു ശ്രമം ,
സമയം കിട്ടിയാൽ വായിക്കുക

A Typical But Untold Story
***************************
ഒന്ന്
***
നഹാസ്  .....
വളരെ ഉറക്കെയുള്ള ആ വിളി ...
ദൂരങ്ങളിലേക്ക് പ്രതിധ്വനിച്ചു ...
ഐ ആം ഇൻ ലവ് ...
നഹാസ് ...
തിരിഞ്ഞു നോക്കാതെയുള്ള അവന്റെ നടപ്പ് ഷെറിനെ വല്ലാതെ പ്രകോപിപ്പിച്ചിരുന്നു ..
ചുറ്റുമുള്ള മനുഷ്യരൊക്കെ തന്നെ നോക്കി പരിഹസിക്കുന്നതായി തോന്നി അവൾക്ക് ..
ചിലരെങ്കിലും അവളെ അത്ഭുതത്തോടെ നോക്കി ...
ചിലര് അവളെ നോക്കി ചിരിച്ചു ...
തലയും കുനിച്ചു തിരികെ നടക്കുമ്പോൾ പിന്നിൽ നിന്ന് ഒരു ശബ്ദം  ..
മോളെ ഞാൻ മതിയാവുവോ ...
കൂട്ടത്തിൽ മലയാളികളും ഉണ്ടെന്ന തിരിച്ചറിവോടെ തന്നെയാണ് തിരിഞ്ഞു നോക്കിയത് ..
ഒരു മധ്യവയസ്കൻ .. വിടലച്ചിരിയുമായി തന്നെ തന്നെ നോക്കി അങ്ങനെ നിൽക്കുന്നു ...
കൂടപ്പിറപ്പായ ധൈര്യം നെഞ്ചിൽ ചേർത്തു അയാളുടെ അടുത്തേക്ക്‌ ചടുലമായി നടന്നു ചെന്നു ... അയാളുടെ കോളറിനു പിടിച്ചിട്ടു ഇത്ര മാത്രം പറഞ്ഞു

"996263-------
ഇതെന്റെ നമ്പര് ആണ് .. ധൈര്യം ഉണ്ടോടാ നിനക്ക് ഈ ഷെറിനെ അടക്കാൻ "
നടന്നു പോകുന്നവരൊക്കെ അവരെ നോക്കി കടന്നു പൊയ്ക്കൊണ്ടിരുന്നു ..
അയാളുടെ മുഖത്തെ ആ വളിച്ച ചിരി അപ്പോഴും മാഞ്ഞിരുന്നില്ല ..
പല്ല് കടിച്ചു കൊണ്ട് ഇത്ര കൂടി അവൾ പറഞ്ഞു ..
"പട്ടിയെപ്പോലെ എന്റെ കട്ടിലിൽ അണച്ചു കിടക്കാനല്ല...... ആണത്വം കാട്ടാൻ .... "
വന്ന അതെ ശക്തിയിൽ അവൾ തിരിഞ്ഞു നടക്കുമ്പോൾ അവൾ പറഞ്ഞ നമ്പര് പോലും ഓര്ത്തെടുക്കുവാൻ ആവാതെ അയാളങ്ങനെ നിന്നു ..

രണ്ടു
*****
ജഡ്ജസ് കോളനിയിൽ വില്ലയുടെ മുന്നിൽ  ഉള്ള വെയ്റ്റിംഗ് ഷെഡ്‌ എന്നത്തെയും പോലെ അവളെ കാത്തിരിക്കുകയായിരുന്നു.
തന്റെ സ്ഥിരം ഇരിപ്പിടം ഇപ്പോൾ അവിടെയുള്ള എല്ലാവര്ക്കും അറിയാം .. സേവ്യറിന് ഒഴിച്ചു ...
അവിടേക്ക് ഇരിക്കുമ്പോൾ പാതിയടഞ്ഞ വില്ലയുടെ ജനാലവാതിലിലേക്ക് പാളിയൊന്നു നോക്കി ..
ലൈറ്റ് ഉണ്ട് ...  ഏതെങ്കിലും വലിയ  കൊട്ടേഷൻ അയപ്പായിരിക്കും .. പുശ്ച്ചത്തോടെ അവൾ ചുണ്ടുകൾ കോട്ടി ....
ക്ഷീണം നിറഞ്ഞ കണ്ണുകൾ പാതി മയക്കമായി അവളെ ആവേശിക്കുമ്പോൾ കണ്ണുകളിൽ നഹാസ് നിറഞ്ഞു നിന്നു .. വിവാഹ ശേഷം സെവ്യറുമായി ചില്ലുജാലകങ്ങൾ മറച്ച ആ വലിയ ഐ റ്റി ഓഫീസിലേക്ക് അവൾ കാലെടുത്തു വെച്ചതു ...  പെട്ടന്നൊരു നാൾ കണ്ണുകളിൽ കുസൃതി നിറച്ചു വെച്ച് ഓഫീസിലേക്ക് കടന്നു വന്ന പൂച്ചക്കണ്ണൻ ചെക്കൻ  . വളരെ വേഗം തന്നെ അവൻ സേവ്യറിന് പ്രിയപ്പെട്ട അസിസ്റ്റന്റ്‌ ആയതും സേവ്യർ അറിയാതെ തനിക്കു പ്രിയപ്പെട്ടവനായതും .. ഒടുവിൽ ഒഴിവു സമയങ്ങളിൽ കൂടെയുണ്ടാവാറുള്ള സെവ്യറുടെ മനപൂർവമെന്നോണം ഉള്ള അസാന്നിധ്യം അവൻ കയ്യടക്കിയതും .. ഒന്നുമറിയാത്ത പോലെയുള്ള സേവ്യറിന്റെ തിരക്കുകൾ..അയാളുടെ ഭാര്യവേഷം തനിക്കു മടുത്തു തുടങ്ങിയത്  .. പിന്നീട് സ്നേഹത്തോടെയുള്ള  നഹാസിന്റെ കുസൃതികൾ , തന്റെ മുഖമൊന്നു വാടിയാൽ കാരണമന്വേഷിച്ചു പിന്നാലെ കൂടുന്നത് , ചിലപ്പോഴെങ്കിലും  കണ്ണുകൾ കൊണ്ട് തന്നെ അവൻ കൊത്തിവലിക്കുന്നത്  ..
ഒടുവിൽ .. ഒടുവിലിന്നു ...
കുറഞ്ഞത്‌ തന്നെക്കാൾ ഒരു വയസിനെങ്കിലും ഇളപ്പമായ അവന്റെ മുന്നിൽ പ്രണയം കൊതിച്ചൊരു കാമുകിയെപ്പോലെ താൻ അപേക്ഷിച്ചതും .. ഒടുവിലിപ്പോൾ ഒന്നിനും കൊള്ളാതെ താനിങ്ങനെ ഇവിടെ ഇരിക്കുന്നതും ...
ഒരു കാലമായി താൻ കരയാറെയില്ല  എന്നോർത്ത് അവൾ അത്ഭുതപ്പെട്ടു .. ഇപ്പോളും തനിക്കു കരച്ചിൽ വരുന്നില്ല ..
ഫ്ലാറ്റിലേക്ക് കയറുമ്പോൾ പ്രതീക്ഷിച്ചതു പോലെ കംപ്യൂട്ടറിനു മുന്നില് തപസിരിക്കുന്ന സേവ്യറെ കാണാതെ ഷെറിൻ അത്ഭുതപ്പെട്ടു ...
കട്ടിലിന്റെ സൈഡിൽ ഇരുന്നിട്ട് അവൾ ഇത്ര മാത്രം ചോദിച്ചു ...
" എവിടേക്ക് പോകാനാണ് സേവി .. ഇത്രയും പാക്കിംഗ് ഒക്കെ നടത്തി വെച്ചിരിക്കുന്നത് ... "
അപ്പുറത്ത് നിന്നും മറുപടി ഒന്നും ഉണ്ടാവാതെ ഇരുന്നപ്പോൾ പെട്ടന്ന് എന്നത്തെയും പോലെ തന്നെ അവൾ പൊട്ടിത്തെറിച്ചു ...
"പരിഗണനകൾ ഇല്ല , സ്നേഹത്തോടെ ഒരു നോട്ടം പോലുമില്ല ... ഇപ്പോൾ മിണ്ടാട്ടവും ഇല്ലാണ്ടായോ ..."
പകരം ഒറ്റ ശ്വാസത്തിൽ അയാള് പറഞ്ഞുതീർത്ത മറുപടിയിൽ അവൾ നിശബ്ദയായിപ്പോയി ...
"ഷെറിൻ ... ഞാൻ നഹാസിനെ വിളിച്ചിരുന്നു .. തനിക്കൊരു കൂട്ടാകുമോ എന്ന് ചോദിക്കുവാൻ ..
നഹാസ്  സമ്മതമെന്നു പറഞ്ഞിരുന്നെങ്കിൽ ഞാനിന്നു തന്നെ തന്നോട് പറഞ്ഞിട്ട് നാട്ടിലേക്ക് മടങ്ങിയേനെ ...സ്വസ്ഥതയും സമാധാനവും ഉള്ള ന്റെ നാട്ടിലേക്ക് ഒരു ഒഴിഞ്ഞു പോക്ക് ...പക്ഷെ അവനു തന്നോടുള്ള ഇഷ്ടത്തിനു കാമത്തിന്റെ നിറം മാത്രമേയുള്ളൂ ഷെറിൻ .. അല്ലാതോന്നും നഹാസ് എന്നാ വ്യക്തിയിലില്ല ........"
രണ്ടു പേരും നിശബ്ദരായിരുന്നു കുറേനേരം ...
"പോയ്ക്കൂടായിരുന്നോ ...കാവൽക്കാരന്റെ വേഷം കെട്ടി വെറുതെ ആടിത്തീർക്കുന്നതെന്തിനു .. ??" സ്വരം ഇടറി ആണവൾ അത് പറഞ്ഞത് ..
അപ്പുറത്ത് പിന്നീട് നിശബ്ദതയായിരുന്നു ... ദേഷ്യമോ സങ്കടമോ എന്നറിയാത്തൊരു വികാരം അവളിൽ നിറഞ്ഞു കവിഞ്ഞു .. തിരിഞ്ഞു നടന്നു തന്റെ സ്ഥിരം റൂമിലേക്ക്‌ അവൾ മറഞ്ഞു ..

മൂന്നു
*****
ഓർമകൾക്ക് അവധി കൊടുക്കാൻ ശ്രമിച്ചു പരാജയപ്പെട്ടെങ്കിലും ക്ഷീണം ഷെറിനെ ഉറക്കത്തിലേക്കു വലിച്ചു കൊണ്ട് പോയിരുന്നു .. പാതി മയക്കത്തിൽ അവളറിഞ്ഞു ... കവിളുകളിലൂടെ ഒഴുകിയിറങ്ങുന്ന വിരൽപാടുകൾ .. സേവിയുടെ മണം തിരിച്ചറിഞ്ഞ നിമിഷം ചലിക്കാതെ  അവളങ്ങിനെ കിടന്നു. പതിഞ്ഞ ശബ്ദത്തിൽ അയാൾ ചോദിച്ചു ..
"എന്തിനാണ് ആ വലിയ കട്ടിൽ ഉപേക്ഷിച്ചു നീ ഇവിടെക്കെന്നും വരുന്നത് .. "
അവളുടെ നിശബ്ദത വക വെയ്ക്കാതെ അയാൾ തുടർന്നു..
"ഞാനെന്നും ഇവിടേയ്ക്ക് വരാറുണ്ട് .. കുറെ നേരം നിന്റെ മുഖത്തിങ്ങനെ നോക്കി നിൽക്കും .. ഉറങ്ങുമ്പോൾ നിനക്കിന്നും ആ  പഴയ കുസൃതിക്കാരിയുടെ മുഖമാണ് .. അയാളുടെ മുഖത്ത് പുഞ്ചിരി വിടര്ന്നു .. കുറെ നേരം  എന്റെ ശ്വാസം പോലും നിനക്ക് ശല്യമുണ്ടാക്കരുതെന്ന വാശിയോടെ നിന്നിട്ട് നിന്നെ പുതപ്പിച്ചു ഞാൻ തിരികെപ്പോകും .. "
അയാൾ അവളെ പതിയെ തിരിച്ചു കിടത്തി നെഞ്ചിലേക്ക് കൂടുതൽ അടുപ്പിച്ചു .. കുതറാതെ ചലിക്കാതെ ചലനമറ്റ് അവളങ്ങിനെ കിടന്നു ..
സേവിയുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു ..
"എനിക്കറിയാം എനിക്ക് ചില ചെറിയ കുറ്റങ്ങൾ ഉണ്ടെന്നു .. അത് വളരെ ചെറുതാണ് എന്ന് നീയും ഞാനും മനസിലാക്കിയില്ല .. അതിന്റെ വലിപ്പം പ്രതീക്ഷിക്കുന്നതിലും കൂടുതലാണ് എന്നാ തെറ്റിധാരണ ഉള്ളില വളർന്നപ്പോൾ ഞാൻ പോലുമറിയാതെ ഞാൻ എന്നിലേക്ക്‌ തന്നെ ചുരുണ്ടുപോയി .. മരിക്കണം എന്നൊക്കെ തോന്നിയിരുന്നു എനിക്ക് .. പക്ഷെ നീയീ മഹാ നഗരത്തിൽ ഒറ്റയ്ക്ക് .. അതാണെന്നെ പലപ്പോഴും പിൻതിരിപ്പിച്ചത് .. "
അയാളുടെ ചൂടുള്ള ശ്വാസം അവളുടെ കവിളുകളിൽ തട്ടി നിന്നു . കരയുകയാണ് അയാളെന്നു ഷെറിന് തോന്നിയെങ്കിലും അവൾ ചലിക്കുകയോ ശ്രദ്ധിക്കുന്നത് പോലെ അഭിനയിക്കുകയോ ചെയ്തില്ല ..
"മോളെ .. എല്ലാം ... എല്ലാം നിനക്ക് കഴിയുമായിരുന്നു .. എന്നെ തിരികെ പിടിക്കുവാൻ .. എന്നെ തിരിച്ചു കൊണ്ടുവരുവാൻ .. എല്ലാം ... എന്തേ നീ ശ്രമിച്ചില്ല ശ്രമിച്ചില്ല ....തോറ്റു ജീവിക്കുകയായിരുന്നു ഞാൻ ... ജയിപ്പിചൂടായിരുന്നോ നിനക്കെന്നെ .... എന്തിനെന്നെ ഇങ്ങനെ തോൽക്കാൻ വിടുന്നു നീീ ..."
നെഞ്ഞിലേക്ക് പതിയെ നനവ്‌ പടര്ന്നിറങ്ങി .. നനവ്‌ മനസിനെ നനച്ചപ്പോൾ അയാള് പതിയെ ചലിച്ചു അവളുടെ കവിളുകൾ തന്റെ മുഖത്തേക്ക് തിരിച്ചു ... അലറിക്കരഞ്ഞു കൊണ്ടവൾ അയാളുടെ നെഞ്ചിലേക്ക് വീണു ... ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ഏങ്ങലടിച്ചു അവൾ അയാളിലേക്ക് വീണ്ടും വീണ്ടും നനവ്‌ പടര്ത്തി .. ഒരായിരം ചുംബനങ്ങൾ കൊണ്ട് മൂടി .. ഒരു വാക്ക് പോലുമവൾ പറഞ്ഞതേയില്ല ...
നെഞ്ഞിലേക്ക് കിനിഞ്ഞിറങ്ങിയ ഓരോ തുള്ളി കണ്ണുനീരും സെവ്യറിൽ പുഞ്ചിരി നിറച്ചു .. നനയുകയായിരുന്നു അയാൾ ..  കാലങ്ങളായി നിഷേധിക്കപ്പെട്ട പ്രണയമഴ.. അവളെ നെഞ്ചോടു ചേര്ത്തു കെട്ടിപ്പുണർന്നു ചുംബനങ്ങളിൽ പൊതിയുമ്പോൾ ഏതോ ഒരു വലിയ മലയുടെ നെറുകയിൽ തന്റെ ജീവിതത്തിന്റെ വിജയക്കൊടി നാട്ടുകയായിരുന്നു സേവ്യർ എന്നാ സേവി ..

നാല്
****
പുതിയതായി ചാര്ജ് എടുത്ത ഓഫീസ് സ്റ്റാഫിനെ ജോലികൾ ഏൽപ്പിച്ചു നാട്ടിലേക്കു തിരിക്കുവാൻ തീരുമാനിച്ചു ഓഫിസിൽ നിന്നിറങ്ങുമ്പോൾ മനസ്സിൽ ഒരു കുഞ്ഞു സ്വപ്നം മാത്രമേ ഉണ്ടായിരുന്നുള്ളൂ .. പത്തനംതിട്ടയിലെ മലമുകളിൽ ഒരു കുടക്കീഴിൽ റബ്ബർ തോട്ടത്തിലൂടെ മഴ നനഞ്ഞു നടക്കാൻ കൊതിച്ചൊരു കൊച്ചു സ്വപ്നം ..
നഹാസ് ഇരുന്ന സീറ്റിലേക്ക് വെറുതെ പാളി ഒന്ന് നോക്കി ഷെറിൻ .. അവിടെ അവൻ ഉണ്ടായിരുന്നില്ല .. പകരം പരിചയമില്ലാത്ത ഏതോ പുതിയ സ്റ്റാഫ്‌ ... സേവ്യറുടെ മുഖത്ത് പുഞ്ചിരി നിറഞ്ഞു നിന്നിരുന്നു .. നഹാസ് എവിടെ എന്ന ചോദ്യം അവൾ ചോദിച്ചതെയില്ല
അല്ലെങ്കിലും അവനെ ഇനി  ആരും കാണില്ല എന്നാ സത്യം സേവ്യറിന്റെ കണ്ണുകളിൽ ഒളിച്ചു വെയ്ക്കപ്പെട്ടു ..
മുന്നോട്ടു നടക്കുമ്പോൾ സേവ്യർ ഷെറിന്റെ ചെവിയിൽ അടക്കം പറഞ്ഞു ..
''എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാർഥതയാണ് നീ ''


നിരഞ്ജൻ