എത്രത്തോളം ചാപല്യങ്ങൾ ഉള്ളിൽ നിറഞ്ഞാലും പെണ്ണെന്നും
അവൾക്കു അവകാശപ്പെട്ടവന് മാത്രമെന്ന്
തിരിച്ചറിയിക്കുവാൻ മാത്രമുള്ള ഒരു ശ്രമം ,
സമയം കിട്ടിയാൽ വായിക്കുക
A Typical But Untold Story
***************************
ഒന്ന്
***
നഹാസ് .....
വളരെ ഉറക്കെയുള്ള ആ വിളി ...
ദൂരങ്ങളിലേക്ക് പ്രതിധ്വനിച്ചു ...
ഐ ആം ഇൻ ലവ് ...
നഹാസ് ...
തിരിഞ്ഞു നോക്കാതെയുള്ള അവന്റെ നടപ്പ് ഷെറിനെ വല്ലാതെ പ്രകോപിപ്പിച്ചിരുന്നു ..
ചുറ്റുമുള്ള മനുഷ്യരൊക്കെ തന്നെ നോക്കി പരിഹസിക്കുന്നതായി തോന്നി അവൾക്ക് ..
ചിലരെങ്കിലും അവളെ അത്ഭുതത്തോടെ നോക്കി ...
ചിലര് അവളെ നോക്കി ചിരിച്ചു ...
തലയും കുനിച്ചു തിരികെ നടക്കുമ്പോൾ പിന്നിൽ നിന്ന് ഒരു ശബ്ദം ..
മോളെ ഞാൻ മതിയാവുവോ ...
കൂട്ടത്തിൽ മലയാളികളും ഉണ്ടെന്ന തിരിച്ചറിവോടെ തന്നെയാണ് തിരിഞ്ഞു നോക്കിയത് ..
ഒരു മധ്യവയസ്കൻ .. വിടലച്ചിരിയുമായി തന്നെ തന്നെ നോക്കി അങ്ങനെ നിൽക്കുന്നു ...
കൂടപ്പിറപ്പായ ധൈര്യം നെഞ്ചിൽ ചേർത്തു അയാളുടെ അടുത്തേക്ക് ചടുലമായി നടന്നു ചെന്നു ... അയാളുടെ കോളറിനു പിടിച്ചിട്ടു ഇത്ര മാത്രം പറഞ്ഞു
"996263-------
ഇതെന്റെ നമ്പര് ആണ് .. ധൈര്യം ഉണ്ടോടാ നിനക്ക് ഈ ഷെറിനെ അടക്കാൻ "
നടന്നു പോകുന്നവരൊക്കെ അവരെ നോക്കി കടന്നു പൊയ്ക്കൊണ്ടിരുന്നു ..
അയാളുടെ മുഖത്തെ ആ വളിച്ച ചിരി അപ്പോഴും മാഞ്ഞിരുന്നില്ല ..
പല്ല് കടിച്ചു കൊണ്ട് ഇത്ര കൂടി അവൾ പറഞ്ഞു ..
"പട്ടിയെപ്പോലെ എന്റെ കട്ടിലിൽ അണച്ചു കിടക്കാനല്ല...... ആണത്വം കാട്ടാൻ .... "
വന്ന അതെ ശക്തിയിൽ അവൾ തിരിഞ്ഞു നടക്കുമ്പോൾ അവൾ പറഞ്ഞ നമ്പര് പോലും ഓര്ത്തെടുക്കുവാൻ ആവാതെ അയാളങ്ങനെ നിന്നു ..
രണ്ടു
*****
ജഡ്ജസ് കോളനിയിൽ വില്ലയുടെ മുന്നിൽ ഉള്ള വെയ്റ്റിംഗ് ഷെഡ് എന്നത്തെയും പോലെ അവളെ കാത്തിരിക്കുകയായിരുന്നു.
തന്റെ സ്ഥിരം ഇരിപ്പിടം ഇപ്പോൾ അവിടെയുള്ള എല്ലാവര്ക്കും അറിയാം .. സേവ്യറിന് ഒഴിച്ചു ...
അവിടേക്ക് ഇരിക്കുമ്പോൾ പാതിയടഞ്ഞ വില്ലയുടെ ജനാലവാതിലിലേക്ക് പാളിയൊന്നു നോക്കി ..
ലൈറ്റ് ഉണ്ട് ... ഏതെങ്കിലും വലിയ കൊട്ടേഷൻ അയപ്പായിരിക്കും .. പുശ്ച്ചത്തോടെ അവൾ ചുണ്ടുകൾ കോട്ടി ....
ക്ഷീണം നിറഞ്ഞ കണ്ണുകൾ പാതി മയക്കമായി അവളെ ആവേശിക്കുമ്പോൾ കണ്ണുകളിൽ നഹാസ് നിറഞ്ഞു നിന്നു .. വിവാഹ ശേഷം സെവ്യറുമായി ചില്ലുജാലകങ്ങൾ മറച്ച ആ വലിയ ഐ റ്റി ഓഫീസിലേക്ക് അവൾ കാലെടുത്തു വെച്ചതു ... പെട്ടന്നൊരു നാൾ കണ്ണുകളിൽ കുസൃതി നിറച്ചു വെച്ച് ഓഫീസിലേക്ക് കടന്നു വന്ന പൂച്ചക്കണ്ണൻ ചെക്കൻ . വളരെ വേഗം തന്നെ അവൻ സേവ്യറിന് പ്രിയപ്പെട്ട അസിസ്റ്റന്റ് ആയതും സേവ്യർ അറിയാതെ തനിക്കു പ്രിയപ്പെട്ടവനായതും .. ഒടുവിൽ ഒഴിവു സമയങ്ങളിൽ കൂടെയുണ്ടാവാറുള്ള സെവ്യറുടെ മനപൂർവമെന്നോണം ഉള്ള അസാന്നിധ്യം അവൻ കയ്യടക്കിയതും .. ഒന്നുമറിയാത്ത പോലെയുള്ള സേവ്യറിന്റെ തിരക്കുകൾ..അയാളുടെ ഭാര്യവേഷം തനിക്കു മടുത്തു തുടങ്ങിയത് .. പിന്നീട് സ്നേഹത്തോടെയുള്ള നഹാസിന്റെ കുസൃതികൾ , തന്റെ മുഖമൊന്നു വാടിയാൽ കാരണമന്വേഷിച്ചു പിന്നാലെ കൂടുന്നത് , ചിലപ്പോഴെങ്കിലും കണ്ണുകൾ കൊണ്ട് തന്നെ അവൻ കൊത്തിവലിക്കുന്നത് ..
ഒടുവിൽ .. ഒടുവിലിന്നു ...
കുറഞ്ഞത് തന്നെക്കാൾ ഒരു വയസിനെങ്കിലും ഇളപ്പമായ അവന്റെ മുന്നിൽ പ്രണയം കൊതിച്ചൊരു കാമുകിയെപ്പോലെ താൻ അപേക്ഷിച്ചതും .. ഒടുവിലിപ്പോൾ ഒന്നിനും കൊള്ളാതെ താനിങ്ങനെ ഇവിടെ ഇരിക്കുന്നതും ...
ഒരു കാലമായി താൻ കരയാറെയില്ല എന്നോർത്ത് അവൾ അത്ഭുതപ്പെട്ടു .. ഇപ്പോളും തനിക്കു കരച്ചിൽ വരുന്നില്ല ..
ഫ്ലാറ്റിലേക്ക് കയറുമ്പോൾ പ്രതീക്ഷിച്ചതു പോലെ കംപ്യൂട്ടറിനു മുന്നില് തപസിരിക്കുന്ന സേവ്യറെ കാണാതെ ഷെറിൻ അത്ഭുതപ്പെട്ടു ...
കട്ടിലിന്റെ സൈഡിൽ ഇരുന്നിട്ട് അവൾ ഇത്ര മാത്രം ചോദിച്ചു ...
" എവിടേക്ക് പോകാനാണ് സേവി .. ഇത്രയും പാക്കിംഗ് ഒക്കെ നടത്തി വെച്ചിരിക്കുന്നത് ... "
അപ്പുറത്ത് നിന്നും മറുപടി ഒന്നും ഉണ്ടാവാതെ ഇരുന്നപ്പോൾ പെട്ടന്ന് എന്നത്തെയും പോലെ തന്നെ അവൾ പൊട്ടിത്തെറിച്ചു ...
"പരിഗണനകൾ ഇല്ല , സ്നേഹത്തോടെ ഒരു നോട്ടം പോലുമില്ല ... ഇപ്പോൾ മിണ്ടാട്ടവും ഇല്ലാണ്ടായോ ..."
പകരം ഒറ്റ ശ്വാസത്തിൽ അയാള് പറഞ്ഞുതീർത്ത മറുപടിയിൽ അവൾ നിശബ്ദയായിപ്പോയി ...
"ഷെറിൻ ... ഞാൻ നഹാസിനെ വിളിച്ചിരുന്നു .. തനിക്കൊരു കൂട്ടാകുമോ എന്ന് ചോദിക്കുവാൻ ..
നഹാസ് സമ്മതമെന്നു പറഞ്ഞിരുന്നെങ്കിൽ ഞാനിന്നു തന്നെ തന്നോട് പറഞ്ഞിട്ട് നാട്ടിലേക്ക് മടങ്ങിയേനെ ...സ്വസ്ഥതയും സമാധാനവും ഉള്ള ന്റെ നാട്ടിലേക്ക് ഒരു ഒഴിഞ്ഞു പോക്ക് ...പക്ഷെ അവനു തന്നോടുള്ള ഇഷ്ടത്തിനു കാമത്തിന്റെ നിറം മാത്രമേയുള്ളൂ ഷെറിൻ .. അല്ലാതോന്നും നഹാസ് എന്നാ വ്യക്തിയിലില്ല ........"
രണ്ടു പേരും നിശബ്ദരായിരുന്നു കുറേനേരം ...
"പോയ്ക്കൂടായിരുന്നോ ...കാവൽക്കാരന്റെ വേഷം കെട്ടി വെറുതെ ആടിത്തീർക്കുന്നതെന്തിനു .. ??" സ്വരം ഇടറി ആണവൾ അത് പറഞ്ഞത് ..
അപ്പുറത്ത് പിന്നീട് നിശബ്ദതയായിരുന്നു ... ദേഷ്യമോ സങ്കടമോ എന്നറിയാത്തൊരു വികാരം അവളിൽ നിറഞ്ഞു കവിഞ്ഞു .. തിരിഞ്ഞു നടന്നു തന്റെ സ്ഥിരം റൂമിലേക്ക് അവൾ മറഞ്ഞു ..
മൂന്നു
*****
ഓർമകൾക്ക് അവധി കൊടുക്കാൻ ശ്രമിച്ചു പരാജയപ്പെട്ടെങ്കിലും ക്ഷീണം ഷെറിനെ ഉറക്കത്തിലേക്കു വലിച്ചു കൊണ്ട് പോയിരുന്നു .. പാതി മയക്കത്തിൽ അവളറിഞ്ഞു ... കവിളുകളിലൂടെ ഒഴുകിയിറങ്ങുന്ന വിരൽപാടുകൾ .. സേവിയുടെ മണം തിരിച്ചറിഞ്ഞ നിമിഷം ചലിക്കാതെ അവളങ്ങിനെ കിടന്നു. പതിഞ്ഞ ശബ്ദത്തിൽ അയാൾ ചോദിച്ചു ..
"എന്തിനാണ് ആ വലിയ കട്ടിൽ ഉപേക്ഷിച്ചു നീ ഇവിടെക്കെന്നും വരുന്നത് .. "
അവളുടെ നിശബ്ദത വക വെയ്ക്കാതെ അയാൾ തുടർന്നു..
"ഞാനെന്നും ഇവിടേയ്ക്ക് വരാറുണ്ട് .. കുറെ നേരം നിന്റെ മുഖത്തിങ്ങനെ നോക്കി നിൽക്കും .. ഉറങ്ങുമ്പോൾ നിനക്കിന്നും ആ പഴയ കുസൃതിക്കാരിയുടെ മുഖമാണ് .. അയാളുടെ മുഖത്ത് പുഞ്ചിരി വിടര്ന്നു .. കുറെ നേരം എന്റെ ശ്വാസം പോലും നിനക്ക് ശല്യമുണ്ടാക്കരുതെന്ന വാശിയോടെ നിന്നിട്ട് നിന്നെ പുതപ്പിച്ചു ഞാൻ തിരികെപ്പോകും .. "
അയാൾ അവളെ പതിയെ തിരിച്ചു കിടത്തി നെഞ്ചിലേക്ക് കൂടുതൽ അടുപ്പിച്ചു .. കുതറാതെ ചലിക്കാതെ ചലനമറ്റ് അവളങ്ങിനെ കിടന്നു ..
സേവിയുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു ..
"എനിക്കറിയാം എനിക്ക് ചില ചെറിയ കുറ്റങ്ങൾ ഉണ്ടെന്നു .. അത് വളരെ ചെറുതാണ് എന്ന് നീയും ഞാനും മനസിലാക്കിയില്ല .. അതിന്റെ വലിപ്പം പ്രതീക്ഷിക്കുന്നതിലും കൂടുതലാണ് എന്നാ തെറ്റിധാരണ ഉള്ളില വളർന്നപ്പോൾ ഞാൻ പോലുമറിയാതെ ഞാൻ എന്നിലേക്ക് തന്നെ ചുരുണ്ടുപോയി .. മരിക്കണം എന്നൊക്കെ തോന്നിയിരുന്നു എനിക്ക് .. പക്ഷെ നീയീ മഹാ നഗരത്തിൽ ഒറ്റയ്ക്ക് .. അതാണെന്നെ പലപ്പോഴും പിൻതിരിപ്പിച്ചത് .. "
അയാളുടെ ചൂടുള്ള ശ്വാസം അവളുടെ കവിളുകളിൽ തട്ടി നിന്നു . കരയുകയാണ് അയാളെന്നു ഷെറിന് തോന്നിയെങ്കിലും അവൾ ചലിക്കുകയോ ശ്രദ്ധിക്കുന്നത് പോലെ അഭിനയിക്കുകയോ ചെയ്തില്ല ..
"മോളെ .. എല്ലാം ... എല്ലാം നിനക്ക് കഴിയുമായിരുന്നു .. എന്നെ തിരികെ പിടിക്കുവാൻ .. എന്നെ തിരിച്ചു കൊണ്ടുവരുവാൻ .. എല്ലാം ... എന്തേ നീ ശ്രമിച്ചില്ല ശ്രമിച്ചില്ല ....തോറ്റു ജീവിക്കുകയായിരുന്നു ഞാൻ ... ജയിപ്പിചൂടായിരുന്നോ നിനക്കെന്നെ .... എന്തിനെന്നെ ഇങ്ങനെ തോൽക്കാൻ വിടുന്നു നീീ ..."
നെഞ്ഞിലേക്ക് പതിയെ നനവ് പടര്ന്നിറങ്ങി .. നനവ് മനസിനെ നനച്ചപ്പോൾ അയാള് പതിയെ ചലിച്ചു അവളുടെ കവിളുകൾ തന്റെ മുഖത്തേക്ക് തിരിച്ചു ... അലറിക്കരഞ്ഞു കൊണ്ടവൾ അയാളുടെ നെഞ്ചിലേക്ക് വീണു ... ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ഏങ്ങലടിച്ചു അവൾ അയാളിലേക്ക് വീണ്ടും വീണ്ടും നനവ് പടര്ത്തി .. ഒരായിരം ചുംബനങ്ങൾ കൊണ്ട് മൂടി .. ഒരു വാക്ക് പോലുമവൾ പറഞ്ഞതേയില്ല ...
നെഞ്ഞിലേക്ക് കിനിഞ്ഞിറങ്ങിയ ഓരോ തുള്ളി കണ്ണുനീരും സെവ്യറിൽ പുഞ്ചിരി നിറച്ചു .. നനയുകയായിരുന്നു അയാൾ .. കാലങ്ങളായി നിഷേധിക്കപ്പെട്ട പ്രണയമഴ.. അവളെ നെഞ്ചോടു ചേര്ത്തു കെട്ടിപ്പുണർന്നു ചുംബനങ്ങളിൽ പൊതിയുമ്പോൾ ഏതോ ഒരു വലിയ മലയുടെ നെറുകയിൽ തന്റെ ജീവിതത്തിന്റെ വിജയക്കൊടി നാട്ടുകയായിരുന്നു സേവ്യർ എന്നാ സേവി ..
നാല്
****
പുതിയതായി ചാര്ജ് എടുത്ത ഓഫീസ് സ്റ്റാഫിനെ ജോലികൾ ഏൽപ്പിച്ചു നാട്ടിലേക്കു തിരിക്കുവാൻ തീരുമാനിച്ചു ഓഫിസിൽ നിന്നിറങ്ങുമ്പോൾ മനസ്സിൽ ഒരു കുഞ്ഞു സ്വപ്നം മാത്രമേ ഉണ്ടായിരുന്നുള്ളൂ .. പത്തനംതിട്ടയിലെ മലമുകളിൽ ഒരു കുടക്കീഴിൽ റബ്ബർ തോട്ടത്തിലൂടെ മഴ നനഞ്ഞു നടക്കാൻ കൊതിച്ചൊരു കൊച്ചു സ്വപ്നം ..
നഹാസ് ഇരുന്ന സീറ്റിലേക്ക് വെറുതെ പാളി ഒന്ന് നോക്കി ഷെറിൻ .. അവിടെ അവൻ ഉണ്ടായിരുന്നില്ല .. പകരം പരിചയമില്ലാത്ത ഏതോ പുതിയ സ്റ്റാഫ് ... സേവ്യറുടെ മുഖത്ത് പുഞ്ചിരി നിറഞ്ഞു നിന്നിരുന്നു .. നഹാസ് എവിടെ എന്ന ചോദ്യം അവൾ ചോദിച്ചതെയില്ല
അല്ലെങ്കിലും അവനെ ഇനി ആരും കാണില്ല എന്നാ സത്യം സേവ്യറിന്റെ കണ്ണുകളിൽ ഒളിച്ചു വെയ്ക്കപ്പെട്ടു ..
മുന്നോട്ടു നടക്കുമ്പോൾ സേവ്യർ ഷെറിന്റെ ചെവിയിൽ അടക്കം പറഞ്ഞു ..
''എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാർഥതയാണ് നീ ''
നിരഞ്ജൻ