കഥകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കഥകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016, മാർച്ച് 3, വ്യാഴാഴ്‌ച

സ്വപ്‌നങ്ങൾക്കുള്ളിലെ സ്വപ്‌നങ്ങൾ

സ്വപ്‌നങ്ങൾക്കുള്ളിലെ സ്വപ്‌നങ്ങൾ
*****************************************
ഇരുളായിരുന്നുവെന്നു ...
ഉള്ളിൽ   നിറഞ്ഞ ഇരുള് ...
തപ്പിത്തടഞ്ഞു ഞാനങ്ങനെ ഒരു പാട് ദൂരം നടന്നു ..
പരിചിതമായ മുഖങ്ങൾ ഒരു പാട് മുന്നിലൂടെ കടന്നു .പോയി ..
ഒരു ട്രെയിനിന്റെ സ്പീടുണ്ടായിരുന്നു എന്റെ യാത്രക്ക് ..
മുഖങ്ങളൊന്നും എന്നെ ശ്രദ്ധിക്കുന്നേയില്ല ..
ഒരു പക്ഷെ അവരെന്നെ കാണുന്നുണ്ടാവില്ല എന്ന് സംശയിച്ചു ഞാൻ ..
എങ്കിലും എനിക്കെന്തുകൊണ്ടാണ് ഈ യാത്രയുടെ സ്പീഡ് ഒന്ന് കുറച്ചു
അവരെ നോക്കി ഒന്ന് പുഞ്ചിരിക്കുവാൻ പോലും സാധിക്കാത്തതു ..
പെട്ടന്നൊരു നിമിഷം ഒരു ട്രെയിനിന്റെ ബോഗിക്കുള്ളിലാണ് ഞാനെന്നൊരു തോന്നൽ ..
ഇരുട്ടിൽ നിന്നും ഞാൻ തപ്പിയെടുത്ത നേർത്ത വെളിച്ചത്തെ വീണ്ടും ഇരുട്ടിലേക്ക് വലിച്ചെറിഞ്ഞിട്ട്‌ ട്രെയിൻ ഒരു തുരങ്കത്തിലേക്ക് ഊളിയിട്ടിറങ്ങി .
ശക്തമായ ഒരു ചൂളം വിളി ... കണ്ണ് തുറക്കുമ്പോൾ എന്റെ തൊട്ടടുത്തു നീല വെളിച്ചമായി ബെൽ മുഴക്കി ഫോൺ എന്നെ വിളിച്ചുണർത്താൻ ശ്രമിക്കുകയായിരുന്നു .
ഫോൺ എടുക്കും മുൻപേ സമയമൊന്നു നോക്കി .. രാവിലെ  5.30
ഫോൺ എടുത്തു ചേര്ത്തു ..
അപ്പുറത്തെ തലക്കൽ വിറയാർന്ന ശബ്ദം ... റോബിൻ .... എവിടെയാ നീ
അതിശയത്തോടെ അവൻ ചോദിച്ചു ... എട്ടനെന്നാ ഈ നേരത്ത് ... ????
"ഒന്നുമില്ല ...  സ്വപ്‌നങ്ങൾ , എന്തൊക്കെയോ ചീത്ത സ്വപ്നങ്ങൾ ... "
പിന്നീടൊന്നും കേട്ടില്ല .. അപ്പുറത്ത് ഫോൺ  കട്ട് ആയി ..
കൂടുതൽ ആലോചിക്കാന്‍ സമയമനുവദിക്കാത്തത് കൊണ്ടാവും റോബിന്‍ ബാത്ത്റൂമിലേക്കോടി .
ഫ്ലാറ്റിന്റെ സ്റെപ്പുകള്‍ ഇറങ്ങി വണ്ടി വരുന്ന സ്ഥലത്തേക്ക് നടക്കുമ്പോള്‍ അവന്‍ ആലോചിച്ചത് എട്ടനെക്കുറിച്ചായിരുന്നു ..അതൊരു പതിവായിരിക്കുന്നു ... ഇടയ്ക്കിടെ ഉള്ള കോളുകള്‍ ..
പേടിയുണ്ടാവും ... കാലം അതല്ലേ ... ചിരിച്ചു കൊണ്ടിരിക്കുമ്പോള്‍ പ്രിയപ്പെട്ടവരേ മരണം തട്ടിയെടുക്കുന്ന കാലം ..പ്രത്യേകിച്ച് ഈ നാട്ടില്‍ .. ആര്‍ക്കും ഒന്നും പറയാന്‍ കഴിയുന്നില്ലല്ലോ ....
ജീവിതം ഊഹിച്ചെടുത്തു പൂരിപ്പിച്ച് അത് മാറ്റമില്ലാതെ മുന്നോട്ടു പോകുകയാണെങ്കില്‍ നമ്മളെ ദൈവമെന്നു വിളിക്കാമായിരുന്നു .
ഉള്ളില്‍ ഉരുണ്ടു കൂടിയ ചിന്തകള്‍ ഒരു ദീര്‍ഖനിശ്വാസമായി പുറത്തേക്ക് വന്നപ്പോള്‍ ആണ് പിന്നില്‍ ഒരു കാല്‍പ്പെരുമാറ്റം കേട്ടതും ..
തിരിഞ്ഞു നോക്കുമ്പോള്‍ ഇരുട്ടില്‍ ഒരു നീണ്ട രൂപം ..
സൂക്ഷിച്ചു നോക്കിയാ റോബിന്റെ ഉള്ളില്‍ അറിയാതെ ഒരു ആന്തലുണ്ടായി ..
നല്ല നീളമുള്ള വൃദ്ധനായ ഒരു മനുഷ്യന്‍ ..എന്നാല്‍ ശരീരത്തിന് നല്ല ആരോഗ്യമുള്ളതു പോലെ ... അവന്‍ നില്‍ക്കുന്നതിനും പിന്നിലായി .ശക്തമായ കാല്‍വെപ്പുകളോടെ നടന്നു നീങ്ങുകയാണയാള്‍ ..
ഇടത്തേക്ക് തിരിഞ്ഞു അയാളെ തന്നെ നോക്കി അവനങ്ങനെ നിന്നു. അടുത്തെത്തിയപ്പോള്‍ രൂക്ഷമായ ഒരു നോട്ടം .. അയാളുടെ കണ്ണിലെ അഗ്നി തന്റെ കണ്ണുകളെ ചുട്ടു ചാമ്പലാക്കും പോലെ തോന്നി അവനു .. സൂക്ഷിച്ചു അവനെ നോക്കിക്കൊണ്ട്‌ തന്നെ അയാള്‍ മുന്നോട്ടു നടന്നു നീങ്ങി ...
ഒരിക്കല്‍ കൂടി മാത്രമേ തല തിരിച്ചു റോബിന്‍ അയാളെ നോക്കിയുള്ളൂ ... അയാളുടെ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു .. തല നിറയെ നരച്ചു തിളക്കമുള്ള മുടിയാല്‍ മൂടപ്പെട്ടിരുന്നു ... കാഴ്ച മറയുന്ന പോലെ ... അയാളുടെ കാലടിയുടെ ശബ്ദം അവന്റെ ചെവിയിലേക്ക് മുഴക്കമായി നിലകൊണ്ടു ..
ആദ്യമായി ഒരു പ്രാര്‍ത്ഥന .. ഓഫീസ് വണ്ടി  എത്രയും വേഗം വന്നിരുന്നെങ്കില്‍ എന്ന് അറിയാതെ അവന്‍ പ്രാര്‍ഥിച്ചു പോയി .. അതിനൊപ്പം നിന്നിരുന്ന സ്ഥലത്ത് നിന്ന് താഴേക്കിറങ്ങി റോഡിലേക്ക് പതിയെ നടന്നു അവന്‍ ... ഇടക്കൊന്നു തിരിഞ്ഞു നോക്കുമ്പോള്‍ അയാള്‍ അവിടെ തന്നെ ഉണ്ടായിരുന്നു ... ഉള്ളില്‍ നിന്നാരോ വിളിച്ചു പറഞ്ഞു ... അവനിത് വരെ കേള്‍ക്കാത്ത അയാളുടെ ശബ്ദത്തില്‍ ....
"റോബിന്‍ നിന്നെ കൊണ്ടുപോകുവാന്‍ വന്നതാണ് ഞാനെന്നു .. "
റോഡില്‍ വണ്ടി കാത്തുള്ള നില്‍പ്പിനു നീളം കൂടുന്ന പോലെ ... ദൂരെ നിന്നൊരു കോസ്ടര്‍ ബസ് പാഞ്ഞു വരുന്നത് മാത്രമേ അവനു ഓർമയുണ്ടായിരുന്നുള്ളൂ ... തന്നെ എടുക്കുവാന്‍ വന്ന കമ്പനി വണ്ടി ആണത് എന്നാ ആശ്വാസം അവന്റെ മുഖത്ത് നിഴലിച്ചു. പിന്നിലോരാള്‍ തന്നെ മാത്രം നോക്കി എന്തിനോ നില്‍ക്കുന്നു എന്നാ ബോധം മറന്നു വണ്ടിക്കുള്ളിലേക്ക് എത്തിപ്പെടാൻ  അവന്റെ ശരീരം അവനെ ക്ഷണിച്ചുകൊണ്ടേയിരുന്നു...
ഒരിക്കലും പ്രതീക്ഷിക്കാത്ത സ്പീഡിൽ
പാഞ്ഞു വന്ന വണ്ടി റോബിന്റെ തൊട്ടടുത്തെത്തുംപോൾ ഭ്രാന്തു പിടിച്ചത് പോലെ വീണ്ടും സ്പീഡ് കൂടുകയാണ്ണ്ണ്ടായത്. തന്റെ മരണമാണാ വരുന്നതെന്ന തിരിച്ചറിവിൽ ജീവ
രക്ഷാർഥം വെട്ടിത്തിരിഞ്ഞവൻ ഇടത്തേക്ക് തിരിഞ്ഞു ചാടി ദൂരേക്ക്‌ തെറിച്ചു വീണു . സ്ട്രീറ്റ് ലൈറ്റിന്റെ പോസ്റ്റിൽ ഇടിച്ചു മറിഞ്ഞ വണ്ടിയിൽ നിന്നുള്ള അലർച്ചകൾ . കിടന്ന കിടപ്പിൽ
റോബിൻ നോക്കിയത് വണ്ടിയിലേക്കായിരുന്നില്ല.പകരം അയാൾ അവിടെ ഉണ്ടോ എന്നായിരുന്നു . വലിയൊരു സ്ഫോടനശബ്ദത്തോടെ വണ്ടി പൊട്ടിത്തെറിച്ച തീയുടെ കനലുകൾ അയാളുടെ കണ്ണിൽ ആളുന്നത്തു കണ്ടു റോബിൻ പേടിയോടെ കണ്ണുകൾ അടച്ചു .
മനസിലേക്ക് പ്രിയപ്പെട്ടവരുടെ മുഖം കൂട്ടുകാരുടെ മുഖം . വിതുമ്പലമർത്തി റോബിൻ എഴുന്നേറ്റു നില്ക്കുവാൻ ശ്രമിച്ചു .അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി .
"റോഡിൽ നിന്ന് സ്വപ്നം കണ്ടു കരയാതെ വണ്ടിയിൽ കേറടാ "
സ്ലോമൊയുടെ ശബ്ദം.
പതിയെ റോബിൻ കണ്ണുകൾ തുറന്നു .കണ്മുന്നിൽ ഓഫിസിലെ വണ്ടി. ചിരിയോടെ സ്ലോമോ. പിന്നിൽ തന്നെ നോക്കുന്ന കൂട്ടുകാർ . ആശ്വാസം നിറഞ്ഞ മുഖവുമായി റോബിൻ എല്ലാവരെയും നോക്കി. പതിയെ വണ്ടിയിലേക്ക് . എല്ലാവരും അവനെ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു..
വണ്ടിക്കുള്ളിൽ ഇരുന്നശേഷം വിറയ്ക്കുന്ന ചുണ്ടുകളുമായി
വിതുമ്പലടക്കി അവൻ പതിയെ നോക്കി
അവിടെ അല്പ്പം അകലെയായി അയാൾ . തന്നെ തന്നെ നോക്കിക്കൊണ്ട്‌ . തന്റെ
കണ്ണുകളെ കീഴ്പ്പെടുത്തിക്കൊണ്ട് ...
സിഗ്നൽ കടന്നു മറയുമ്പോൾ റോബിൻ ആദ്യമായി പ്രാർഥിക്കുകയായിരുന്നു . അപകടങ്ങൾ ഒഴിയുവാനുള്ള പ്രാർത്ഥന .
ഇടയിലെപ്പോഴോ പാതിമയക്കത്തിൽ
മറ്റൊരു പുതിയ സ്വപ്നത്തിലേക്ക് അവൻ വഴുതിവീണു


നിരഞ്ജൻ

A Typical But Untold Story


എത്രത്തോളം ചാപല്യങ്ങൾ ഉള്ളിൽ നിറഞ്ഞാലും പെണ്ണെന്നും 
അവൾക്കു അവകാശപ്പെട്ടവന് മാത്രമെന്ന് 
തിരിച്ചറിയിക്കുവാൻ മാത്രമുള്ള ഒരു ശ്രമം ,
സമയം കിട്ടിയാൽ വായിക്കുക

A Typical But Untold Story
***************************
ഒന്ന്
***
നഹാസ്  .....
വളരെ ഉറക്കെയുള്ള ആ വിളി ...
ദൂരങ്ങളിലേക്ക് പ്രതിധ്വനിച്ചു ...
ഐ ആം ഇൻ ലവ് ...
നഹാസ് ...
തിരിഞ്ഞു നോക്കാതെയുള്ള അവന്റെ നടപ്പ് ഷെറിനെ വല്ലാതെ പ്രകോപിപ്പിച്ചിരുന്നു ..
ചുറ്റുമുള്ള മനുഷ്യരൊക്കെ തന്നെ നോക്കി പരിഹസിക്കുന്നതായി തോന്നി അവൾക്ക് ..
ചിലരെങ്കിലും അവളെ അത്ഭുതത്തോടെ നോക്കി ...
ചിലര് അവളെ നോക്കി ചിരിച്ചു ...
തലയും കുനിച്ചു തിരികെ നടക്കുമ്പോൾ പിന്നിൽ നിന്ന് ഒരു ശബ്ദം  ..
മോളെ ഞാൻ മതിയാവുവോ ...
കൂട്ടത്തിൽ മലയാളികളും ഉണ്ടെന്ന തിരിച്ചറിവോടെ തന്നെയാണ് തിരിഞ്ഞു നോക്കിയത് ..
ഒരു മധ്യവയസ്കൻ .. വിടലച്ചിരിയുമായി തന്നെ തന്നെ നോക്കി അങ്ങനെ നിൽക്കുന്നു ...
കൂടപ്പിറപ്പായ ധൈര്യം നെഞ്ചിൽ ചേർത്തു അയാളുടെ അടുത്തേക്ക്‌ ചടുലമായി നടന്നു ചെന്നു ... അയാളുടെ കോളറിനു പിടിച്ചിട്ടു ഇത്ര മാത്രം പറഞ്ഞു

"996263-------
ഇതെന്റെ നമ്പര് ആണ് .. ധൈര്യം ഉണ്ടോടാ നിനക്ക് ഈ ഷെറിനെ അടക്കാൻ "
നടന്നു പോകുന്നവരൊക്കെ അവരെ നോക്കി കടന്നു പൊയ്ക്കൊണ്ടിരുന്നു ..
അയാളുടെ മുഖത്തെ ആ വളിച്ച ചിരി അപ്പോഴും മാഞ്ഞിരുന്നില്ല ..
പല്ല് കടിച്ചു കൊണ്ട് ഇത്ര കൂടി അവൾ പറഞ്ഞു ..
"പട്ടിയെപ്പോലെ എന്റെ കട്ടിലിൽ അണച്ചു കിടക്കാനല്ല...... ആണത്വം കാട്ടാൻ .... "
വന്ന അതെ ശക്തിയിൽ അവൾ തിരിഞ്ഞു നടക്കുമ്പോൾ അവൾ പറഞ്ഞ നമ്പര് പോലും ഓര്ത്തെടുക്കുവാൻ ആവാതെ അയാളങ്ങനെ നിന്നു ..

രണ്ടു
*****
ജഡ്ജസ് കോളനിയിൽ വില്ലയുടെ മുന്നിൽ  ഉള്ള വെയ്റ്റിംഗ് ഷെഡ്‌ എന്നത്തെയും പോലെ അവളെ കാത്തിരിക്കുകയായിരുന്നു.
തന്റെ സ്ഥിരം ഇരിപ്പിടം ഇപ്പോൾ അവിടെയുള്ള എല്ലാവര്ക്കും അറിയാം .. സേവ്യറിന് ഒഴിച്ചു ...
അവിടേക്ക് ഇരിക്കുമ്പോൾ പാതിയടഞ്ഞ വില്ലയുടെ ജനാലവാതിലിലേക്ക് പാളിയൊന്നു നോക്കി ..
ലൈറ്റ് ഉണ്ട് ...  ഏതെങ്കിലും വലിയ  കൊട്ടേഷൻ അയപ്പായിരിക്കും .. പുശ്ച്ചത്തോടെ അവൾ ചുണ്ടുകൾ കോട്ടി ....
ക്ഷീണം നിറഞ്ഞ കണ്ണുകൾ പാതി മയക്കമായി അവളെ ആവേശിക്കുമ്പോൾ കണ്ണുകളിൽ നഹാസ് നിറഞ്ഞു നിന്നു .. വിവാഹ ശേഷം സെവ്യറുമായി ചില്ലുജാലകങ്ങൾ മറച്ച ആ വലിയ ഐ റ്റി ഓഫീസിലേക്ക് അവൾ കാലെടുത്തു വെച്ചതു ...  പെട്ടന്നൊരു നാൾ കണ്ണുകളിൽ കുസൃതി നിറച്ചു വെച്ച് ഓഫീസിലേക്ക് കടന്നു വന്ന പൂച്ചക്കണ്ണൻ ചെക്കൻ  . വളരെ വേഗം തന്നെ അവൻ സേവ്യറിന് പ്രിയപ്പെട്ട അസിസ്റ്റന്റ്‌ ആയതും സേവ്യർ അറിയാതെ തനിക്കു പ്രിയപ്പെട്ടവനായതും .. ഒടുവിൽ ഒഴിവു സമയങ്ങളിൽ കൂടെയുണ്ടാവാറുള്ള സെവ്യറുടെ മനപൂർവമെന്നോണം ഉള്ള അസാന്നിധ്യം അവൻ കയ്യടക്കിയതും .. ഒന്നുമറിയാത്ത പോലെയുള്ള സേവ്യറിന്റെ തിരക്കുകൾ..അയാളുടെ ഭാര്യവേഷം തനിക്കു മടുത്തു തുടങ്ങിയത്  .. പിന്നീട് സ്നേഹത്തോടെയുള്ള  നഹാസിന്റെ കുസൃതികൾ , തന്റെ മുഖമൊന്നു വാടിയാൽ കാരണമന്വേഷിച്ചു പിന്നാലെ കൂടുന്നത് , ചിലപ്പോഴെങ്കിലും  കണ്ണുകൾ കൊണ്ട് തന്നെ അവൻ കൊത്തിവലിക്കുന്നത്  ..
ഒടുവിൽ .. ഒടുവിലിന്നു ...
കുറഞ്ഞത്‌ തന്നെക്കാൾ ഒരു വയസിനെങ്കിലും ഇളപ്പമായ അവന്റെ മുന്നിൽ പ്രണയം കൊതിച്ചൊരു കാമുകിയെപ്പോലെ താൻ അപേക്ഷിച്ചതും .. ഒടുവിലിപ്പോൾ ഒന്നിനും കൊള്ളാതെ താനിങ്ങനെ ഇവിടെ ഇരിക്കുന്നതും ...
ഒരു കാലമായി താൻ കരയാറെയില്ല  എന്നോർത്ത് അവൾ അത്ഭുതപ്പെട്ടു .. ഇപ്പോളും തനിക്കു കരച്ചിൽ വരുന്നില്ല ..
ഫ്ലാറ്റിലേക്ക് കയറുമ്പോൾ പ്രതീക്ഷിച്ചതു പോലെ കംപ്യൂട്ടറിനു മുന്നില് തപസിരിക്കുന്ന സേവ്യറെ കാണാതെ ഷെറിൻ അത്ഭുതപ്പെട്ടു ...
കട്ടിലിന്റെ സൈഡിൽ ഇരുന്നിട്ട് അവൾ ഇത്ര മാത്രം ചോദിച്ചു ...
" എവിടേക്ക് പോകാനാണ് സേവി .. ഇത്രയും പാക്കിംഗ് ഒക്കെ നടത്തി വെച്ചിരിക്കുന്നത് ... "
അപ്പുറത്ത് നിന്നും മറുപടി ഒന്നും ഉണ്ടാവാതെ ഇരുന്നപ്പോൾ പെട്ടന്ന് എന്നത്തെയും പോലെ തന്നെ അവൾ പൊട്ടിത്തെറിച്ചു ...
"പരിഗണനകൾ ഇല്ല , സ്നേഹത്തോടെ ഒരു നോട്ടം പോലുമില്ല ... ഇപ്പോൾ മിണ്ടാട്ടവും ഇല്ലാണ്ടായോ ..."
പകരം ഒറ്റ ശ്വാസത്തിൽ അയാള് പറഞ്ഞുതീർത്ത മറുപടിയിൽ അവൾ നിശബ്ദയായിപ്പോയി ...
"ഷെറിൻ ... ഞാൻ നഹാസിനെ വിളിച്ചിരുന്നു .. തനിക്കൊരു കൂട്ടാകുമോ എന്ന് ചോദിക്കുവാൻ ..
നഹാസ്  സമ്മതമെന്നു പറഞ്ഞിരുന്നെങ്കിൽ ഞാനിന്നു തന്നെ തന്നോട് പറഞ്ഞിട്ട് നാട്ടിലേക്ക് മടങ്ങിയേനെ ...സ്വസ്ഥതയും സമാധാനവും ഉള്ള ന്റെ നാട്ടിലേക്ക് ഒരു ഒഴിഞ്ഞു പോക്ക് ...പക്ഷെ അവനു തന്നോടുള്ള ഇഷ്ടത്തിനു കാമത്തിന്റെ നിറം മാത്രമേയുള്ളൂ ഷെറിൻ .. അല്ലാതോന്നും നഹാസ് എന്നാ വ്യക്തിയിലില്ല ........"
രണ്ടു പേരും നിശബ്ദരായിരുന്നു കുറേനേരം ...
"പോയ്ക്കൂടായിരുന്നോ ...കാവൽക്കാരന്റെ വേഷം കെട്ടി വെറുതെ ആടിത്തീർക്കുന്നതെന്തിനു .. ??" സ്വരം ഇടറി ആണവൾ അത് പറഞ്ഞത് ..
അപ്പുറത്ത് പിന്നീട് നിശബ്ദതയായിരുന്നു ... ദേഷ്യമോ സങ്കടമോ എന്നറിയാത്തൊരു വികാരം അവളിൽ നിറഞ്ഞു കവിഞ്ഞു .. തിരിഞ്ഞു നടന്നു തന്റെ സ്ഥിരം റൂമിലേക്ക്‌ അവൾ മറഞ്ഞു ..

മൂന്നു
*****
ഓർമകൾക്ക് അവധി കൊടുക്കാൻ ശ്രമിച്ചു പരാജയപ്പെട്ടെങ്കിലും ക്ഷീണം ഷെറിനെ ഉറക്കത്തിലേക്കു വലിച്ചു കൊണ്ട് പോയിരുന്നു .. പാതി മയക്കത്തിൽ അവളറിഞ്ഞു ... കവിളുകളിലൂടെ ഒഴുകിയിറങ്ങുന്ന വിരൽപാടുകൾ .. സേവിയുടെ മണം തിരിച്ചറിഞ്ഞ നിമിഷം ചലിക്കാതെ  അവളങ്ങിനെ കിടന്നു. പതിഞ്ഞ ശബ്ദത്തിൽ അയാൾ ചോദിച്ചു ..
"എന്തിനാണ് ആ വലിയ കട്ടിൽ ഉപേക്ഷിച്ചു നീ ഇവിടെക്കെന്നും വരുന്നത് .. "
അവളുടെ നിശബ്ദത വക വെയ്ക്കാതെ അയാൾ തുടർന്നു..
"ഞാനെന്നും ഇവിടേയ്ക്ക് വരാറുണ്ട് .. കുറെ നേരം നിന്റെ മുഖത്തിങ്ങനെ നോക്കി നിൽക്കും .. ഉറങ്ങുമ്പോൾ നിനക്കിന്നും ആ  പഴയ കുസൃതിക്കാരിയുടെ മുഖമാണ് .. അയാളുടെ മുഖത്ത് പുഞ്ചിരി വിടര്ന്നു .. കുറെ നേരം  എന്റെ ശ്വാസം പോലും നിനക്ക് ശല്യമുണ്ടാക്കരുതെന്ന വാശിയോടെ നിന്നിട്ട് നിന്നെ പുതപ്പിച്ചു ഞാൻ തിരികെപ്പോകും .. "
അയാൾ അവളെ പതിയെ തിരിച്ചു കിടത്തി നെഞ്ചിലേക്ക് കൂടുതൽ അടുപ്പിച്ചു .. കുതറാതെ ചലിക്കാതെ ചലനമറ്റ് അവളങ്ങിനെ കിടന്നു ..
സേവിയുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു ..
"എനിക്കറിയാം എനിക്ക് ചില ചെറിയ കുറ്റങ്ങൾ ഉണ്ടെന്നു .. അത് വളരെ ചെറുതാണ് എന്ന് നീയും ഞാനും മനസിലാക്കിയില്ല .. അതിന്റെ വലിപ്പം പ്രതീക്ഷിക്കുന്നതിലും കൂടുതലാണ് എന്നാ തെറ്റിധാരണ ഉള്ളില വളർന്നപ്പോൾ ഞാൻ പോലുമറിയാതെ ഞാൻ എന്നിലേക്ക്‌ തന്നെ ചുരുണ്ടുപോയി .. മരിക്കണം എന്നൊക്കെ തോന്നിയിരുന്നു എനിക്ക് .. പക്ഷെ നീയീ മഹാ നഗരത്തിൽ ഒറ്റയ്ക്ക് .. അതാണെന്നെ പലപ്പോഴും പിൻതിരിപ്പിച്ചത് .. "
അയാളുടെ ചൂടുള്ള ശ്വാസം അവളുടെ കവിളുകളിൽ തട്ടി നിന്നു . കരയുകയാണ് അയാളെന്നു ഷെറിന് തോന്നിയെങ്കിലും അവൾ ചലിക്കുകയോ ശ്രദ്ധിക്കുന്നത് പോലെ അഭിനയിക്കുകയോ ചെയ്തില്ല ..
"മോളെ .. എല്ലാം ... എല്ലാം നിനക്ക് കഴിയുമായിരുന്നു .. എന്നെ തിരികെ പിടിക്കുവാൻ .. എന്നെ തിരിച്ചു കൊണ്ടുവരുവാൻ .. എല്ലാം ... എന്തേ നീ ശ്രമിച്ചില്ല ശ്രമിച്ചില്ല ....തോറ്റു ജീവിക്കുകയായിരുന്നു ഞാൻ ... ജയിപ്പിചൂടായിരുന്നോ നിനക്കെന്നെ .... എന്തിനെന്നെ ഇങ്ങനെ തോൽക്കാൻ വിടുന്നു നീീ ..."
നെഞ്ഞിലേക്ക് പതിയെ നനവ്‌ പടര്ന്നിറങ്ങി .. നനവ്‌ മനസിനെ നനച്ചപ്പോൾ അയാള് പതിയെ ചലിച്ചു അവളുടെ കവിളുകൾ തന്റെ മുഖത്തേക്ക് തിരിച്ചു ... അലറിക്കരഞ്ഞു കൊണ്ടവൾ അയാളുടെ നെഞ്ചിലേക്ക് വീണു ... ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ഏങ്ങലടിച്ചു അവൾ അയാളിലേക്ക് വീണ്ടും വീണ്ടും നനവ്‌ പടര്ത്തി .. ഒരായിരം ചുംബനങ്ങൾ കൊണ്ട് മൂടി .. ഒരു വാക്ക് പോലുമവൾ പറഞ്ഞതേയില്ല ...
നെഞ്ഞിലേക്ക് കിനിഞ്ഞിറങ്ങിയ ഓരോ തുള്ളി കണ്ണുനീരും സെവ്യറിൽ പുഞ്ചിരി നിറച്ചു .. നനയുകയായിരുന്നു അയാൾ ..  കാലങ്ങളായി നിഷേധിക്കപ്പെട്ട പ്രണയമഴ.. അവളെ നെഞ്ചോടു ചേര്ത്തു കെട്ടിപ്പുണർന്നു ചുംബനങ്ങളിൽ പൊതിയുമ്പോൾ ഏതോ ഒരു വലിയ മലയുടെ നെറുകയിൽ തന്റെ ജീവിതത്തിന്റെ വിജയക്കൊടി നാട്ടുകയായിരുന്നു സേവ്യർ എന്നാ സേവി ..

നാല്
****
പുതിയതായി ചാര്ജ് എടുത്ത ഓഫീസ് സ്റ്റാഫിനെ ജോലികൾ ഏൽപ്പിച്ചു നാട്ടിലേക്കു തിരിക്കുവാൻ തീരുമാനിച്ചു ഓഫിസിൽ നിന്നിറങ്ങുമ്പോൾ മനസ്സിൽ ഒരു കുഞ്ഞു സ്വപ്നം മാത്രമേ ഉണ്ടായിരുന്നുള്ളൂ .. പത്തനംതിട്ടയിലെ മലമുകളിൽ ഒരു കുടക്കീഴിൽ റബ്ബർ തോട്ടത്തിലൂടെ മഴ നനഞ്ഞു നടക്കാൻ കൊതിച്ചൊരു കൊച്ചു സ്വപ്നം ..
നഹാസ് ഇരുന്ന സീറ്റിലേക്ക് വെറുതെ പാളി ഒന്ന് നോക്കി ഷെറിൻ .. അവിടെ അവൻ ഉണ്ടായിരുന്നില്ല .. പകരം പരിചയമില്ലാത്ത ഏതോ പുതിയ സ്റ്റാഫ്‌ ... സേവ്യറുടെ മുഖത്ത് പുഞ്ചിരി നിറഞ്ഞു നിന്നിരുന്നു .. നഹാസ് എവിടെ എന്ന ചോദ്യം അവൾ ചോദിച്ചതെയില്ല
അല്ലെങ്കിലും അവനെ ഇനി  ആരും കാണില്ല എന്നാ സത്യം സേവ്യറിന്റെ കണ്ണുകളിൽ ഒളിച്ചു വെയ്ക്കപ്പെട്ടു ..
മുന്നോട്ടു നടക്കുമ്പോൾ സേവ്യർ ഷെറിന്റെ ചെവിയിൽ അടക്കം പറഞ്ഞു ..
''എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാർഥതയാണ് നീ ''


നിരഞ്ജൻ 



2013, നവംബർ 21, വ്യാഴാഴ്‌ച

ചില ലക്‌ഷ്യങ്ങള്‍


എഴുത്തിന്റെ വഴികളിലെക്കുള്ള എന്റെ തിരിച്ചു വരവിനു തുടക്കമിട്ടത് അവളായിരുന്നു ...ഒരു കള്ളം ...പലവട്ടം പറഞ്ഞു സത്യമാക്കുന്ന ലാഘവത്തോടെ എന്നിലെ നഷ്ടമായ പ്രണയം അവളെനിക്ക് തിരിച്ചു സമ്മാനിക്കുകയായിരുന്നു....


അവളുടെ വാക്കുകളിലൂടെ വീണ്ടും ഞാന്‍ എന്റെ അക്ഷരങ്ങളെ പ്രണയിക്കുവാന്‍ തുടങ്ങി ...രാകി 
രാകി മൂര്‍ച്ച കൂട്ടിയ എഴുത്താണിയുടെ തുമ്പില്‍  എന്റെ എഴുത്തുകള്‍ക്ക് ജീവന്‍ വെച്ചു...എന്റെ പൊട്ടഎഴുത്തുകളിലെ ഓരോ വരികളും ..പ്രണയവും പുകഴ്ത്തലും കൊഞ്ചലും കൊണ്ടവള്‍ നിറച്ചപ്പോള്‍ ആകാശത്തിനും മേലെ ഉയര്‍ന്നു പറക്കുകയായിരുന്നു ഞാന്‍ ... 


അവളും ലക്‌ഷ്യപൂര്‍ത്തിയുടെ വെമ്പലുമായി എന്നെ വട്ടമിട്ടു പറക്കുന്നു എന്നറിയാതെ വാക്കുകളിലെ ഏച്ചുകെട്ടലില്‍ എന്റെ എഴുത്തുകള്‍ വീണ്ടും പുനര്‍ജനിച്ചു ..അന്നോളമെഴുതിക്കൂട്ടി വെച്ചിരുന്ന എഴുത്തുകളെ പുച്ഛത്തോടെ ഞാന്‍ വലിച്ചെറിഞ്ഞു ..ഒരു മനുഷ്യായുസില്‍ ഞാന്‍ എന്ന എഴുത്തുകാരന്‍ എഴുതിയ ഏറ്റവും മനോഹരമായ കഥ ഇതാണ് എന്ന് സ്വന്തം മനസ് പറഞ്ഞു ....ആ തിരിച്ചറിവ് സമ്മാനിച്ച തിരയിളക്കം അന്നായിരിക്കണം ,,ലോകത്തെ നോക്കി അഹങ്കാരത്തോടെ ആദ്യമായി പൊട്ടിച്ചിരിച്ചതും. 


എഴുതിയതൊന്നും വെറുതെയല്ല എന്നത് വായിച്ച ഓരോ വരിയിലും കാണപ്പെട്ട അവളുടെ മുഖത്തെ ആകാംക്ഷയും മൌനവും എന്നോട് വിളിച്ചു പറഞ്ഞു ...ഒടുവില്‍ അവസാന താളുകള്‍ മറിച്ചു ഒരു ധീര്ഖ നിശ്വാസം ,,,,ഒരു മിഴിനീര്‍തുള്ളി പൊടിഞ്ഞു തറയിലേക്ക് വീണപ്പോള്‍ ലോകം എന്റെ കാല്‍ച്ചുവട്ടില്‍ വന്നു തല കുനിച്ചു നില്‍ക്കും പോലെ .... ആ കഥയിലെ നായിക അവളും നായകന്‍ ഞാനുമായിരുന്നു എന്ന് അവളറിഞ്ഞിരുന്നുവോ ..


നാളെയുടെ മുഖം എനിക്ക് നേരെ തുറക്കുമ്പോള്‍ എനിക്കായി മാത്രം അവളെന്തോ കാത്തു വെച്ചിരിക്കുന്നു എന്ന വിശ്വാസത്തോടെ അന്നു ഞാനുറങ്ങി ....ഒന്നും സംഭവിക്കാതെ ദിവസങ്ങള്‍ കടന്നു പോയ്ക്കൊന്ടെയിരുന്നു ....കാറ്റില്‍ പൊഴിഞ്ഞു വീഴുന്ന കരിയിലകളോ എന്റെ ജനാലയിലേക്ക് അരിച്ചു കയറുന്ന നേര്‍ത്ത തണുപ്പിന്റെ ഈര്പ്പമോ പിന്നീട് അവളെക്കുറിച്ച് എന്നോട് പറഞ്ഞില്ല ...തേടിയ വഴികളിലോക്കെ അവളുണ്ടായിരുന്നു . രക്തം ചിന്തുന്ന ഒരു ഓര്മ മാത്രമായി ... 


മാസങ്ങള്‍ക്ക് ശേഷം എന്റെ മുന്നില്‍ മാത്രം അവളോളിപ്പിച്ചു വെച്ച ഒരു താലിയുടെ ഉടമസ്ഥന്റെ പേര് കഥ,തിരക്കഥ, സംഭാഷണം ,സംവിധാനം എന്നാ വലിയ ബോര്‍ഡിനു താഴെ എഴുതിക്കാട്ടുമ്പോള്‍ എന്റെ ജനാല വാതിലുകള്‍ ഞാന്‍ ലോകത്തിനു നേരെയും അവള്‍ക്കു നേരെയും കൊട്ടിയടക്കുകയായിരുന്നു ...തിരക്കഥാകൃത്തും സംവിധായകനുമായ ആ മഹാന്‍ പുതുതായി രൂപപ്പെട്ട ആരാധക വൃന്ദത്തിന് മുന്നില്‍ തലയെടുപ്പോടെ നില്‍ക്കുമ്പോള്‍.. മറ്റൊരിടത്ത് നഷ്ടപ്പെട്ടവന്റെ കഴുത്തിലേക്ക് ഒരു കുരുക്ക് മുറുകുകയായിരുന്നു.. 

 

 പരാതിയോ പരിഭവമോ പറയാതെ പ്രണയത്തെ സ്നേഹിച്ച പാവം കഥാകാരന്റെ അവസാന ഞരക്കം ...

​​


http://niranjanthamburu.blogspot.com

നീരാഞ്ജനം (സുജിത്ത് മുതുകുളം)

2013, നവംബർ 11, തിങ്കളാഴ്‌ച

പുറന്തള്ളപ്പെട്ടവര്‍ ..

അതിഭാവുകത്വങ്ങള്‍ ഇല്ലാത്ത ഒരു കഥ . ഞാന്‍ കണ്ടറിഞ്ഞ ഒരു ജീവിതം .. കൂട്ടിചേര്‍ക്കലുകള്‍ ഒന്നുമില്ലാതെ .. 
ഇതൊരു ജീവിതം ആയിരുന്നു .. സത്യം 
**********************************************************************************


ലക്ഷ്മിയമ്മയുടെ വിറങ്ങലിച്ച ശരീരം നോക്കി കുറെ നേരം നിന്നു
​ അവള്‍ - ​
 വിജി....കരയണം എന്നൊരു തോന്നല്‍ ഉണ്ടായിരുന്നു അവള്‍ക്കു എന്തോ കരഞ്ഞില്ല അവള്‍ ..അവളുടെ ഓര്‍മകളില്‍ ലക്ഷ്മിക്കുട്ടി അപ്പോളും മരിച്ചിട്ടുണ്ടായിരുന്നില്ല .മൂലയില്‍ എവിടെയോ രജനി 
​തേ
ങ്ങുന്നുണ്ടായിരുന്നു ...അവളുടെ കണ്ണുകളില്‍ നിന്നും ഒഴുകുന്ന 
​കണ്ണുനീരിനോട് പുച്ഛം ആണ് തോന്നിയത് 
 വിജിക്ക് ..ഇടക്കെപ്പോഴോ അവള്‍ വിജിയുടെ മുഖത്തെക്കൊന്നു നോക്കി ..തുളച്ചു കയറുന്ന വിജിയുടെ നോട്ടം താങ്ങാന്‍ ആകാതെ അവള്‍ തല താഴ്ത്തിയിരുന്നു .കൂടുതല്‍ നേരം അവരുടെ ശരീരം നോക്കി നില്‍ക്കാന്‍ അവള്‍ക്കായില്ല ..പതിയെ വീട്ടിലേക്കു തിരികെ നടന്നു .ഗേറ്റ് തുറന്നു അകത്തേക്ക് ചെല്ലുമ്പോള്‍ കൊച്ചുമോന്‍ ഓടി അടുത്തേക്ക് വന്നു ...ആകാംക്ഷയോ ഭയമോ അവന്‍ ചോദിച്ചു..അമ്മാ എങ്ങനെയാ സംഭവിച്ചേ ?

അവള്‍ ഒന്നും പറഞ്ഞില്ല ..
കൊച്ചുമോന് കഞ്ഞി വിളമ്പിക്കൊടുക്കുംപോള്‍ വിജിയുടെ മനസ് ലക്ഷ്മിക്കുട്ടിക്കൊപ്പം ആയിരുന്നു 
ദയനീയമായി ഇന്നലെ അവര്‍ തന്നോടാവശ്യപ്പെട്ടത്‌ ഓര്‍ത്തപ്പോള്‍ അവളുടെ കണ്ണ് അറിയാതെ നിറഞ്ഞു .
                           
ആശുപത്രിയിലെ തിരക്ക് കഴിഞ്ഞു മരുന്നും വാങ്ങി ഓടിക്കിതച്ചു വരുമ്പോ
​ഴാണ് ലക്ഷിയമ്മ ​
 വീട്ടില്‍ ഇരിക്കുന്നത് കണ്ടത് 
​വാതിലില്‍ വിജിയുടെ സ്നേഹം നിറഞ്ഞ ചിരി കണ്ട മാത്രയില്‍ ദയനീയമായൊരു ചിരി സമ്മാനിച്ചിട്ട് അവര്‍ തിടുക്കത്തോടെ പറഞ്ഞു ​
..മോളെ വിജീ
​....​
 അമ്മക്കു നന്നായി വിശക്കുന്നു ഇത്തിരി കഞ്ഞി തര്വോ...എന്ത് പറയണം എന്നറിയാതെ അവള്‍ നിന്ന് പോയി .
​ചൂടാ​
റ്റിയ കഞ്ഞി പാത്രത്തിലേക്ക് പകര്‍ന്നു കൊടുക്കുമ്പോള്‍ അറിയാതെ വിജി അവരെ പരിഹസിച്ചു പോയി ..ന്നാലും കൊയിപ്പുറത്തെ ലെക്ഷ്മിക്കുട്ടിക്കു ഒരു തൊടം  കഞ്ഞിക്ക് ഇരക്കേണ്ട ഗതികേട് ..കഷ്ടം അമ്മെ ...

ദയനീയമായ ഒരു നോട്ടം മാത്രം ആയിരുന്നു മറുപടി ....വിജിക്ക് വേദന തോന്നി ..അത്രേം വേണ്ടിയിരുന്നില്ല ..
ചുണ്ടില്‍ പറ്റിയിരുന്ന വറ്റ് തുടച്ചു കളഞ്ഞിട്ടു അവര്‍ പറഞ്ഞു ..പാപം എന്തെങ്കിലും ഞാന്‍ ചെയ്തുവോ എന്നെനിക്ക് അറിയില്ല മോളെ..ഇന്ടാവും അല്ലെങ്കില്‍ ഇങ്ങനെ വേദനിക്കേണ്ടി വരില്ല.അവരുടെ ദയനീയത മു
​റ്റി
യ കണ്ണുകളില്‍ അപ്പോള്‍ വിജി കാണുന്നുണ്ടായിരുന്നു പഴയ ലക്ഷ്മിക്കുട്ടിയെ ..
     രാജീവേട്ടന്റെ കൈ പിടിച്ചു ആദ്യമായി ഇവിടേയ്ക്ക് വന്നപ്പോള്‍ ഇവരെയാണ് ആദ്യം കണ്ടത് ഇവരെയാണ് ആദ്യം നോക്കിയത് ..സ്നേഹിച്ച പുരുഷനൊപ്പം ഇറങ്ങി ചെല്ലുമ്പോള്‍ അയാളുടെ കുടുംബ
​ത്തുനിന്നും ​
 ഇത്രത്തോളം എതിര്‍പ്പുകള്‍ കാത്തിരിക്കുന്നു എന്നറിയില്ലായിരുന്നു ...അന്ന് വെട്ടുകത്തിയുമായി നിന്ന രാജീവ്‌ ഏട്ടന്റെ അച്ഛന്‍.. ഭയന്ന് രാജീവിന് പിന്നിലോളിച്ച താനും . 
അന്ന് ​
ആശ്വാസമായി വന്ന പേരും വാക്കും ..കൊയിപ്പുറത്തെ ലക്ഷ്മിക്കുട്ടി ..''ലക്ഷ്മണാ ഇവരെ കേറ്റാന്‍ വയ്യെങ്കില്‍ വേണ്ട അതിനു നീ വെട്ടുകത്തിയൊന്നും എടുക്കണ്ട ..ഇവരെ ഞാന്‍ എന്റെ വീട്ടിലേക്ക് കൊണ്ട് പോവാ  ...കോയിപ്പുറത്ത് മുറികള്‍ ഏറെയുണ്ട് അത് നിനക്കറിയാല്ലോ .''വെട്ടു കത്തി താഴെക്കെ
​റി​
ഞ്ഞു ചവിട്ടിക്കുലുക്കി അച്ഛന്‍ അകത്തേക്ക് പോകുമ്പോള്‍ സ്നേഹത്തോടെ വാത്സല്യത്തോടെ തനിക്ക് നേരെ നോക്കിയ കൊയിപ്പുറത്തെ ലക്ഷ്മിക്കുട്ടി .അന്ന് മുതല്‍ അമ്മയില്ലാത്ത തനിക്ക് അവര്‍ 
​ലക്ഷ്മിയമ്മയായി 
 ,..അവിടെ തുടങ്ങിയ ആ സ്നേഹം ..

കോയിപ്പുറം കുടുംബം നശിക്കുന്നത് ലക്ഷ്മിയമ്മ പോലും അറിഞ്ഞില്ല ..പറക്കമുറ്റാത്ത മക്കളെ വളര്‍ത്തി വലുതാക്കി ജീവിതം പഠിപ്പിച്ചു ,ഒടുവില്‍ തന്റെ മുറുക്കാന്‍ ചെല്ലവും ചാരുക
​സേര
യും ഒറ്റ മുറിയുമായി അവര്‍ ഒതുങ്ങിയ നാളുകളില്‍ തറവാടിന്റെ തൂണുകള്‍ ഓരോന്നായി 
​സ്വന്തം മക്കള്‍ ...​
അവര്‍ മുറിച്ചു വില്‍ക്കുന്നത് 
​ലക്ഷ്മിയമ്മ 
 അറിഞ്ഞില്ല ..തലയണ മന്ത്രവുമായി അവരുടെ ഭാര്യമാര്‍ ഒത്തു കൂടിയപ്പോള്‍ അവിടെ ഒരു ഭാഗംവെപ്പിന്റെ മണം അടിച്ചു ...മക്കളെല്ലാം ഒരു വീട്ടില്‍ സ്നേഹത്തോടെ വാഴണം എന്ന അയ്യപ്പന്‍ കുട്ടിയുടെ മോഹം ലക്ഷ്മിയമ്മ മറന്നു തുടങ്ങിയത് ആ നാളുകളില്‍ ..വേദന താങ്ങാന്‍ കഴിയാതെ ആകുമ്പോള്‍ അവര്‍ ഓടിയെത്തും വിജി എന്ന അതിമോഹമില്ലാത്ത ആ വളര്‍ത്തു പുത്രിയുടെ അടുത്തേക്ക് ...ഒടുവില്‍ ആ വലിയ വീട്ടില്‍ ഇളയ മകന്റെ ഭാര്യ രജനിയും രണ്ടു മക്കളും അവരുടെ ലോകത് ലക്ഷ്മിയമ്മ ഒരു അധികപ്പറ്റായി മാറുന്നത് അവര്‍ പോലും അറിഞ്ഞില്ല ..
ഭക്ഷണം പോലും കിട്ടാത്ത അവസരങ്ങള്‍ അവര്‍ ആരോടും പറഞ്ഞില്ല എന്നതാവും ശരി ...പത്തായപ്പുരയില്‍ ആരും കാണാതെ കേള്‍ക്കാതെ ഒറ്റയ്ക്ക് കിടക്കുമ്പോള്‍ അകത്തെ  മുറിയില്‍ രജനി പുതുതായി ഫിറ്റ്‌ ചെയ്ത എസിയുടെ തണുപ്പ് അളന്നു നോക്കുകയായിരുന്നു 
                               കഞ്ഞി കുടിച്ചു പാത്രവുമായി ലക്ഷ്മിക്കുട്ടി അകത്തേക്ക് നടന്നു ..വേണ്ട അമ്മാ ഞാന്‍ കഴുകിക്കൊള്ളം എന്ന് പറഞ്ഞു പാത്രം വാങ്ങുമ്പോള്‍ അവരുടെ കണ്ണുകളില്‍ നിന്ന് ചൂട് കണ്ണുനീര്‍ ധാരയായി ഒഴുകുന്നുണ്ടായിരുന്നു .

​ആഹാ കരയുവാ .. 
 എന്തിനാ അമ്മാ എന്റെ മുന്നില്‍ ഈ അഭിനയം..കരയുന്നത് ഞാന്‍ കാ
​ണാ
തിരി
​ക്കാ
നല്ലേ പാത്രവുമായി അകത്തേക്ക് ഓടിയത്.നിങ്ങളെ വിജി അറിഞ്ഞ പോലെ നിങ്ങളുടെ മക്കള്‍ പോലും അറിഞ്ഞിട്ടില്ല ...
അവര്‍ നിസഹായ ആയിരുന്നു അപ്പോളും..ആ കൊച്ചു പെണ്ണിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മറുപടിയില്ലാതെ അവര്‍ നിന്നു.കൈ ഉയര്‍ത്തി അവളുടെ നെറുകയില്‍ വെച്ചിട്ട് അവര്‍ ചോദിച്ചു..

നീയെന്താ മോളെ എന്റെ മകള്‍ ആകാഞ്ഞത് ...
വെച്ച്  വെച്ച് തിരിഞ്ഞു നടക്കുമ്പോള്‍ പുറകില്‍ നിന്ന് വിജിയുടെ ചോദ്യം .

എനിക്ക് ഏട്ടന്റെ പൈസ വന്നു കേട്ടോ .മരുന്ന് വാങ്ങണ്ടേ പ്രഷറിനുള്ള ..അവരുടെ മുഖത്ത് വല്ലാത്തൊരു തെളിച്ചം കണ്ടു .
മേടിച്ചു കൊടുത്തു വിടാം ..ഞാന്‍ ..

ക്രിക്കെറ്റ് ബാറ്റും കയ്യിലേന്തി പുറത്തേക്കു വന്ന കൊച്ചുമോന്റെ പു
​റ
കിനു നടക്കേണ്ടി വന്നു .അവന്‍ സൈക്കി
​ളു
മെടുത്തു മരുന്ന് വാങ്ങാന്‍ പോകുമ്പോള്‍ എന്തോ ഓര്‍
​ത്ത ​
 പോലെതിരിഞ്ഞു നിന്നു അവര്‍ പറഞ്ഞു..

വിജി മോളെ 
​... സ്നേഹത്തിന്റെ ആഴം കണ്ടു എല്ലാം മറ്റുള്ളവര്‍ക്ക് സമ്മാനിക്കുമ്പോള്‍ നമുക്കത് തിരികെ കിട്ടുമോ 
 എന്ന് ആലോചിച്ചിട്ടു വേണം ചെ
​യ്യാ
ന്‍ ..എനിക്ക് യാചിക്കാന്‍  വരാന്‍ നീയുണ്ട്.നിന
​ക്കാ
രും ഇല്ല..ഓര്‍ക്കണേ ..
വിജി  ഒന്നും പറഞ്ഞില്ല ..

ലക്ഷ്മിയമ്മ മരിച്ചതറിഞ്ഞ വിജി ആദ്യം ഓ
​ടിയെത്തി
യത് ആ പ
​ത്താ
യപ്പുരയിലെക്കാണ്.ഒളിപ്പിച്ചു വെച്ച പോലെ കട്ടിലിന്റെ അടിയിലുണ്ടായിരുന്നു .പൂര്‍ണമായും കാലിയായ ഗുളികയുടെ സ്ലിപ് .ഇന്നലെ മേടിച്ചു കൊടുത്തു വിട്ട ഗുളിക ..ആ സ്ലിപ് എടുത്തു അരയിലേക്ക് ഒളിപ്പിചിട്ടാണ് അവള്‍ അവരെ കാണാന്‍ എത്തിയത് ...രജനിയുടെ മുടിയില്‍ കുത്തിപ്പിടിച്ചു അവരെ കൊന്നത് ഇവളാണ് എന്ന് വിളിച്ചു പറയാന്‍ അവളുടെ മനസ് കൊതിച്ചു പക്ഷെ എന്തോ അവള്‍ ചെയ്തില്ല ..ആര്‍ക്കും ദ്രോഹം ചെയ്യാതെ ജീവിച്ച കൊയിപ്പുറത്തെ ലക്ഷ്മികുട്ടി ആരെയും ഉപദ്രവിക്കാതെ പൊക്കോട്ടെ ...

വായ്ക്കരിയിടല്‍ കര്‍മം കഴിഞ്ഞു ബോഡി പുരതെക്കെടുക്കുംപോള്‍ കയ്യില്‍ ഒരു പാത്രം കഞ്ഞിയുമായി അവള്‍ ഓടി അവിടെക്കെതി ..എല്ലാവരും തന്നെ ശ്രദ്ധിക്കുന്നു ..അതൊന്നും അവള്‍ അറിഞ്ഞില്ല ..ഇറങ്ങി ഓടിയ അമ്മയുടെ പിറകെ കൊച്ചുമോനും .എന്താണ് എന്ന് അവനും മനസിലായില്ല ..അടുത്ത് വന്നു നിന്ന വിജി കരഞ്ഞില്ല ..ലക്ഷിയമ്മ  പണ്ടത്തെപ്പോലെ പ്രൌഡയായ കൊയിപ്പുറത്തെ വീട്ടുകാരിയായി എന്നവള്‍ക്ക് തോന്നി..ആ മുഖം തന്നോട് പറയും പോലെ അവള്‍ക്കു തോന്നി :
ലക്ഷ്മിയമ്മക്ക് വിശക്കുന്നു മോളെ..

ആരുടേയും അനുവാദത്തിനു കാത്തു നില്‍ക്കാതെ അവള്‍ ഒരു പിടി കഞ്ഞി കയ്യിലേക്ക് വാരി അവരുടെ ചുണ്ടിലെക്കിറ്റിച്ചു ...ലക്ഷ്മിയമ്മ ചിരിക്കുന്നു എന്ന് തോന്നി അവള്‍ക്കു ..വിറയ്ക്കുന്ന മനസോടെ അവള്‍ തിരിഞ്ഞു നടന്നു വളര്‍ത്തു മകളുടെ കൂടെ അമ്മ വരുന്ന പോലെ തോന്നി..കഞ്ഞി കുടിക്കാന്‍ ...ഇടയ്ക്കിടെ ആലോരസപ്പെടു
​ത്തു
ന്ന ആ ശബ്ദം അവള്‍ അറിഞ്ഞു ..മോളെ ലക്ഷ്മി
​ അമ്മ
ക്ക് വിശക്കുന്നു ..

നീരാഞ്ജനം - സുജിത്ത് മുതുകുളം

2013, ഒക്‌ടോബർ 20, ഞായറാഴ്‌ച

ഉമ്മി


ഒന്ന് 
മോനൂട്ടാ....എന്നലറി വിളിച്ചു കൊണ്ടാണ് സന്ധ്യ ഞെട്ടി ഉണര്‍ന്നത്.സ്വപ്നമായിരുന്നു അത് വെറും സ്വപ്നം .പക്ഷെ ഭയന്നുപോയി..വല്ലാണ്ട് വിയര്തിരിക്കുന്നു .ഞെട്ടിത്തിരിഞ്ഞു നോക്കി .സുഖമായി ഉറങ്ങുന്നു.ഒന്നുമറിയാത്ത ഉറക്കം.ഇന്നലെ വാങ്ങിയ പാവക്കുട്ടി വിടാതെ മുരുക്കെപ്പിടിച്ചു കൊണ്ട് ....ആശ്വാസത്തോടെ അവള്‍ അവന്റെ അരികിലേക്ക് നീങ്ങിക്കിടന്നു .ശരീരത്തോട് ചേര്‍ന്ന് കിടക്കുമ്പോള്‍ എന്തെന്നില്ലാത്ത ഭയം അവളെ വല്ലാതെ കീഴ്പെടുതിയിരുന്നു.കുവൈറ്റ്‌  നഗരം തിരക്കിലൂടെ നീങ്ങുമ്പോള്‍ ഈ വലിയ മുറിയില്‍ തങ്ങളോറ്റക്കാണ് .ക്ലോക്കിലെ സൂചികള്‍ പിന്നിലേക്ക്‌ ചലിക്കും പോലെ തോന്നി.
''രാജീവ്‌ ഒന്ന് വന്നിരുന്നെങ്കില്‍ .എന്തിനു വേണ്ടിയാണിത്ര തിരക്ക് .ലോകത്താര്‍ക്കും ഇല്ലാത്തൊരു തിരക്ക്.''
അവള്‍ പിറുപിറുത്തു ..

രണ്ട്
''കാര്‍ടൂണ്‍ ഓണ്‍ ചെയ്താ പിന്നെ ചെക്കന് ഒന്നും വേണ്ട.ഇത് കഴിക്കു മോനൂട്ടാ..''ഒട്ടൊരു ദേഷ്യത്തോടെ അവന്‍ അവളുടെ കൈകള്‍ തട്ടിമാറ്റി .
ഫോണ്‍ നിര്‍ത്താതെ ബെല്‍ അടിക്കുന്നു 

''എന്റെ രാജീവേട്ടാ ,എനിക്ക് വയ്യ. ഞാന്‍ പറയുന്നതൊന്നും ഇവന് മനസിലാകുന്നില്ലന്നേ.''

അപ്പുറത്ത് നിന്നും അടക്കിപ്പിടിച്ച ചിരി .

''അവന്‍ ഉമ്മി എന്ന് വിളിച്ചത് നിന്നെയും ബാബ  എന്ന് വിളിച്ചത് എന്നെയും മോയ എന്ന് പറഞ്ഞത് വെള്ളവും ശുശു എന്ന് പറഞ്ഞത് മുള്ളാനും .ഇത്രേം നിനക്കറിയാലോ .എന്റെ മോള്‍ അങ്ങ് കൈകാര്യം ചെയ്തോ..ആ പിന്നെ വൈകിട്ട് നിന്റെ മോനെ ഒരുക്കി നിര്‍ത്തു.കുറെ ഡ്രസ്സ്‌ എടുക്കാം ''

അവള്‍ക്കു ദേഷ്യം വന്നു .''അയ്യടാ എന്റെ മോന്‍ അല്ലെ .....ഞാന്‍ കണ്ടു, ഇന്നലെ അവനെ എടുത്തു മടിയില്‍ വെച്ച് ബാബ അല്ല അച്ഛന്‍ എന്ന് വിളിക്കാന്‍ പഠിപ്പിക്കുന്നത്‌ .''

ചമ്മിയ കൊണ്ടാകും,  തിരക്കാണെന്ന് പറഞ്ഞു അയാള്‍ ഫോണ്‍ കട്ട്‌ ചെയ്തു .

മൂന്നു 
''പണ്ട് തൊട്ടേ ഇങ്ങനെയാ ഒരിക്കലും പറഞ്ഞ വാക്ക് പാലിക്കില്ല.കെട്ടിയൊരുങ്ങി ഒരുത്തി ഇവിടെ നിന്നല്ലോ .എന്നെ പറഞ്ഞാ മതി എഞ്ചിനീയര്‍ ഉദ്യോഗത്തിന് മാത്രേ ഉള്ളല്ലോ എങ്ങുമില്ലാത്ത തിരക്ക് ''

ആരോടോന്നില്ലാതെ പറഞ്ഞു കൊണ്ടാണ് അവള്‍ കടയില്‍ നിന്നും ഇറങ്ങിയത്.മോനൂട്ടന്‍ ആരെയോ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.പെട്ടന്നു കൈകള്‍ അവളില്‍ നിന്നും വിടുവിച്ചു തിരിഞ്ഞു നിന്ന് അവന്‍ വിളിച്ചു .

ഉമ്മീ ...............

ദൂരെ നിന്നും  പര്‍ദയണിഞ്ഞ ഒരു സ്ത്രീ ഓടി വരുന്നുണ്ടായിരുന്നു .സന്ധ്യയുടെ കണ്ണുകള്‍ നിറഞ്ഞു .പിടിക്കപ്പെടുന്നു എന്ന് ഒട്ടൊരു വേദനയോടെ അവളറിഞ്ഞു .അവന്‍ അപ്പോള്‍ അവരുടെ കൈകള്‍ക്കുള്ളില്‍ ആയിരുന്നു .അകാല വാര്‍ധക്യം ബാധിച്ച ആ സ്ത്രീ അവനെ തെരു തെരെ ഉമ്മ വെക്കുന്നുണ്ടായിരുന്നു .അവര്‍ അവനെ സ്വലേ എന്നാണു വിളിക്കുന്നത്‌ ,അവന്‍ പേര് പറഞ്ഞത് സ്വലേ മുഹമ്മദ്‌ എന്നാണല്ലോ എന്ന് ഞെട്ടലോടെ അവള്‍ ഓര്‍ത്തു .എന്ത് ചെയ്യണം അറിയില്ല ഒന്നും ചെയ്യാന്‍ ആവില്ല ..അവന്റെ ഉമ്മി ആണത്.വാങ്ങിക്കൂട്ടിയ വസ്ത്രങ്ങള്‍ അവളുടെ കയ്യില്‍ നിന്നും താഴേക്ക്‌ വീണു .
അവരില്‍ നിന്നടര്‍ന്നു മാറി അവന്‍  തന്നിലേക്ക് കൈകള്‍ കൈ ചൂണ്ടിയത് അവള്‍ അറിഞ്ഞില്ല.ഒരു വാക്ക് പോലും പറയാതെ അവര്‍ അവനെയുമെടുത്തു കാറിലേക്ക് കയറുന്നതോ തിരിഞ്ഞു തിരിഞ്ഞു അവന്‍ തന്നെ നോക്കുന്നതോ അവള്‍ കണ്ടില്ല. നഷ്ടമായ മാതൃത്വതിന്റെ വേദന;  ഒരു പിടിവള്ളി പോലെ അവള്‍ ആ തിരക്കില്‍ കണ്ണുകള്‍ അടച്ചു നിന്നു  .കണ്ണീരിനിടയിലൂടെ അകന്നു പോകുന്ന ആ വാഹനത്തിന്റെ പിന്നില്‍ കൈകള്‍ പുറത്തിട്ടു യാത്ര പറയുന്ന മോനൂട്ടന്‍ .തറയില്‍ കിടന്ന വസ്ത്രങ്ങള്‍ എടുത്തു  അവര്‍ക്ക് പിന്നാലെ ഓടി  ഒരു കല്ലില്‍ തട്ടി അവള്‍ താഴേക്ക്‌ വീഴുമ്പോള്‍ വാഹനം കണ്ണെത്താത്ത ദൂരത്തായിരുന്നു .

നാല് 
''അറിയാമായിരുന്നു എനിക്ക് അതാ ഞാന്‍ ..ഉള്ളിലെ സ്നേഹം പുറത്തു കാണിക്കാതെ നടന്നത് .മോളെ....ചില സ്വപ്‌നങ്ങള്‍ കാണരുത് എന്ന് ഈശ്വരന്‍ പറഞ്ഞിട്ടുണ്ട് .അത് കാണണ്ട നമുക്ക്.''

രാജീവ്‌ പറഞ്ഞു നിര്‍ത്തുമ്പോള്‍ അവള്‍ ഔ കൊച്ചു കുഞ്ഞിനെപ്പോലെ അയാളുടെ മാറിലേക്ക് ചുരുണ്ട് കൂടുകയായിരുന്നു .


വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ചേര്‍ത്ത് പിടിച്ചു ഡോക്ടരുടെ മുന്നില്‍ പൊട്ടിത്തെറിച്ചു രാജീവ്‌

 ''മതി ഇനി നിര്‍ത്താം ,എനിക്കിനി വിശ്വാസമില്ല നിങ്ങളുടെ ഈ കാശ് പിടുങ്ങുന്ന ട്രീട്ടുമെന്റില്‍ .ഞങ്ങള്‍ക്കെന്തിനാ കുഞ്ഞു .എന്റെ കുഞ്ഞല്ലേ ഇവള്‍ .അവള്‍ക്കു കുഞ്ഞു ഞാനും .അത് മതി.ഞങ്ങള്‍ക്ക് ജീവിക്കാന്‍ .''

പിന്നെ രാജീവിന്റെ ജീവിതം തന്നെ സന്തോഷിപ്പിക്കാന്‍ മാത്രം ആയിരുന്നല്ലോ?ഓഫീസില്‍ പോയാല്‍ മണിക്കൂറുകള്‍ ഇടവിട്ട്‌ വിളിച്ചു കൊണ്ടിരിക്കും.എപ്പോളും കൂടെ ഉണ്ടെന്നു ബോധ്യപ്പെടുത്തും.എപ്പോളും ഷോപ്പിംഗ്‌.അങ്ങനെ പാര്‍ക്കിലെക്കുള്ള ഒരു അവധി യാത്ര...
സന്ധ്യ മയങ്ങിയിരുന്നു.പാര്‍ക്കില്‍ ആളുകള്‍ നന്നേ കുറവ് .വണ്ടിക്കരികിലേക്ക് നടക്കുമ്പോള്‍ ആണ് അധികം ദൂരെ അല്ലാതെ ഒരു കരച്ചില്‍ കേട്ടത്.ബാബാ   ..ബാബാ ....
അലറിക്കരഞ്ഞു ഓടി നടക്കുകയാണ് ഒരു കുട്ടി.അവിടെ ഉള്ള ഓരോ ആളിന്റെ അടുത്തും അവന്‍ എത്തുന്നുണ്ട് .അത് തന്റെ അബ്ബ അല്ലെന്നരിയുംപോള്‍ അവന്‍ അടുത്ത ആളിനെ തേടും .ബാബാ  എന്ന് വിളിച്ചുള്ള ആ കുഞ്ഞിന്റെ കരച്ചില്‍ ആ പാര്കിന്റെ ഓരോ മൂലയിലും പ്രതിധ്വനിച്ചു.
രാജീവിനോട് കരഞ്ഞപെക്ഷിക്കേണ്ടി വന്നു ആ കുഞ്ഞിന്റെ  അച്ഛനെ കണ്ടു പിടിച്ചു കൊടുക്കാന്‍ .അവനുമായി ആ പാര്‍ക്‌ മുഴുവന്‍ കറങ്ങിയിട്ടും അവന്‍ തേടി നടന്ന ബാബയെ കണ്ടില്ല.ഇരുളില്‍ ആരോ പറയുന്നു .
''ഈ അറബിചികള്‍ ചുമ്മാ അങ്ങ് പെറ്റുകൂട്ടും .ഒരു കാര്യവുമില്ലാതെ.എത്ര എണ്ണം ഉണ്ട് എന്ന് അവര്‍ക്ക് പോലും അറിയില്ല ''

ബചോം കോ പോലീസ് സ്റേഷന്‍ മേം ദേടോ ഭയ്യാ  .വോ ലോഗ് സംഭാല്‍ ലേഗാ..''

ഇങ്ങനെയൊക്കെ കേട്ടു.

അഞ്ചു 

വീട്ടിലേക്കുള്ള യാത്രയില്‍ വണ്ടിയുടെ പിന്‍സീറ്റില്‍ കരഞ്ഞു തളര്ന്നുറങ്ങിയ ആ കുട്ടിയെ അവള്‍ ആശ്വാസത്തോടെ നോക്കി .രാത്രി വൈകിയതിനാല്‍ കുട്ടിയെ രാവിലെ പോലീസില്‍ ഏല്‍പ്പിക്കാം എന്നാ വാദം രാജീവിന് അന്ഗീകരിക്കേണ്ടി വന്നു .പക്ഷെ
ഒരു പോലീസ് സ്റെഷനിലും കുട്ടി എത്തിയില്ല.പകരം നിധി കാക്കുന്ന പോലെ അവള്‍ അവനെ സൂക്ഷിച്ചു വെച്ചു .ആരും അവനെ അന്വേഷിച്ചു എത്തിയതുമില്ല.അവന്റെ വയറിലുള്ള സിഗരറ്റ് കുതിക്കെടുത്തിയ പാട് .അത് അവരോടു പറഞ്ഞു അവനെ അന്വേഷിച്ചു ആരും വരാന്‍ പോകുന്നില്ല എന്ന സത്യം
പക്ഷെ അവനെ കൊണ്ട് പോകാന്‍ ആളെത്തി.അവന്റെ ഉമ്മി ..പെറ്റവയറിന്റെ  അധികാരം .അവര്‍ അവനുമായി പോകുകയും ചെയ്തു .
കരഞ്ഞു തളര്‍ന്ന അവള്‍ രാജീവിന്റെ സ്നേഹമുള്ള തലോടലില്‍ ഉറക്കത്തിലേക്ക് വഴുതി വീണു ..

ആറു
ഡോര്‍ ബെല്‍ നിര്‍ത്താതെ ചിലക്കുന്നുണ്ടായിരുന്നു.രാജീവിന്റെ വിളിച്ചിട്ടും അയാള്‍ തിരിഞ്ഞു കിടന്നു കളഞ്ഞു.അസ്വസ്ഥതയോടെ അവള്‍ വാതിലിനടുത്തെത്തി.ബെല്‍ അപ്പോളും ശബ്ദിച്ചു കൊണ്ടെയിരുന്നു.തുറക്കുമ്പോള്‍ ആദ്യം അവള്‍ കേട്ടത് ''അമ്മേ'' എന്ന വിളിയാണ്.മോനൂട്ടാ.അവള്‍ അവന്റെ അരികിലെക്കിരുന്നു.അവനെ കെട്ടിപ്പിടിച്ചു നെഞ്ചോടു ചേര്‍ത്തു.അവന്റെ നിറുകയില്‍ മുത്തം നല്കിയിട്ടു അവള്‍ അവനോടു ചോദിച്ചു ..എന്താ വിളിച്ചേ ? അമ്മേന്നോ ...ഒന്നൂടെ വിളിച്ചേ ?
ഒരു നാണം കലര്‍ന്ന ചിരിയോടെ അവന്‍ വീണ്ടും വിളിച്ചു ''അമ്മേ ...''

ഏഴു 
ലിഫ്റ്റിനു മറഞ്ഞു നിന്ന് അപ്പോള്‍ ശബ്ദം ഇല്ലാതെ കരയുകയായിരുന്നു ഫാത്തിമ സ്വലേ അല ബദര്‍ എന്നാ പാവം സ്ത്രീ.മോനൂട്ടനെ എടുത്തു കൊണ്ട് അകതെക്കൊടിയ സന്ധ്യ അറിഞ്ഞില്ല കണ്ണീരില്‍ മുങ്ങി അവന്റെ പാവം ഉമ്മി  അവിടെവിടെയോ മറഞ്ഞു നില്‍ക്കുന്നു എന്ന്.ഒരു കറുത്ത നിഴലായി അവര്‍ വെച്ച് വെച്ച് നടന്നു പോകുന്നത് അപ്പാര്ടുമെന്റിന്റെ കണ്ട ഈ കൊച്ചു കഥാകാരന് അവരുടെ ഭാഷ അറിയാമായിരുന്നു എങ്കില്‍ അവരില്‍ നിന്നും ഞാന്‍ അറിഞ്ഞേനെ .മകന്റെ വയറ്റില്‍ കണ്ട സിഗരറ്റ് പൊള്ളിയ പാടിന്റെ കഥ ..കണ്ണുനീര്‍ വീണു നനഞ്ഞ മറ്റൊരമ്മയുടെ കഥ.ഒരു അമ്മയുടെയും ഉമ്മിയുടെയും ഞാന്‍ കണ്ട ജീവിതം ഇവിടെ തീരുന്നില്ല.എന്നെങ്കിലും മകനെ കാണാന്‍ കൊതിയോടെ ഉമ്മി തിരിച്ചു വന്നേക്കാം .അവര്‍ വീണ്ടും വരുമോ എന്നാ ഭയത്തോടെ മോനൂട്ടനെ കെട്ടിപ്പിടിച്ചു ഒരു അമ്മയുണ്ട് അവിടെ .....

പോസ്റ്റ്‌ ബൈ

നീരാഞ്ജനം (സുജിത്ത് മുതുകുളം ) 

2011, ജൂൺ 29, ബുധനാഴ്‌ച

നിര്‍മല...



എവിടെയായിരുന്നു ഞാന്‍ ആദ്യമായി അവരെ കണ്ടത്.ബാലുവിന്റെ നിര്‍മലച്ചിറ്റയെ.എം.എസ്‌.എം  കോളേജിലെ പാര്‍ട്ട്‌ ടൈം സ്വീപെര്‍ ജോലി തീര്‍ത്തു വീട്ടുജോലികള്‍ക്കായി കിതച്ചു കൊണ്ടോടുമ്പോള്‍ പലപ്പോഴും അവര്‍ എന്റെ മുന്നില്‍ പെടാരുണ്ടായിരുന്നു..അവിടെയായിരുന്നുവോ.
അതോ ഹോസ്പിറ്റലിനു മുന്നില്‍ മുഴിഞ്ഞ സാരിയുടെ കോന്തല കൊണ്ട് മുഖം മറച്ചു ബാലുവിനായി കാത്തിരിക്കുംപോഴോ..
പോലീസുകാരുടെ കൈകളില്‍ തൂങ്ങി ഇടറുന്ന കാലുകളില്‍ അവന്‍ പിച്ച വെച്ച് നീങ്ങുമ്പോള്‍  ഓടി അവന്റെ അടുത്തേക്ക് ചെല്ലുന്ന നിര്മലയോ.
പലയിടങ്ങളിലും ഞാന്‍ അവരെ കണ്ടു കൃത്യമായി ഓര്‍ക്കുവാന്‍ കഴിയുന്നില്ല.അവര്‍ സുന്ദരിയായിരുന്നു. അതാവണം ഞാന്‍ അവരെ ശ്രദ്ധിച്ചതും ..അവരുടെ കണ്ണുകള്‍ നിറയാറില്ല  എന്ന് തോന്നുന്നു..കാരണം ഞാന്‍ കണ്ടിട്ടില്ല .ഉണ്ണിക്കണ്ണന്റെ നടയിലെ പ്രസാദത്തിനു ദക്ഷിണ നല്‍കിയ മുഷിഞ്ഞു നാറിയ രണ്ടു രൂപ നോട്ടു നീലകണ്ഠന്‍ പൂജാരി പുച്ഛത്തോടെ തിരികെയെല്‍പ്പിക്കുംപോള്‍ നിര്‍മലയുടെ കണ്ണുകളില്‍ ഞാന്‍ കണ്ടത് ദൈന്യതയായിരുന്നില്ല.തീര്‍ത്ത പുച്ഛം.പൂജാരിയുടെ മുഖത്തുള്ള പരിഹാസത്തെ വെല്ലുന്ന പുച്ഛം.തോറ്റുകൊണ്ടെയിരിക്കുംപോളും ജയിക്കാനായി ജനിച്ചവളെന്നു സ്വയം വിശ്വസിക്കാന്‍ ശ്രമിക്കുമ്പോലെ അവര്‍ എന്റെ മുന്നില്‍ .

            നിര്‍മല എന്നെ വല്ലാണ്ട് ആകര്‍ഷിച്ചിരുന്നു.അത് കൊണ്ടാവാം ഞാന്‍ അവരറിയാതെ അവരുടെ പിറകെ യാത്ര പോയതും.എന്റെ ഈ കഥയുടെ താളുകളിലേക്ക് ഞാന്‍ അവരെ പിടിച്ചു കയറ്റുമ്പോളൊക്കെ വല്ലാത്തൊരു ശക്തിയോടെ അവര്‍ ഒളിച്ചോടാന്‍ ശ്രമിച്ചു കൊണ്ടിരുന്നു...നിസന്ഗത.. അത്  നിര്‍മല എടുത്തണിഞ്ഞ ആ മുഖംമൂടിയുടെ മാറ്റ് കൂട്ടുകയായിരുന്നു.പക്ഷെ അത് വെറുമൊരു മുഖം മൂടി മാത്രമായിരുന്നില്ലേ നിര്‍മലാ.കഷ്ടതയുടെ ആ അടുക്കള ചായ്പ്പിനുള്ളില്‍ പുകക്കരി പുരണ്ടു കരുവാളിച്ചു തുടങ്ങിയ മുഖം കൈകളില്‍ ചേര്‍ത്തുവെച്ച് ഒരു പക്ഷെ നീ പൊട്ടിക്കരഞ്ഞിട്ടുണ്ടാകും അല്ലെ..ആരും കാണാതെ.എന്റെ വാശിയുടെ മുന്നില്‍ മാത്രം തോറ്റു പോകുകയായിരുന്നു നിര്‍മല.അവള്‍ എനിക്ക് വെറുമൊരു കഥാപാത്രം മാത്രമാണെന്നറിഞ്ഞു കൊണ്ട് തന്നെ.
                            ആ കഥക്കൂട്ടില്‍ നിറഞ്ഞതു ബാലു മാത്രം.അവളുടെ ലക്ഷ്മിചെചിയുടെ മകന്‍ ബാലു.ആ കഥ തുടങ്ങുമ്പോള്‍ ബാലുവുമൊത്തു കോളേജിലേക്ക് ഒരു യാത്രയായിരുന്നുവെങ്കില്‍ ഒടുക്കം എലുമ്പിച്ച കാലുകള്‍ പൂട്ടിയ ദൃടമായ ചങ്ങലകളായിരുന്നു.ആദ്യസീനില്‍ ഞാന്‍ കണ്ട സൈക്കിള്‍ യാത്രയില്‍ നിര്‍മല ചിരിച്ചു കൊണ്ടേയിരുന്നു.ഇത് വരെയും ഞാന്‍ കണ്ടിട്ടില്ലാത്ത നിര്‍മലയുടെ ആ ചിരി.ബാലുവിന്റെ പിന്നിലിരുന്നു അവന്റെ തോളില്‍ കൈ വെച്ചവള്‍ പറഞ്ഞു.''
ബാലൂട്ടാ നിന്റെ ചിറ്റ വിളി കേട്ട് പിള്ളേരൊക്കെ അങ്ങനെ വിളിക്കണ്.എനികങ്ങു ചമ്മലാ.പക്ഷേങ്കില് തൂപ്പുകാരിയെ അങ്ങനെ ചിലരൊക്കെ വിളിക്കണ  കേക്കുമ്പോ എന്തോ ഒരു സന്തോഷം.''
ബാലുവിന്റെ മുഖത്തപ്പോള്‍ നിറഞ്ഞ ചിരിയായിരുന്നു. 

പിന്നീട് ..വിധ്യാര്തിരാഷ്ട്രീയത്തിന്റെ പുതിയ വഴികളില്‍ ,അതിന്റെ ഭ്രാന്തമായ ചിന്തകളിലേക്ക് ബാലഭാസ്കര്‍ എന്ന ചെറുപ്പക്കാരന്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ കോളേജ്‌ വരാന്തയില്‍ നെഞ്ചിടിപ്പോടെ അത് നോക്കി നിര്‍മല നില്‍പ്പുണ്ടായിരുന്നു .പോലീസ് കേസുകളിലേക്ക് അവന്റെ രാഷ്ട്രീയം അവനെക്കൊന്ടെതിക്കുംപോള്‍ ഇന്നത്തെ കാലത്ത് ഇത്തിരി രാഷ്ട്രീയമില്ലണ്ട് ജീവിക്കാന്‍ ആവില്ല ച്ചിറ്റെ എന്ന അവന്റെ വാക്കില്‍ ആശ്വാസം കണ്ടെത്തി..'ആ ലോകമറിയാത്ത തൂപ്പുകാരി.'
                                അന്നൊരുനാള്‍ ... ബഹളങ്ങള്‍ക്കിടയിലൂടെ  കിതച്ചുകൊണ്ടവര്‍ ഓടി..ബാലുവിന്റെ അരികിലെതാന്‍ അവര്‍ക്ക് കഴിഞ്ഞില്ല..എവിടെക്കൊക്കെയോ ഓടിയൊളിക്കുന്ന വിദ്യാര്‍ഥിക്കൂട്ടങ്ങളില്‍ തട്ടി അവര്‍ താഴെ വീഴുമ്പോള്‍  ‍...അവരുടെ ഒരു കൈപ്പാടകലെ ബാലുവിനെ വലിച്ചിഴച്ചു കൊണ്ട് പോലീസുകാര്‍ പോകുകയായിരുന്നു.ഒരു കൂട്ടം പോലീസുകാര്‍ കാവല്‍ നിന്ന റഹീമിന്റെ മൃതദേഹത്തില്‍ നിന്നുമോഴുകി ഇറങ്ങിയ ചോര അപ്പോള്‍ കോളേജിലെ പഞ്ചാരമണലില്‍ അലിഞ്ഞു ചെരുകയായിരുന്നു.
      അന്ന് മുതല്‍ നിര്‍മല ഓടിത്തളരുകയായിരുന്നു.മെന്റല്‍ ഹോസ്പിടലിന്റെ ഷോക്കിംഗ് റൂമില്‍ ബോധം മറയും മുന്‍പ് അവന്‍ ചിറ്റെ.. എന്നലറി വിളിച്ചപ്പോള്‍ കാവല്‍ നിന്ന പോലീസുകാര്‍ക്ക്‌ കാതിലെ കമ്മലൂരി നല്കിയിട്ടു അകത്തേക്ക് കയറിയ നിര്‍മല അപ്പോഴും കരഞ്ഞില്ല.സാക്ഷികളോ കൂട്ടുപ്രതികളോ ഇല്ലാത്ത കേസില്‍ മാനസിക രോഗത്തിന്റെ ആനുകൂല്യം ബാലുവിന് ജയിലിനു പുറത്തേക്കുള്ള വാതിലായപ്പോള്‍ കൈവിലങ്ങുകള്‍ അവനു കാല്‍ചങ്ങലകളായി മാറി.ദ്രവിച്ചു തുടങ്ങിയ ആ തറവാടിന്റെ ചിതല്‍ തിന്ന ചുവരുകള്‍ അവന്റെ നട്ടപ്രാന്തിന്റെ കോപ്രായങ്ങള്‍ കുത്തിക്കുരിക്കാനുള്ള കാന്‍വാസുകളായി.കാല്‍ചങ്ങലകള്‍ അവനു മണിക്കിലുക്കങ്ങളും.നിര്‍മല വാരിക്കൊടുത്ത പടചോറ് അവന്‍ എപോളും തട്ടിഎറിയും.ഓരോ അരിമണികളായി അവള്‍ പെരുക്കിയെടുക്കുംപോള്‍ അലറിച്ചിരിച്ചു കൊണ്ട് അവന്‍ പറയും. ''ചിറ്റെ ചിറ്റെ ഉറുമ്പിനു കൊടുക്ക്‌ ..ഉറുമ്പിനു കൊടുക്ക്‌.''
മറു ചിരിയോടെ അപ്പോള്‍ നിര്‍മല പറയും .''ബാലൂട്ടാ ഉറുമ്പിനു വിശക്കണില്ലാന്നു...''
                 സന്തോഷിന്റെ സന്ദര്‍ശനം അത് മാത്രമായിരുന്നു ഏക ആശ്വാസം ബാലുവിന്റെ കൂട്ടുകാരന്‍ ‍.ചിറ്റെ എന്ന് തന്നെയായിരുന്നു അവനും അവളെ വിളിച്ചത്.ഇടയ്ക്കിടെ ബാലുവിനെ ഹോസ്പിറ്റലില്‍ കൊണ്ടുപോകെണ്ടപ്പോള്‍ ഒരു കൈ താങ്ങായി അവനുമുണ്ടാകും.പണം നല്‍കി സഹായിക്കാന്‍ അവന്‍ ശ്രമിച്ചപ്പോലോക്കെ ഒരു ചിരിയോടെ അവള്‍ അത് നിഷേധിച്ചു.തോല്‍ക്കാന്‍ നിര്‍മല ഒരുക്കമായിരുന്നില്ല എവിടെയും.അത് കൊണ്ടാണല്ലോ ഞാന്‍ ആദ്യം പറഞ്ഞത് അവര്‍ എന്നെ വല്ലാണ്ട് ആകര്‍ഷിച്ചു എന്ന്.
               ഒരിക്കല്‍ സന്തോഷുമായി സംസാരിക്കുമ്പോള്‍ നിര്‍മല ഒരു തമാശപറഞ്ഞു.കേള്‍ക്കാന്‍ രസമുള്ളൊരു തമാശ.''ബാലൂട്ടന്‍ ഇടയ്ക്കിടെ ഉറക്കത്തില്‍ എന്തൊക്കെയോ പറയുന്നു.''ഞാനല്ല ഞാനല്ല സന്തോഷാ..ഞാന്‍ കുത്തിയില്ല എനികറിയില്ല സാറന്മാരെ.''എന്താ സന്തോഷ്‌ ഇതിന്റെ അര്‍ഥം..എനിക്ക് മനസിലായില്ലാട്ടോ അതാ നിന്നോട് ചോദിച്ചേ''.അപ്പോള്‍ സന്തോഷിന്റെ മുഖത്തെ ഭാവം എന്തായിരുന്നു.എനിക്കറിയില്ല.കാരണം അവന്‍ എനിക്ക് വെറുമൊരു കഥാപാത്രം മാത്രം.നിര്‍മലയുടെ കഥയില്‍ ഒന്നിനുമല്ലാതെ വന്നു പോകുന്നൊരു കഥാപാത്രം...അന്ന് പുറത്തെക്കിറങ്ങിപ്പോയ സന്തോഷിന്റെ തല കുനിഞ്ഞിരുന്നു.പിന്നീടൊരിക്കലും ചിറ്റെ എന്ന വിളിയോടെ ആ പടി കടന്നില്ല അവന്‍ .
                       ആ തമാശ പറച്ചിലിന് മറുപടിയായി സന്തോഷ്‌ ..നിര്മലക്ക് പുതിയൊരു പേര് നല്‍കി.ചിറ്റ എന്ന പേരിനു പകരം 'തെവിടിശി'.. പുതിയ വിളിപ്പേര്.പുച്ഛം കലര്‍ന്നൊരു ചിരിയായിരുന്നു മറുപടി.ആ ചിരി നിലക്കാതെ അവള്‍ സന്തോഷിനോട് പറഞ്ഞു.'' മോനെ നീയുമൊരു ഈയാംപാറ്റയാ..എന്നെയും ന്റെ ബാലുനെയും പോലെ വെളിച്ചത്തിന്റെ തിളക്കം കണ്ടു തീയിലേക്ക് പറന്നു വീണു കരിഞ്ഞടങ്ങാന്‍ പോകുന്ന വെറുമൊരു ഈയാംപാറ്റ.ഞങ്ങള്‍ അടങ്ങി.നിനക്ക് കരിയാന്‍ ഇനിയും വെളിച്ചം ബാക്കി.നിമിഷങ്ങളും.അത് കൊണ്ട് നീ പറന്നോ..
ഇളകിതുടങ്ങിയ വാതിലിലെ മുട്ടിവിളികളും പ്രലോഭനങ്ങളും അസഭ്യങ്ങളും സഹിച്ചു ആ വാതിലിനോടു ചേര്‍ത്ത് ഉരല്‍ വലിച്ചിട്ട് അതിന്റെ മുകളിലിരുന്നു ഉറങ്ങാതെ ഉറങ്ങുന്ന ഞാനോ തെവിടിശി.സന്തോഷ്‌ ഒന്ന് ചോദിക്കട്ടെ മോനെ.പകല്‍ സ്നേഹത്തോടെ ചിറ്റ എന്ന് വിളിച്ചിട്ട് രാത്രികളില്‍ എന്റെ വാതിലില്‍ മുട്ടി വിളിക്കാന്‍ നീയും ഉണ്ടായിരുന്നോ...''
               നിര്‍മലയുടെ കണ്ണുകളില്‍ രണ്ടു നീര്‍തുള്ളികള്‍ ഇരുണ്ടു കൂടി.ഞാന്‍ ഭയന്നു  .അവള്‍ കരയരുതേ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു.എന്റെ കഥാപാത്രം ബോള്‍ഡ്‌ ആണ് .അവള്‍ ഒരിക്കലും കരയാന്‍ പാടില്ല.ജീവിതം പഠിച്ചേടുതിട്ടു അതില്‍ കഥയുണ്ടാക്കാന്‍ ശ്രമിക്കുന്ന ശുംഭനായ കഥാകാരന്റെ സ്വാര്‍ഥത.അല്ലെ..
     അന്ന് മഴ പെയ്തിരുന്നു.രാത്രി തുടര്‍ച്ചയായി മഴ പെയ്തിരുന്നു.ലൈറ്റിലേക്ക് പറന്നിറങ്ങുന്ന ഈയാം പാറ്റകളെ നോക്കിയിരുന്നു ബാലു പൊട്ടിച്ചിരിച്ചു.ഓരോരുത്തരും ചിറകറ്റു വീഴുമ്പോള്‍ കൌതുകത്തോടെ അവന്‍   എന്നമെടുത്തു.
''ചിറ്റെ ദേ പാറ്റയെ ലൈറ്റ് കൊല്ലുന്നു.''
നിര്‍മല പറഞ്ഞു''ബാലൂട്ടാ ഈയാമ്പാറ്റകള്‍ ചാവേറുകളാണ്.ശത്രുവിന്റെ ശക്തി തിരിച്ചറിയാണ്ട് അവന്റെ താവളത്തില്‍ ആക്രമിക്കാനിറങ്ങുന്ന മരണം ഭയക്കാത ചാവേറുകള്‍ .ഒരിക്കലും ജയിക്കാത്ത യുദ്ധം ചെയ്യാന്‍ ഇറങ്ങുന്നോര്‍.എന്നെയും..നിന്നെയും പോലെ..''

ഭ്രാന്തിന്റെ മൂര്ച്ചയിലും കൌതുകത്തോടെ അവന്‍ ചോദിച്ചു.''അപ്പൊ നമ്മളും ചാകില്ലേ?''

''എന്താ ബാലൂട്ടനു ചാകാന്‍ പേടിയാ.ചിറ്റയില്ലേ കൂടെ.''

ചിറകറ്റു വീണിട്ട് നനഞ്ഞ തറയിലൂടെ ഇഴഞ്ഞു നീങ്ങാന്‍ ശ്രമിക്കുന്നൊരു ഈയാംപാറ്റയെ നോക്കിയിരുന്നു കൊണ്ടവന്‍ പറഞ്ഞു.''ചിറ്റ ചാകുവാണേല്‍ ഞാനും ചാകാം.''
                                 അടുക്കള ചായ്പ്പിനുള്ളില്‍ തൈരില്‍ കുഴച്ച പടചോറിലേക്ക് കയ്യിലവശേഷിച്ച അവസാനത്തെ നാണയത്തുട്ടുകള്‍ പെറുക്കി കൂട്ടി വാങ്ങിയ വിഷം ഒഴിച്ച് കുഴക്കുംപോളാണ് ഞാന്‍ അവളുടെ അടുത്ത് ചെന്നത്.ആദ്യമായി അവള്‍ കരയുന്നത് ഞാന്‍ കണ്ടു.കന്നുനീര്തുള്ളികള്‍ ആ പടചോറില്‍ ഉപ്പായി അലിഞ്ഞു ചേരുന്നു.എന്റെചോദ്യങ്ങള്‍ക്ക്  ഒരു പൊട്ടിത്തെറിയായിരുന്നു മറുപടി.എന്റെ ജീവിതം നിങ്ങളല്ല തീരുമാനിക്കുന്നത് എന്ന ആക്രോശത്തോടെ അവളെന്നെ ആട്ടിയകറ്റി.
കോപത്തോടെ ഞാന്‍ പറഞ്ഞു.''നിര്‍മല.. നിന്നെ സൃഷ്ടിച്ചത് ഞാനാണെങ്കില്‍ നീ എങ്ങനെ ജീവിക്കണം എന്ന് ഞാന്‍ തീരുമാനിക്കും.നീ ഒരിക്കലും മരിക്കില്ല.നിന്നെ കൊല്ലാന്‍ എനിക്കാവില്ല.കാരണം എനിക്ക് നിന്നെ അത്രക്കിഷ്ടമാണ്.''
എനിക്കപ്പോള്‍ അഹങ്കാരം. അവളുടെ മുഖത്തപ്പോള്‍ തീത്ത പുച്ഛമായിരുന്നു .നീലകണ്ഠന്‍ പൂജാരിയെയും സന്തോഷിനെയും നിശബ്ധരാക്കിയ അതെ പുച്ഛം.
                   അടുത്ത പ്രഭാതത്തില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ ഞാനുമുണ്ടായിരുന്നു.ആകാശത്തിലേക്ക് മിഴികള്‍ പായിച്ചു ഈയാംപാറ്റചിറകുകളില്‍ പോതിഞ്ഞവന്‍ കിടന്നു.ബാലു..പൊട്ടിച്ചെടുത്ത ചങ്ങലകള്‍ ഉണ്ടാക്കിയ മുറിവുകള്‍ അവന്റെ കാലുകളില്‍ കട്ട പിടിച്ചു കിടന്നു.അപസ്മാരത്തില്‍ പുറത്തെത്തിയ നുരയും പതയും അവന്റെ ഭ്രാന്തും ജീവനുമായിരുന്നു.മഴവെള്ളം നിറഞ്ഞ കണ്ണുകള്‍ തുറന്നു വെച്ചവന്‍ നോക്കുകയാവണം .ചിറ്റ കൂടെ വന്നിട്ടുണ്ടോ എന്ന്.
         ആള്‍ക്കൂട്ടത്തില്‍ നിര്‍മല തിരയുന്നത് എന്നെയാണ് ..ഒളിക്കാന്‍ സ്ഥലമില്ലാതെ ഞാന്‍ വിയര്‍ത്തു .. കണ്ടു പിടിച്ചു കഴിഞ്ഞിരിക്കുന്നു അവര്‍ എന്നെ .നിര്‍മല ഒന്ന് പുഞ്ചിരിച്ചു.ചിരിക്കണോ എന്നറിയാണ്ട് ഞാന്‍ നിന്നുപോയി.കുഴച്ചു വെച്ച പടചോരില്‍ ഉറുമ്പുകള്‍ ചത്ത്‌ കൂട്ടമായി ഇരിക്കുന്നുണ്ടായിരുന്നു.ബാലുവിനെപ്പോലെ.ബാലുവിന്റെ തുറന്ന കണ്ണുകളിലേക്ക് നോക്കിയിട്ട് അവള്‍ ഒരു രഹസ്യം പറയും പോലെ എന്നോട് പറഞ്ഞു.''ഈയാം പാറ്റ ''
അത് കേട്ടതായി ഭാവിക്കാതെ ഞാന്‍ തിരികെ നടക്കുമ്പോള്‍ നിര്‍മല ചിരിക്കുന്നുണ്ടായിരുന്നു.
                                        പിന്നെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് നിര്മലയെ കണ്ടത്.ഉടുത്തൊരുങ്ങി  ആഭരണങ്ങളുടെ പകിട്ടില്‍ ഇറങ്ങി വന്ന നിര്‍മലയുടെ ഞാന്‍ അറിഞ്ഞ സൌന്ദര്യം പൂര്‍ണമായി നഷ്ടമായിരിക്കുന്നു എന്നെനിക്ക് തോന്നി.വാതിലില്‍ നിന്നിരുന്ന ആ ആഡംബര വാഹനത്തിലേക്ക് കയറും മുന്‍പ് അവരെന്നെ നോക്കി വെറുതെ ഒന്ന് ചിരിച്ചു.
''നുണക്കഥ എഴുത്തുകാരന്‍ കഥ കേള്‍ക്കാന്‍ വന്നതാകും അല്ലെ.പക്ഷെ എന്റെ ഈ രാത്രികള്‍ നിങ്ങള്‍ക്ക് സ്വന്തമല്ല..തിരക്കൊഴിയുമ്പോള്‍ ഞാന്‍ നിങ്ങളെ തെടിയെത്താം ...കഥകള്‍ പറയാന്‍ ..കഴുകന്മാര്‍ കൊത്തിവലിച്ച മാംസത്തിന്റെ കഥകള്‍ ..കാര്‍ അകന്നു പോകുമ്പോള്‍ അറിയാതെ ഞാന്‍ ചിരിച്ചു പോയി.
''നിര്‍മലയും ജീവിക്കാന്‍ പഠിച്ചിരിക്കുന്നു ..''



നിരഞ്ജന്‍ തംബുരു(സുജിത്ത് മുതുകുളം )