കവിതകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിതകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016, മാർച്ച് 3, വ്യാഴാഴ്‌ച

ജീവിതം ഉരുള്‍പൊട്ടുമ്പോള്‍

ജീവിതം ഉരുള്‍പൊട്ടുമ്പോള്‍
***************************************
ഇരുട്ടില്‍ കമ്പികള്‍ക്കിടയിലൂടെ
ആകാശം നോക്കി കിടന്നാല്‍
ഉറങ്ങിപ്പോകുമത്രേ
ഈനാശുവിന്റെ ഐഡിയ ആണത്.
ഒറ്റപ്പെടുമ്പോള്‍ നിഴല്
മാത്രമാണ് ഇവിടെ കൂട്ട്..
വെറുതെ പ്രതീക്ഷിക്കാം
ഈനാശു തിരിചെത്തുമെന്നു ..
ഇപ്പോള്‍ നിലാവിന്റെ വെട്ടത്തില്‍
എവിടെയോ ഓടിളക്കുന്നുണ്ടാകും
ആ നന്മയുള്ള കള്ളന്‍ ...
വാതിലിലൂടെ ലാത്തി കുത്തി റോന്തു ചുറ്റുന്ന
ഗാര്‍ഡിന്റെ കാലുകള്‍ക്ക് ഇടര്ച്ചയുടെ താളം
ആരോടോ പിടിച്ചു വാങ്ങി മോന്തിയ റമ്മിന്റെ രൂക്ഷ ഗന്ധം
രണ്ട് നക്ഷത്രങ്ങള്‍ എന്നെത്തന്നെ നോക്കി ചിരിക്കുന്നു
ആദ്യം വെറുപ്പ്‌ തോന്നിയത് മുത്തശിയോട്..
നക്ഷത്രങ്ങള്‍ അച്ഛനമ്മമാരാണെന്നു പറഞ്ഞു തന്നെ മുത്തശികഥകളോടും
പിന്നെ വെറുപ്പ്‌ തോന്നിയത് അമ്മയോടും...
ചോര ഉണങ്ങാത്ത കത്തി ഇപ്പോളും കയ്യിലുണ്ടേങ്കില്‍ ..
അതിലൊന്നിനെ ലക്ഷ്യം വെച്ചു എറിയാമായിരുന്നു
ഭക്ഷണപാത്രത്തില്‍ താളമടിച്ചു ആരോ സന്യാസിനി മൂളുന്നു...
അത് ശ്രദ്ധിക്കാതെ നക്ഷത്രങ്ങളോട് വിളിച്ചു പറഞ്ഞു
അമ്മെ ഞാന്‍ നിങ്ങളെയും വെറുക്കുന്നു
സെല്ലിലെ കമ്പികളില്‍ ലാത്തി കൊണ്ടുള്ള ശക്തമായ പ്രഹരം
മദ്യത്തിന്റെ മണമുള്ള ആക്രോശം
പുതപ്പിനടിയിലേക്കു ചുരുണ്ട് കയറുമ്പോള്‍
കരഞ്ഞില്ല
എന്തോ വല്ലാത്തൊരു ഉന്മാദം
നായിന്റെ മോന്‍ ..
മദ്യ ലഹരിയിലും സത്യം പറഞ്ഞ പോലീസേമ്മാന്‍
അനിയത്തിക്കുട്ടിയുടെ അടഞ്ഞ കണ്ണുകളില്‍ നിന്നും
ഒലിച്ചിറങ്ങിയ കണ്ണീരിനു ചോരയുടെ ചുവപ്പ്
ജന്മം തന്നവന്റെ കാമപ്രാന്തിന്റെ കറയാണത്
തിരിച്ചറിയാന്‍ വൈകിപ്പോയി
കെട്ടഴിച്ചു താഴെക്കിറക്കുംപോള്‍
അമ്മയുടെ ശരീരം പഞ്ഞിക്കെട്ടു പോലെയിരുന്നു
മൂടി വെക്കാന്‍ ശ്രമിച്ച രഹസ്യങ്ങളും പേറി
ദേഹം ഉപേക്ഷിച്ചു ദേഹി പോയപ്പോള്‍
അറിഞ്ഞിരുന്നുവോ ഈ മകന്‍ അച്ഛനെയും അവിടെക്കയക്കുമെന്നു
കൂട്ടിനുള്ളില്‍ ചോദ്യങ്ങള്‍ക്ക് ഒരേ ഒരുത്തരം ..
കൊന്നു ..ജനിപ്പിച്ചവനെ തന്നെ ..ഒന്നല്ല 18 കുത്ത്
18 കൊല്ലം മകനായതിന്റെ പാപം തീരാന്‍ 18 കുത്ത്
നെഞ്ചിനുള്ളില്‍ അനിയത്തി പൊട്ടിച്ചിരിച്ചു ..
ആരോ ഉള്ളിലിരുന്നു പറഞ്ഞു
ആകാശത്തിലെ പറവകള്‍ വിതക്കുന്നില്ല കൊയ്യുന്നില്ല
അവര്‍ ഗോവിന്ദച്ചാമിമാര്‍ക്ക് വക്കാലത്ത് പറയുന്നു
എനിക്കൊരു മുഴം കയറു തരൂ ...
ഒരു ദിവസത്തേക്ക് തുറന്നു വിടൂ
എനിക്കൊരു ആരാച്ചാരാകണം
ഉറക്കത്തിലെപ്പോഴോ അമ്മ വന്നു
ചെവിയിലോതി
നക്ഷത്രങ്ങളില്‍ ഒന്നു അനിയത്തിയാണെന്നു
സ്വപ്നത്തില്‍ ഞാന്‍ ഒരു ആരാച്ചാരുടെ വേഷമണിഞ്ഞു
ചുട്ടി കുത്തി പുറത്തേക്കിറങ്ങുമ്പോള്‍
പുറത്തു കുട്ടിക്കൂറയുടെ മണവുമായി
കുളിച്ചൊരുങ്ങി ആ ഒറ്റക്കയ്യന്‍
മുഖത്തേക്ക് കറുത്ത വസ്ത്രം ഇട്ടു മൂടുമ്പോള്‍
അയാളോ ഞാനോ ആരോ ഒരാള്‍ ചിരിച്ചിരുന്നു ..
മരണം ഉറപ്പായവന്റെ നിസഹായതയുടെ ചിരി
ആ ഇരുണ്ട മുറിയില്‍ നിന്നും
ആ ശരീരാവയവം മുറിച്ചെടുത്തു
ദൂരെക്കെരിയുംപോള്‍ ആരോടെന്നില്ലാതെ പറഞ്ഞു
അവിടെ സന്മനസുള്ള സ്ത്രീജനങ്ങള്‍ക്ക് സമാധാനം.

പൊട്ടിച്ചിരിച്ചു കൊണ്ട് തിരികെ
സെല്ലിലേക്ക് കയറുമ്പോള്‍..
റമ്മിന്റെ മണമുള്ള പ്രിയപ്പെട്ട
പോലീസുകാരന്‍ കൂര്‍ക്കം വലിക്കുന്നു..
എന്റെ മനസ്സില്‍ നടന്ന ഉരുള്‍ പൊട്ടല്‍ അറിയാതെ
ഞാന്‍ വീണ്ടും ഒരു കൊലപാതകം
ചെയ്തത് അറിയാതെ
ആകാശത്തിലെ പറവകള്‍
എവിടെയോ ഹാലെലൂയ പാടുന്നു ..
കൂട്ടിനു അടുത്ത സെല്ലിലെ പാത്രത്തിന്റെ താളവും


ബൈ
നിരഞ്ജന്‍ 

2013, നവംബർ 16, ശനിയാഴ്‌ച

സര്‍പ്പംപാട്ട്


                                                                      പുള്ളുവന്‍ പാടുന്ന പാട്ടിന്റെ ഈണത്തില്‍
                                                                           കോമരം തുള്ളുന്ന താളത്തിനോപ്പിച്ചു
                                                                                     തുള്ളുവാന്‍ നാഗമായ്‌
                                                                        ഞാനുമുണ്ടേ …..അപ്പുറം തുള്ളുന്ന മറുതയും
                                                                                               …പിന്നെ
ഇപ്പുറം തുള്ളുന്ന രക്ഷസും….
പേടിച്ചു ഞാനൊന്നു കണ്ണടച്ചു….
നാഗരാജാവെന്താ ആടി വരാത്തെ?
അമ്മേ ദേവി നിന്‍ തൃപ്പാദപൂജകള്‍
എല്ലാം കഴിച്ചിതാ പൂജാരി
നീയിനി കോമരമായോന്നു തുള്ളിടുമോ ?
കൂടെ നിന്‍ ദാസനാം നാഗനൊന്നാടിടട്ടെ
തെക്കേ മൂലയില്‍ ചമ്രംപടിഞ്ഞു
പുള്ളുവന്‍ പാടുന്നു നാഗഗീതം…
കൂടെ തിമിര്‍ക്കുവാന്‍ ചെണ്ടമേളം…
ശ്രീ നാഗരാജാവേ ആടിവരൂ….
ശീല്ക്കാരമാടുന്ന പാമ്പിന്‍റെ പൊത്തില്‍,
നൂറും പാലും നിവേദിച്ചു ഞാന്‍ …
നോമ്പേടുത്തോന്നായി കാപ്പും പൂണൂലും
ഒറ്റനാളത്തെക്കെന്‍ ബ്രാഹ്മണത്വം…….
കോമരമായുറഞ്ഞമ്മ വന്നു..
കൂടെ കോലമായ് വന്നതോ  നാണുമൂപ്പന്‍…
പൂക്കുല മാറ്റി ഞാനൊന്നുനോക്കി..
കരിനാഗമായി ഞാനാടിമാറി …
കത്തും വിശപ്പുമായ്‌ അഗ്നിദേവന്‍…
കൂട്ടിന്നു ശൂരനാം ഭല്‍ഗുനനും…
ഗാംഡവം ഭക്ഷിക്കാന്‍ അഗ്നിയെത്തി..
പിന്നെ മണ്ണാറിയശാല നാഗലോകം..
ആടിത്തിമിര്‍ത്തു ഞാന്‍ നാഗക്കളത്തില്‍
നാഗരാജാവിന്‍റെ കോലം തുടച്ചു ഞാന്‍..
മണ്ണാറശാലയിലെ ദൈവങ്ങളെ കണ്ടു
എന്നമ്മ വീടിന്‍റെ മുറ്റത്തുതുള്ളി ഞാന്‍…
തുള്ളിക്കുഴഞ്ഞു കളത്തില്‍ വീഴുമ്പോള്‍
ശ്രീ കൊവിലിനുള്ളില്‍ ആക്രോശം കേട്ടു…
കാണിയായ് വന്നൊരു സുന്ദരിപ്പെണ്‍കൊടി
ഉറഞ്ഞുതുള്ളി ഉടവാളുമായി …
“ആരാണ് വന്നത്? ആരാണ് വന്നത് ?
“”അമ്മയാണ് ഞാന്‍ “”
“എന്താ വന്നത്? എന്താ വന്നത് ?”
“ബ്രാഹ്മണപ്പൂജാരി മതിയെനിക്ക് “
അമ്മ മടിത്തട്ടില്‍ തളര്‍ന്നു കിടക്കുമ്പോള്‍
വെറുതെ ചോദിച്ചുപോയി ഞാന്‍..
“അമ്മേ …ദൈവങ്ങളും അയിത്തം കല്പ്പിക്കുവാന്‍ തുടങ്ങിയോ ?”

ബൈ 

2013, നവംബർ 7, വ്യാഴാഴ്‌ച

എനിക്കു തണുക്കുന്നു..


എനിക്ക് തണുക്കുന്നു 
ഞാന്‍  പറഞ്ഞിരുന്നതല്ലേ എനിക്കു തണുപ്പിനെ ഭയമാണെന്ന് 
എന്തിനാണ് എന്നെ ഈ ഇരുട്ടിലേക്ക് വിളിച്ചു കൊണ്ടു വന്നത്..?
കണ്ണുകളിലെ കള്ളം കണ്ടു പിടിക്കപ്പെടുമെന്നു 
ഭയന്നിട്ടാണോ?
അതോ ഈ ഇരുട്ടില്‍ മുഖം കാണാണ്ട്
സംസാരിക്കാനോ?

മുഖം കാണാണ്ടിരിക്കാം 
കാരണം 
നിന്‍റെ മുഖം കാണുമ്പൊള്‍ ഞാന്‍ ചിരിച്ചു പോകും 
എന്‍റെ കണ്ണുകളിലേക്കു നോക്കിയിരുന്നു
നീ പറഞ്ഞ കള്ളങ്ങളൊക്കെ ഓര്‍ക്കുമ്പോള്‍
സത്യമായും ഞാന്‍ ചിരിച്ചു പോകും 
നിന്‍റെ ഈ മുഖംമൂടി വലിച്ചുകീറി ദൂരെക്കെറിയാന്‍ കൊതിയുന്ടെനിക്ക് 
പക്ഷെ നിന്‍റെ രക്തം എന്നെ വേദനിപ്പിക്കും 

നിന്നെ വീണ്ടും  കാണുമ്പൊള്‍ ചോദിയ്ക്കാന്‍ ഉറപ്പിച്ചൊരു ചോദ്യം 
നീ എനിക്കു സമ്മാനിച്ചത്‌ പ്രണയമായിരുന്നുവോ  
അതോ നീ അതിനെ പ്രണയം എന്ന പേര് 
ചൊല്ലി വിളിച്ചതോ 
ഇതെന്റെ രക്തമാണ് ..നിനക്ക് വേണ്ടി മാത്രം 
എന്നു ഞാന്‍ എഴുതി വെചപ്പോള്‍  
ഒരു തുള്ളി ബാക്കി വെക്കാതെ നീയെന്നെ 
അത് പങ്കു വെച്ചിരുന്നു എന്നു ഞാന്‍ അറിഞ്ഞില്ല 
കഴുത്തിലെ കുരുക്കു മുറുകുമ്പോള്‍ 
ഞാന്‍ ഒന്നു ചിരിച്ചിരുന്നു 
കാരണം നീ ഒരിക്കലെങ്കിലും കരയുമെന്ന വിശ്വാസം 
നീ കരഞ്ഞിരുന്നുവോ 
ഇല്ല നീ കരഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ 
ആ കുരുക്കിനെ ശപിചെനെ 

ഇനിയുമെന്തിനു കപടതയുമായി എനിക്കു ചുറ്റും 
ഒന്നു പ്രദക്ഷിണം വെക്കാന്‍ പോലും നിനക്കറിയില്ലല്ലോ
പറഞ്ഞില്ലേ എനിക്കു തണുക്കുന്നുണ്ടെന്ന്
ഇനിയെന്നെ സ്വപ്നത്തിലേക് വിളിച്ചു വരുത്തരുത് 
ഇനി..ഞാനുറങ്ങുന്ന പെട്ടിക്കുള്ളിലേക്കു 
ചോണനുറുമ്പുകളെ  കടത്തി വിടരുത് 
അതെന്നെ അസ്വസ്ഥമാക്കും ...

ദേവദാസി എന്ന പേരാണ് കൂടുതല്‍ നിനക്ക് ചെറുക 
തെരുവില്‍ മാംസം വില്‍ക്കുന്ന ദേവദാസി യല്ല   
മാംസത്തിന്റെ കണക്കു പറയാത്ത ദേവദാസി 
പോകും മുന്‍പൊരിക്കല്‍ കൂടി പറയുന്നു 
ദയവായി എന്നെ തിരിച്ചു വിളിക്കരുത്...
കഴിയില്ലെങ്കിലും ഞാന്‍ വരാന്‍ ശ്രമിച്ചു പോകും..
കാരണം നിനക്കറിയാത്ത പ്രണയതിന്റെ അര്‍ഥം എനിക്കറിയാം 

പോസ്റ്റ്‌ ബൈ 
നീരാഞ്ജനം (സുജിത്ത് മുതുകുളം )

2013, സെപ്റ്റംബർ 30, തിങ്കളാഴ്‌ച

നിന്നോട് പറയാന്‍ മറന്നത് - 1














പിരിയാം നമുക്കിനി ..
അകലം കൂടുന്ന വഴികളിലേക്ക് 
തിരിച്ചു നടക്കാം . 
വീണ്ടും ഒരിക്കല്‍ കണ്ടു മുട്ടുവാനായി 
വീണ്ടും കാണുമ്പോള്‍ 
നിന്റെ ചുണ്ടില്‍ അതിശയം 
കലര്‍ന്നൊരു ചിരി ഞാന്‍ പ്രതീക്ഷിക്കും . 
എന്റെ കണ്ണില്‍ നോക്കുമ്പോള്‍ 
നീ ഭയപ്പെടരുത് 
അതെന്റെ തോല്‍വി ആയിരിക്കും 
നിന്റെ നെറ്റിയിലെ സിന്ദൂരത്തിന്റെ തിളക്കം 
നിറഞ്ഞ കണ്ണുകള്‍ തുളുമ്പാതെ 
അടച്ചു പിടിക്കുമ്പോഴും എന്റെ 
മനസ്സില്‍ തിളങ്ങി നില്‍ക്കണം 
ഒരു ചാറ്റലില്‍ അതോലിച്ചു നിന്റെ 
കണ്ണിലെക്കിറങ്ങാതിരിക്കാന്‍
കാവലായ്‌ കുട പിടിക്കുന്ന 
രണ്ടു കൈകള്‍ അപ്പോഴുമുണ്ടാകണം . 

നിനക്കൊരു പുഞ്ചിരി സമ്മാനിച്ചു തിരിഞ്ഞു നടക്കുന്ന 
ഈ നിമിഷങ്ങളെ നിന്റെ മറവിയുടെ താളുകളിലേക്ക് 
ചുരുണ്ട് കൂടുന്നതാണ് എനിക്കിഷ്ടം , 
ഇനി നിന്റെ ഓര്‍മകളില്‍ ഞാന്‍ ഉണ്ടാകാതെ ഇരിക്കട്ടെ 
ഒറ്റപ്പെടല്‍ ഞാന്‍ ഇഷ്ടപ്പെട്ടു തുട
ങ്ങിയിരിക്കുന്നു 
മൌനം ഒരു കാമുകിയെപ്പോലെ വീണ്ടും എന്നില്‍ നിറയുകയാണ് . 
നിന്റെ ഓര്‍മകളെ നീ തന്നെ എന്നില്‍ നിന്ന് പറിച്ചെടുക്കുക 
നിന്നോട് പറയാന്‍ ഞാന്‍ മറന്നു പോയ തെല്ലാം 
ഓര്‍മകളായി വീണ്ടും എന്നില്‍ അവശേഷിക്കാതിരിക്കാന്‍
ഉള്ള ഒരു തുറന്നു പറച്ചില്‍ ആകണം ഇത് ..

സുജിത്ത് മുതുകുളം (നീരാഞ്ജനം )

2012, ഡിസംബർ 29, ശനിയാഴ്‌ച

ലജ്ജയില്ലാത്ത പൌരുഷങ്ങള്‍
















ലജ്ജയില്ലാത്ത  പൌരുഷങ്ങള്‍ വീണ്ടും 
കാമം മൂത്ത് പൊങ്ങിപ്പഴുക്കാതിരിക്കാന്‍ 

തഴുകിത്തലോടി ഉണര്‍ത്തി അതെ 

കാന്‍സര്‍ മുറിച്ചെടുത്തു .. 

ചുവപ്പ് കോട്ടയില്‍ 

പൊതു ദര്‍ശനത്തിനു വെക്കുക 



അല്ലെങ്കില്‍ ഉറക്കിക്കിടതിയ മകള്‍ക്ക് 

കൂട്ടിനു കാമുകനെ വിളിച്ചു വരുത്തുന്ന 

അമ്മയെന്ന് പേര് വിളിക്കപ്പെടുന്നവളുടെ 

നാഫിയില്‍ ആസിഡ് ഉരുക്കിയോഴിച്ചു .. 

അവളുടെ രോദനം ലോകത്തിനെ കേള്‍പ്പിക്കുക .. 



അതിലും ഭയക്കാത്ത ലോകമുന്ടെങ്കില്‍ .. 

ഈ നാടിനെ ആ ലോകത്തിനു വിട്ടു കൊടുക്കുക .. 

എന്നിട്ട് പാടിപ്പുകഴ്ത്തിയ സ്വാതന്ത്ര്യ സമര സിദ്ധാന്തം

വലിച്ചു ദൂരേക്കെറിഞ്ഞു 

പഴയ ബ്രിട്ടീഷ്‌ അടിമത്വത്തിന്റെ 

താക്കോല്‍ സ്വയം ഏറ്റെടുക്കുക 

അല്ലെങ്കില്‍ സ്വയം നിറയൊഴിച്ചു മരിക്കുക . 



എന്റെയും നിന്റെയും ഫെസ് ബുക്ക്‌ പ്രതികരണം.. 

അഞ്ചു ലൈക് നാല് കമന്റ്‌ ആര്‍ക്കും വേണ്ടത് .. 

നിന്റെ കണ്ണുനീരും രോഷവും വേണ്ടെനിക്ക് .. 

ഒന്നുകില്‍ നീ തെരുവിലിരങ്ങുക . 

നിന്റെ അമ്മയ്ക്കും നിന്റെ പെങ്ങള്‍ക്കും വേണ്ടി .. 



അല്ലെങ്കില്‍ നീ സ്വയം ഇല്ലാതെയാകുക .. 

ലജ്ജ കൊണ്ടെന്റെ കണ്ണുകള്‍ തുടിക്കുന്നു . 

തുറക്കാതെയിരിക്കാന്‍ ആരോ എന്നോടും പറയുന്നു .. 

ഞാനും നീയും ഒന്ന് തന്നെ .. 



സ്വന്തം ആത്മരതിയുടെ ഇരുട്ടില്‍ തപ്പി തടഞ്ഞു 

സ്വയം മൂര്ധന്യതയിലെത്തി 
ആശ്വാസം കൊണ്ട് ഞാനും നീയും 



അവര്‍ പറന്നു നടക്കട്ടെ .. 

കഴുകന്മാര്‍ക്ക് നമ്മള്‍ സമ്മാനിച്ച ലോകമല്ലേ .. 

അവര്‍ ഇരകളെ തേടട്ടെ .. 



ഞാന്‍ പോസ്ടിടാം .. എന്റെ അമര്‍ഷം കാണിക്കാം 

നീ ലൈക്‌ അടിക്കൂ .. അല്ലെങ്കില്‍ അളിയാ 

നല്ലൊരു കമന്റ്‌ താ .. 

ഞാനൊന്ന് ഞെളിയട്ടെ .. 

എന്റെ പെങ്ങളുടെ മാറില്‍  

മുറിവുണ്ടാക്കിയ പല്ലുകള്‍ .. 
നമുക്ക് പോസ്റ്റ്‌ ചെയ്യാം .. 


സ്വയം മാറുക നിങ്ങള്‍ ഭരണകൂടമേ .. 

ഞങ്ങളും തുടങ്ങും അരാജകത്വത്തിന്റെ 

പുതിയ കോലങ്ങള്‍ ചമയ്ക്കും ഞങ്ങളും 

സുഭാഷിനെ ഞങ്ങള്‍ തിരികെ വിളിക്കും 

കൂട്ടിനു ഭഗത്തിനെയും .. 

പട്ടികളെപ്പോലെ കൊന്നു കൊലവിളിക്കും .. 



അന്ന് നിങ്ങള്‍ പറയരുത് ..

ഞങ്ങള്‍ തീവ്രവാദികളെന്നു .

ഒടുവില്‍ നിങ്ങള്‍ സ്രിഷ്ടിക്കേണ്ടി വരും 

ഞങ്ങളെ അവസാനിപ്പിക്കാന്‍ 

നിങ്ങള്ക്ക് പുതിയൊരു 

വ്യാജ ഏറ്റുമുട്ടല്‍ സ്രിഷ്ടിക്കേണ്ടി വരരുത് .. 



ഓര്‍ക്കുക ഭരണകൂടമേ .. 
പറഞ്ഞില്ലേ ഞങ്ങള്‍ 
ഞങ്ങള്‍ക്ക് ക്ഷമയില്ല 
ഞങ്ങള്‍ക്ക് വേണ്ടത് അതാണ്‌ 
മാറും മുലയും കാണുമ്പോള്‍ 
പൊങ്ങിയുയരുന്ന .. അമ്മയെ മറന്നവന്റെ 
പെങ്ങളെ മറന്നവന്റെ 
അവന്റെ പുരുഷത്വം .. 





നീരാഞ്ജനം (സുജിത്ത് മുതുകുളം) 






2012, ഒക്‌ടോബർ 22, തിങ്കളാഴ്‌ച

ഞാനും നീയും


















 



പ്രണയം വിരസമാണെന്ന് 
പറഞ്ഞ നിന്നോട് കൂടിയ 
എനിക്കു നീ തന്ന പേര് 
‘’കാമുകന്‍ ‘’.

ശമ്പളക്കണക്കുകള്‍ക്കു 
ജീവിതം അകന്നു നിന്നപ്പോള്‍ 
എനിക്കു നീ തന്ന പേര്  
‘’ഭര്‍ത്താവ് ‘’.

പുതിയ ബന്ധങ്ങളുടെ 
മേച്ചില്‍ പുറങ്ങളിലേക്ക് 
നീ പറന്നകന്നപ്പോള്‍ 
നീ എനിക്കു തന്ന പേര് 
 ‘’കാവല്‍കാരന്‍ ‘’.

ചാറ്റ് ബോക്സിലെ 
ഫ്രണ്ട് എന്ന പേര് വെച്ച 
ജാരന് മുന്നില്‍ 
നീ എനിക്കു തന്ന പേര് 
 ‘’ശല്യം ‘’.

പ്രസവം വേദനയെന്നു ചൊല്ലി നീ
എന്‍റെ ബീജം നിഷേധിച്ചപ്പോള്‍ 
ഞാന്‍ എനിക്ക് തീര്‍ത്ത പേര് 
‘’വേസ്റ്റ് ‘’.

ഒടുവില്‍ ഒരു ചിതയായി 
ഞാന്‍ എരിയുമ്പോള്‍
നിന്‍റെ കണ്ണുനീര്‍ തുള്ളികള്‍ 
എന്നോട് പറഞ്ഞത് 
 ‘’മാപ്പ് ‘’.

ഇപ്പോളും നിന്‍റെ സ്വപ്നങ്ങളില്‍ 
എന്‍റെ ആത്മാവുണ്ട് 
നീ തന്ന ഏതു പേരില്‍ 
വിളിച്ചാലും ഞാന്‍ കേള്‍ക്കും


post by :-
നിരഞ്ജന്‍ തംബുരു (സുജിത്ത് മുതുകുളം )

2012, സെപ്റ്റംബർ 6, വ്യാഴാഴ്‌ച

പ്രവാസിയുടെ ഓണം



ഓണക്കളി കളിയ്ക്കാന്‍
ഓണപ്പാട്ട് പാടാന്‍
ഓണത്തപ്പനെ മാടിവിളിക്കാന്‍
എന്റെ നാടിന്റെ മണം
തേടിപ്പോകണം 

എന്റെ നാടിന്റെ ഓണക്കാലത്ത്
അപ്പനുമമ്മയും കാതോര്തിരിക്കും
മണല്‍ക്കാടിന്റെ ചൂടിനെ
വലിച്ചെറിഞ്ഞു ഓണം കാണാന്‍
വരുന്ന എനിക്കായി

വര്‍ഷങ്ങള്‍ പുറകിലായി
കെട്ടി മുറുക്കിയ
ഊഞ്ഞാലിന്റെ തുഞ്ചത്തു
ഉണങ്ങിചുരുണ്ട
കവളന്‍ മടല്‍
അതിന്റെ കാത്തിരിപ്പും
എനിക്ക് വേണ്ടി

അമ്പലമുറ്റത്തു മകം നാളില്‍
അര്‍ച്ചന വിളിച്ചു ചൊല്ലുമ്പോള്‍
എന്റെ പെരുമുണ്ടാകും
ആരോ പറയുന്നുണ്ട്
അവന്‍ ഗല്ഫിലല്ലേ എന്ന് ..
അമ്മയുടെ മുഖത്ത് നിറഞ്ഞ ചിരി
എന്റെ കണ്ണില്‍ കാറ്റ്-
അടിച്ചു കേറ്റിയ മണലിന്റെ ചൂരും

ഗ്രന്ഥശാലയില്‍ കവിതാ
രചനാ മത്സരം നടക്കുന്നു..
എഴുതാന്‍ ആയിരുന്നെങ്കില്‍
ഞാനും എഴുതിയേനെ
പെറ്റമണ്ണിനെ കൊതിക്കുന്ന
പ്രവാസിയുടെ നെഞ്ചിന്റെ നൊമ്പരം

പാതാളം മറ്റൊരു പ്രവാസം
പ്രവാസി മറ്റൊരു മഹാബലി
നാടുകാണാന്‍
നാടിനെ കാണാന്‍
വര്ഷം പെയ്തു തോരുന്ന
നാളുകളില്‍
കച്ച കെട്ടി മുറുക്കി
പാല്‍പുഞ്ഞിരിയുമായി ഞാനും എത്തും
ബലി തമ്പുരാന്റെ പകിട്ടോടെ

എണ്ണി തീര്‍ക്കുന്ന ദിവസങ്ങള്‍
ഉത്രാടം തിരുവോണം അവിട്ടം ചൊല്ലി
അകന്നു പോകുന്ന ഓണക്കാലവും
ഒരു പിടിചോറ്
അമ്മയുടെ സ്നേഹം
ചിരിക്കുമ്പോളും
തീരാത്ത കടത്തിന്റെ കണക്കുകള്‍
കണ്ണിലൂടെ വിളിച്ചു പറയുന്ന അച്ഛനും

ഒടുവിലോരുനാല്‍
നമുക്കൊക്കെ എന്തോണം
എന്നൊരു ആശ്വാസ വാക്ക്
കെട്ടുമുറുക്കി വീണ്ടും തിരികെ 
പോകാന്‍ തയാറെടുപ്പുകള്‍
ഒരു വിട വാങ്ങല്‍
അടുത്ത ഓണം അടിച്ചു പൊളിക്കണം
എന്ന് കൂട്ടുകാരോടൊരു വാക്ക്
കണ്ണുനീരിലൂടെ  ചിരിക്കുന്ന അമ്മ
ഓണം ...എന്നും ഒരു ഗൃഹാതുരത
എനിക്ക്

പോസ്റ്റ്‌ ബൈ
നിരഞ്ജന്‍ തംബുരു(സുജിത്ത് മുതുകുളം )

2012, ജൂൺ 20, ബുധനാഴ്‌ച

വിഡ്ഢികളുടെ സ്വര്‍ഗ്ഗം ...


















ഇന്നലെയുടെ മുഖപടം 
ഇവിടെ കൊഴിഞ്ഞു വീഴുകയാണ് . 
ഇന്നിന്റെ നെഞ്ചില്‍ പകരം ഉദിക്കുന്നത് 
ഒരു പുതിയ സൂര്യന്‍ . 
മറവിയുടെ താളുകളിലേക്ക് 
സ്വയം വിടപറഞ്ഞു പോയ 
ഓര്‍മകളെ തിരിച്ചു പിടിക്കാന്‍ 
ഒരു പാഴ്ശ്രമം പോലും നടത്താതെ 
ഞാന്‍ ഇന്നും ഇവിടെയുണ്ട് . 

ഒറ്റപ്പെടല്‍ വേദനയാണെന്ന് 
പറഞ്ഞതാരാണ് . 
ഇവിടെ എനിക്ക് കൂട്ടായി 
ശവമജ്ഞങ്ങളുണ്ട്  
രാവില്‍ എന്നെ നോക്കി 
ചിരിക്കുന്ന കുഴിമാടങ്ങള്‍ 

ഈ രാവിലെപ്പോഴോ 
ഒരു ഞെട്ടലായി 
എന്റെ നിദ്രയ്ക്കു
ഭംഗമേല്പ്പിക്കുന്ന 
പൊട്ടിചിരികളുമായ്
ഈ നാലുകെട്ടില്‍ 
ചുറ്റി നടക്കുന്ന 
കരയാനറിയാത്ത 
പ്രേതരൂപങ്ങള്‍ .. 

ഓരോ രാവും പെയ്തു തോരുവോളം 
ഞാനവര്‍ക്ക് കാവലിരിക്കാരുണ്ട്. 
കറുപ്പ് നിറമുള്ള  കരിമ്പടം പുതച്ചു
അവരെ ചുറ്റി നടക്കുന്ന 
എന്റെ രൂപത്തെ നോക്കി 
പകല്‍ വെളിച്ചത്തില്‍ 
ശവം തീനിയെന്നു വിളിചെന്നെ 
പരിഹസിക്കുന്നവരെ ഞാന്‍ ശ്രദ്ധിക്കാറില്ല .

കാരണം 
അവരുടെ കണ്ണുകളില്‍ 
നോക്കുവാന്‍ ഭയമാനെനിക്ക്  
മനുഷ്യനെ ഭയക്കുന്ന 
മനുഷ്യക്കൊലമാണ് ഞാന്‍ 

കൊല്ലാന്‍ പഠിച്ച മനുഷ്യനെ 
കൊന്ന ശവത്തിന്റെ മാറില്‍ 
വീണ്ടും പച്ചിരുംപിന്റെ മൂര്‍ച്ച 
അറിയിച്ചു ഉന്മാദം കൊള്ളുന്നവരെ 
ഭയന്ന് തുടങ്ങിയ കാലം എനിക്ക് തന്നെ ഓര്‍മയില്ല 

ദൈവത്തിനെ കല്ലാക്കി മാറ്റിയവന്‍ 
സഹജീവന്റെ തുടിപ്പുകള്‍ക്കിടയില്‍ 
ജനനതിന്റെയും മരണത്തിന്റെയും കാലം 
കവടി നിരത്തി നിര്‍ണയിച്ചവന്‍.

നാളും നേരവും സമയവും നോക്കി 
അമ്മവയര്‍ കുത്തിക്കീറി 
ജനിപ്പിചു സ്വയം ദൈവമാകുന്നവന്‍ . 
കര്‍ക്കിടക വാവിന്റെ ആണ്ടുബലിക്കിടയില്‍  
കടാരയുടെ തിളക്കം ഭയന്ന് . 
മേഘങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്ന 
ചന്ദ്രനെ നോക്കി കണ്ണുരുട്ടി  
പിടയുന്ന ജീവനില്‍ 
പച്ചിരുമ്പിറക്കി കാലനാകുന്ന 
മറ്റൊരുവന്‍ . 

ഇവന് ഞാന്‍ എന്ത് പേര് നല്‍കണം . 
മനുഷ്യനെന്നോ കാലനെന്നോ 
അതോ ദൈവമെന്നോ .. 
അത്താഴപൂജയുടെ നിവേദ്യം കഴിച്ചിട്ട് 
ലോകത്തിനു നേരെ കണ്ണും പൊത്തി
രാവില്‍ കള്ളനെപ്പോലെ നീരാടാന്‍ 
ഇറങ്ങുന്ന കല്ലില്‍ കൊത്തിയ 
ദേവ ചൈതന്യമേ .. 

ഇവനല്ല മനുഷ്യന്‍ 
നീയാണ് മനുഷ്യന്‍ 
അവന്‍ ദൈവവും .. 
മനനം ചെയ്യാന്‍ കഴിവ് നല്‍കി 
നിന്റെ ആലയില്‍ 
നീ വാര്‍ത്തെടുത്ത 
ഉത്കൃഷ്ടമായ സൃഷ്ടി . 
സൃഷ്ടിയില്‍ പതിച്ച 
സൂര്യകിരണങ്ങള്‍ 
തിരികെ പ്രതിഭലിച്ചു
സൂര്യന് വസൂരിക്കുത്തുകള്‍ 
നല്‍കുന്നു .. 

ശ്രീകോവില്‍ ചെര്‍ത്തടച്ച്  
കള്ളയുറക്കം നടിച്ചു 
നീ ഇരുന്നോളൂ ... 
പക്ഷെ ഞാന്‍ എല്ലാം കാണുന്നുണ്ട് .. 
എന്റെ ശവക്കൂനയിലെ രോദനം 
ഞാന്‍ കേള്‍ക്കുന്നുമുണ്ട് . 

പക്ഷെ ...
പുറത്തേക്കു ഞാനില്ല 
നിന്റെ ലോകം എനിക്കന്യമാണ് 
ഇതാണെന്റെ ലോകം 
ഇവിടെ ഞാനാണ് രാജാവ് .. 
നിങ്ങള്‍ കൊയ്തെടുത്ത 
തലയോട്ടികള്‍ എനിക്ക് തലപ്പാവുകള്‍ .. 
നിങ്ങള്‍ കടിച്ചു വലിച്ചെറിഞ്ഞ 
എല്ലിന്‍ കഷ്ണങ്ങള്‍ 
എനിക്കുള്ള ഹാരങ്ങളും ..

രാവില്‍ നൃത്തം ചെയ്യുന്ന ആത്മാക്കള്‍ 
എന്റെ പ്രജകളും .. 
ഇവിടെ നില്‍ക്കാം ഞാന്‍ 
നിങ്ങളെ കാണാത്ത പടി .. 
ഓരോ രാവും പുലരുമ്പോള്‍ 
ഇവിടെ വന്നെത്തുന്ന 
ഓരോ ശവവും 
എന്നോട് പറയാറുണ്ട്.. 
തിരിഞ്ഞു നോക്കരുത് 
ഭയന്ന് പോകുമെന്ന് .. 
ഈ രാവിന്റെ പുസ്തകവും 
ഞാന്‍ അടയ്ക്കുകയാണ് ..
സ്വയം മറക്കുകയാണ് 
നാളെ പുലരുമ്പോള്‍ കൂട്ടായി 
അടുത്ത മഞ്ജമെത്തും.. 
പുതിയോരുവന്റെ ശവമന്ജം . 
ദേഹം ഉപേക്ഷിച്ചു മാറി നില്‍ക്കുന്ന 
ദേഹിയെ കാണുവാന്‍ കഴിയുന്ന 
ഈ ശവക്കൂനയിലെ ഞാനെന്ന 
രാജാവ് അധികാരത്തോടെ അവനോടു 
ചോദിക്കും .. 

എത്ര വെട്ടു കിട്ടി .. 
അമ്പതോ .. നൂറോ .. 
പരസ്പരം നോക്കി 
ഞങ്ങള്‍ പൊട്ടിച്ചിരിക്കും 
തിരിഞ്ഞു നോക്കി പരിഹസിക്കും 

ഹഹഹഹ് വിഡ്ഢികളുടെ സ്വര്‍ഗമേ ... 
കോമരങ്ങള്‍ തുള്ളുന്നത് നിങ്ങള്‍ 
കാണുന്നില്ലേ .. 
നിങ്ങളുടെ സമയം ഇതാ വരുന്നു 

നീരാഞ്ജനം(സുജിത്ത് മുതുകുളം)